ദിവസവും കുളിയ്ക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ കുളിയിലും കാര്യമായ ശ്രദ്ധ കൊടുക്കണമെന്നത് പലർക്കുമറിയില്ല. ചർമത്തിന്റെ ആരോഗ്യത്തിന് എത്ര തവണ കുളിക്കണം എന്നതും, എപ്പോൾ കുളിക്കണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാരം കഴിച്ചു കഴിഞ്ഞ് കുളിയ്ക്കുന്നവരും, വ്യായാമം കഴിഞ്ഞ് ഉടനടി ഒരു കുളി പാസാക്കുന്നവരും ആരോഗ്യത്തിന്റെ കാര്യത്തിൽ കുറച്ചു കൂടി ഒന്ന് മാറി ചിന്തിക്കണം.
അതിനാൽ തന്നെ കുളിയ്ക്കുമ്പോൾ നാം വരുത്തുന്ന ചില അശ്രദ്ധകൾ തിരിച്ചറിഞ്ഞ് ആരോഗ്യപരിപാലനത്തിനായി അവ ഒഴിവാക്കേണ്ടതുണ്ട്.
-
ദൈർഘ്യമേറിയ കുളി
നന്നായി കുളിയ്ക്കാൻ കുറേ നേരം കുളിച്ചാൽ മതി എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. എന്നാൽ, ദീർഘസമയം കുളിയ്ക്കുന്നത് ചർമത്തിന് ഹാനികരമാണ്. വരണ്ട ചർമമുള്ളവർ കുളിയുടെ ദൈർഘ്യം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഏറ്റവും മികച്ച കുളിയ്ക്കുള്ള സമയം 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ്. -
ഒരു ദിവസം എത്ര കുളിയ്ക്കാം
ദിവസവും രണ്ട് നേരം കുളിയ്ക്കണമെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇത് ശരിയാണോ? ഇടയ്ക്കിടെയുള്ള കുളി ചർമത്തിന്, പ്രത്യേകിച്ച് വരണ്ട ചർമത്തിന് ദോഷം ചെയ്യും. കൂടുതൽ കുളിയ്ക്കുന്നത് ചർമത്തിന്റെ എണ്ണമയം നഷ്ടപ്പെടാൻ കാരണമാകുന്നു. ത്വക്കിലെ ഉപരിതലത്തിലുള്ള ഗുണപരമായ ബാക്ടീരിയകൾ നശിച്ച്, ചർമം വിണ്ടുകീറുന്നതിനും ഇത് വഴിവയ്ക്കും.
അതിനാൽ പരമാവധി രണ്ടു തവണ കുളിയ്ക്കുന്നതാണ് നല്ലത്. എന്നാൽ, ശരീരത്തിനുള്ളിലേക്ക് അണുക്കൾ കടക്കാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വായ്നാറ്റത്തിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്; പാർശ്വഫലമില്ലാത്ത 8 നാട്ടുവിദ്യകൾ
-
രാത്രി കുളിയ്ക്കാം
എവിടെയെങ്കിലും പുറപ്പെടുന്നതിന് മുൻപോ, അല്ലെങ്കിൽ ഫ്രഷ് ആയി ഒരു ദിവസം തുടങ്ങുന്നതിനോ രാവിലെ കുളിയ്ക്കുന്നതാണ് പലർക്കും ശീലം. എന്നാൽ, ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നത് ഗുണകരമാണെന്ന് പലർക്കും അറിയില്ല. ഇങ്ങനെ 10 മിനിട്ട് കുളിച്ചാൽ സുഗമമായ ഉറക്കത്തിന് സഹായിക്കും. ശരീരത്തിൽ പൊടിപടലങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് നീക്കം ചെയ്യുന്നു.
-
ഐസ് വെള്ളമോ, കൊടും ചൂടോ?
ഇപ്പോൾ ശൈത്യകാലമാണ്. പൊതുവേ വെള്ളവും നല്ല ഐസ് പോലെ തണുത്തതാണ്. ഇങ്ങനെ തണുത്ത് മരവിച്ച വെള്ളത്തിൽ കുളിക്കുന്നതോ, നേരെ മറിച്ച് തിളപ്പിച്ച ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നതോ നല്ലതല്ല. ഇത് ചർമം വരണ്ടതാക്കുമെന്ന് മാത്രമല്ല, ചൊറിച്ചിലിനും ഇടയാക്കും. അതിനാൽ മിതമായ ചൂടുള്ള വെള്ളമാണ് ഉത്തമം. -
അധികം അണുനാശിനികൾ വേണ്ട
കുളിയ്ക്കുന്ന വെള്ളത്തിൽ അണുനാശിനി എപ്പോഴും ഒഴിയ്ക്കുന്നത് ചർമത്തെ മോശമായി ബാധിക്കുന്നു. കോവിഡ് കൂടി വന്നതോടെ പരസ്യങ്ങളിൽ കാണുന്നത് പോലെ അനുകരിച്ച് കൂടുതൽ കൃത്രിമ വസ്തുക്കൾ നമ്മൾ കുളിയ്ക്കുമ്പോൾ ഉപയോഗിക്കാൻ തുടങ്ങിയേക്കാം. എന്നാൽ, മിക്ക അണുക്കളെയും ചെറുക്കാൻ നിത്യേന ഉപയോഗിക്കുന്ന സോപ്പ് തന്നെ ധാരാളം.
Share your comments