മൺസൂൺ കഴിഞ്ഞു. ഇനി മഞ്ഞുകാലമാണ്. തണുപ്പുകാലത്ത് മിക്കവരും നേരിടുന്ന പ്രശ്നങ്ങളാണ് വരണ്ട ചർമവും വിളറിയ ചുണ്ടുകളും. ഈ സീസണിൽ ചർമം കൂടുതൽ വരണ്ടതാകുന്നതിനാഷ നന്നായി മോയ്സ്ചറൈസ് ചെയ്യേണ്ടതും അത്യാവശ്യമാണ്. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നതും പൊടിയും മറ്റും നമ്മുടെ ത്വക്കിനെയും ബാധിക്കുന്നുണ്ട്.
പകൽ സമയങ്ങളിൽ ത്വക്കിലെ സൂക്ഷ്മദ്വാരങ്ങളിലൂടെ കടക്കുന്ന പൊടിപടലങ്ങളും സൂര്യ രശ്മിയുമൊക്കെ രാത്രി ചെയ്യുന്ന കുറച്ച് പരിചരണത്തിലൂടെ ഒഴിവാക്കാനാകും. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ശൈത്യകാലത്ത് ചർമത്തിന് എങ്ങനെ ആരോഗ്യം നൽകാമെന്നത് പരിശോധിക്കാം.
തേൻ
കുടിയ്ക്കാൻ മാത്രമല്ല, സൗന്ദര്യപരിപാലനത്തിനും ഉത്തമ ഉപാധിയാണ് തേൻ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ ഘടകങ്ങൾ ചർമത്തിനെ ഒരു സംരക്ഷണ കവചമാക്കി പ്രവർത്തിക്കുന്നു. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണങ്ങിയ മുഖത്ത് തേൻ പുരട്ടുക.
ഇത് ഉണങ്ങി കഴിയുമ്പോൾ കുറച്ചു വെള്ളം കൊണ്ട് തടവി മുഖം ചെറുതായൊന്ന് മസ്സാജ് ചെയ്ത് കൊടുക്കാം. ഇരുപത് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. ഇതിന് ശേഷം ഒരു നൈറ്റ് ക്രീം മുഖത്ത് പുരട്ടി കൊടുക്കാം.
വെളിച്ചണ്ണ
വരണ്ട ചർമത്തിന് വെളിച്ചണ്ണയേക്കാൾ ഉത്തമമായ പ്രതിവിധിയില്ലെന്ന് എല്ലാവർക്കും അറിയാം. വെളിച്ചെണ്ണ അല്ലെങ്കിൽ അലോവേര ജെല്ല് മുഖത്ത് തേച്ചുപിടിപ്പിച്ച് മസ്സാജ് ചെയ്യുക. കുറച്ചു കഴിഞ്ഞ് ചെറിയ ചുടുവെള്ളത്തിൽ മുഖം കഴുകാം.
ചർമത്തിന് എണ്ണമയം ഉണ്ടാകുമെന്നത് മാത്രമല്ല, മുഖം കൂടുതൽ മൃദുവാകാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. മുഖത്ത് മാത്രമല്ല, ശരീരത്തിൽ വെളിച്ചണ്ണ തേച്ച് 15-30 മിനിറ്റുകൾക്ക് ശേഷം കുളിയിക്കുന്നത് ത്വക്കിന് ഗുണം ചെയ്യും.
പാൽ
പാലിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് നല്ലൊരു ക്ലെൻസർ ഏജന്റ് ആയി പ്രവർത്തിക്കുന്നു. രാത്രിയിൽ പാൽ അടങ്ങിയ നല്ലൊരു ക്ലെൻസർ മുഖത്ത് തേച്ചു പിടിപ്പിക്കുക. ഉറങ്ങുന്നതിന് മുൻപ് ഈ ശീലം തുടരുന്നത്, മുഖത്തെ അഴുക്ക് വൃത്തിയാക്കുന്നതിനും, മുഖത്തെ മാർദവമുള്ളതാക്കുന്നതിനും സഹായിക്കും.
റോസ് വാട്ടർ
ത്വക്കിന് മികച്ച രീതിയിൽ പ്രയോജനം ചെയ്യുന്നതാണ് റോസ് വാട്ടർ. ഒരു കോട്ടൺ പാഡിൽ റോസ് വാട്ടർ ഒപ്പിയെടുത്ത് രാത്രിയിൽ മുഖത്ത് ഒപ്പുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളം കൊണ്ടു കഴുകുക. ചർമത്തിന് തിളക്കം നൽകുന്നതിനും വൃത്തിയുള്ളതാക്കാനും ഇത് പ്രയോജനം ചെയ്യും.
ചർമം ഇടക്ക് സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്. ഇതിനായി ഓട്സ്, കാപ്പിപ്പൊടി എന്നിവ വെളിച്ചെണ്ണയിലോ പാലിലോ ചേർത്ത് ആ മിശ്രിതം സ്ക്രബ്ബ് ആക്കി ഉപയോഗിക്കാം.
തണുപ്പ് കാലത്ത് പരമാവധി സോപ്പിന്റെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. പകരം ബോഡി വാഷ് പോലുള്ള എന്തെങ്കിലും ഉപയോഗിക്കാം.
വരണ്ട കാലാവസ്ഥയ്ക്ക് ഫേസ് മാസ്ക്
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഫേസ് മാസ്ക് പുരട്ടുന്നത് ഫലപ്രദമാണ്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഫേസ് മാസ്ക് തയ്യാറാക്കാം. ഇതിനായി വാഴപ്പഴം ഉടച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും തൈരും ചേർക്കുക. ശേഷം കുറച്ച് ബദാം ഓയിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
ഈ മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിന് ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക. ഫേസ് മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാൽ മുഖത്ത് മോയിസ്ചറൈസർ തേയ്ക്കാൻ മറക്കരുത്.
Share your comments