പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം (Mango fruit) അറിയപ്പെടുന്നത്. സ്വാദിൽ കെങ്കേമനായ മാമ്പഴം വേനൽക്കാലത്ത് ആളുകൾക്ക് ചൂടിൽ നിന്ന് മികച്ച ആശ്വാസം നൽകുന്നു. എന്നാൽ, പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ, മാമ്പഴം ശരീരഭാരം കൂട്ടുന്നുണ്ടോ, ദഹനത്തിന് നല്ലതാണോ, എപ്പോഴൊക്കെ മാമ്പഴം കഴിക്കാം, എപ്പോൾ കഴിക്കരുത് എന്നിങ്ങനെ നിരവധി സംശയങ്ങളും ഊഹാപോഹങ്ങളും ഈ സ്വർഗീയ മാമ്പഴത്തെ കുറിച്ച് ആളുകൾക്ക് ഉണ്ട്. മാമ്പഴം കഴിയ്ക്കാൻ അനുയോജ്യമായ സമയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയാം.
അതായത്, അത്താഴത്തിനൊപ്പമോ അത്താഴത്തിന് ശേഷമോ മാമ്പഴം കഴിക്കുന്നത് ശരിയാണോ എന്നതിൽ നിങ്ങൾക്ക് വ്യക്തതയുണ്ടോ? ഈ സമയം മാമ്പഴം കഴിയ്ക്കാമോ എന്നും അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കാം.
അത്താഴത്തിൽ മാമ്പഴം ഉൾപ്പെടുത്തിയാൽ... (If you include mangoes in your dinner...)
-
കലോറി ഉപഭോഗം
ഒരു സാധാരണ വലിപ്പമുള്ള മാമ്പഴത്തിൽ ഏകദേശം 150 കലോറി അടങ്ങിയിട്ടുണ്ട്. രാത്രിയിൽ മാമ്പഴം കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ കലോറി പലമടങ്ങ് വർധിക്കും. രാത്രിയിൽ കലോറി കൂടിയ ആഹാരം പൊതുവെ ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതനുസരിച്ച് മാമ്പഴം രാത്രി വൈകി കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. പകരം പകൽ സമയങ്ങളിൽ കഴിയ്ക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം
-
ചർമത്തിനെ ബാധിക്കും
രാത്രിയിൽ മാമ്പഴം കഴിച്ചാൽ അത് ശരീരത്തിന് കുളിർമ നൽകും. എന്നാൽ അമിതമായി രാത്രി സമയങ്ങളിൽ മാമ്പഴം കഴിയ്ക്കുകയാണെങ്കിൽ അത് മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കാം. മാത്രമല്ല മുഖക്കുരു ഉള്ളവർ മാമ്പഴം കഴിക്കുകയാണെങ്കിൽ അത് കൂടുതൽ വഷളാകാം.
-
പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു
പ്രമേഹ പ്രശ്‌നമുള്ളവർ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ. ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ മാമ്പഴത്തിന് കഴിയും.
-
ശരീരഭാരം വർധിക്കും
ശരീരഭാരം കൂട്ടാനും മാമ്പഴം കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പ് നൽകുന്നതിന് മാമ്പഴത്തിന് സാധിക്കും. നിങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിനായി പരിശ്രമിക്കുന്നവരാണെങ്കിൽ രാത്രിയിൽ മാമ്പഴം കഴിക്കുന്നത് വിപരീതഫലം നൽകും.
-
ദഹനപ്രശ്നങ്ങൾ
രാത്രിയിൽ മാമ്പഴം കഴിച്ചാൽ ദഹനപ്രശ്‌നം നേരിടാം. ഉച്ചഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. എന്നാൽ, രാത്രി സമയങ്ങളിൽ മാമ്പഴം പ്രശ്നമാകും. ഇത് ശരീരത്തിന്റെ ഊഷ്മാവ് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ഇതുകൂടാതെ, മാമ്പഴം കഴിച്ച ഉടൻ ചില പാനീയങ്ങളും ആഹാരങ്ങളും കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അതായത്, മാമ്പഴം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കൂടാതെ, മാമ്പഴം കഴിച്ചതിനുശേഷം കയ്പക്ക ഒരിക്കലും കഴിക്കരുത്. ഇത് ഓക്കാനം, ഛർദ്ദി, ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അതുപോലെ തന്നെ തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടും.
ബന്ധപ്പെട്ട വാർത്തകൾ: അത്താഴം കഴിയ്ക്കാതിരുന്നാൽ വണ്ണം കുറയുമോ?
എരിവുള്ള ഭക്ഷണം മാമ്പഴം കഴിച്ചതിന് ശേഷം കഴിയ്ക്കുന്നതും നല്ലതല്ല. തണുത്ത പാനീയങ്ങൾക്കൊപ്പം മാമ്പഴം കഴിക്കുന്നതും ദോഷകരമാണെന്ന് ചില പഠനങ്ങളിൽ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ മാമ്പഴം കഴിച്ച ശേഷം ഈ ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക.
Share your comments