വേനൽക്കാലത്ത് വിയർപ്പും അഴുക്കും ചേർന്ന് ചർമ്മവും മുടിയുമെല്ലാം വൃത്തിഹീനമാകാനുള്ള സാധ്യതയേറെയാണ്. മുടിയും ചർമ്മവുമൊക്കെ വെയിലേറ്റ് സ്വാഭാവിക ഭംഗി നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. വേനൽക്കാലത്ത് മുടികൊഴിച്ചിൽ, താരൻ, വരണ്ട മുടി പോലെ നിരവധി പ്രശ്നങ്ങളും അലട്ടാം. അതിനാൽ ഇക്കാലത്ത് മുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. അതിനായി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
- മുടി എപ്പോഴും തണുത്ത വെള്ളത്തിൽ മാത്രം കഴുകുക. കാരണം മുടി ചൂട് വെള്ളത്തിൽ കഴുകുന്നത് മുടിയിലെ ഈർപ്പത്തിനെ വലിച്ചെടുക്കാൻ കാരണമാകും. ഇതിലൂടെ മുടിയുടെ ക്യൂട്ടികൾ തുറക്കുകയും ചെയ്യുന്നു. വരണ്ട മുടിയുള്ളവരാണെങ്കിൽ വീണ്ടും ചൂട് വെള്ളത്തിൽ കുളിക്കുന്നത് അവരുടെ മുടിയെ കൂടുതൽ ഡ്രൈയാക്കും.
- ഷാംപൂ കൂടുതലായി ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ആഴ്ച്ചയിൽ 2-3 തവണ ഷാംപു കൊണ്ട് കഴുകാം. ബാക്കിയുള്ള ദിവസങ്ങളിൽ ഷാംപൂ ഉപയോഗിക്കാതെ പകരം വെള്ളം മാത്രം ഉപയോഗിച്ച് മുടി കഴുകുന്നതായിരിക്കും ഉത്തമം. അങ്ങനെ ചെയ്യുന്നത് വഴി മുടിയിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന എണ്ണകളും പ്രോട്ടീനുകളും നഷ്ടപെടുന്നത് ഒഴിവാക്കാനും മുടിയുടെ ഭംഗി നിലനിർത്താനും സാധിക്കുന്നു.
- വേനൽ കാലത്ത് മുടിയ്ക്ക് ആവശ്യം ലീവ് ഇൻ കണ്ടിഷൻറുകൾ ആണ്. മുടിയുടെ ഭംഗി നിലനിർത്തുന്നതിനോട് ഒപ്പം അന്തിരീക്ഷത്തിലെ പൊടിയിൽ നിന്നും അഴുക്കിൽ നിന്നും അതുപോലെ ചൂടിൽ നിന്നും ഒക്കെ സംരക്ഷിക്കാൻ ലീവ് ഇൻ കണ്ടീഷണറുകൾ വളരെയധികം സഹായിക്കും.
- വേനൽ കാലത്ത് മുടി സ്റ്റൈലിങ് കൂടുതൽ ചെയ്യാതിരിക്കുകയാണ് നല്ലത്. കാരണം സ്റ്റൈലിങ് ചെയ്യുമ്പോൾ മുടിയിൽ അധികമായി ചൂടേൽപ്പിക്കുന്നു. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയ്ക്ക് പുറമെ വീണ്ടും ഇത്തരം ചൂട് കൂടുതലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വീണ്ടും നശിപ്പിക്കും.
- ആഴ്ചയിൽ ഒരിക്കൽ എങ്കിലും തലയിൽ നന്നായി എണ്ണ തേച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ഇത് സഹായിക്കും. കെമിക്കൽ ട്രീട്മെന്റുകളും ഹെയർ കളറിങ്ങും വേനൽ കാലത്ത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായിട്ടായിരിക്കും ബാധിക്കുന്നത്. അതുകൊണ്ട് അത് ഒഴിവാക്കാൻ ശ്രമിക്കുക.
ഭക്ഷണ രീതികൾ എത്രത്തോളം നല്ലതാണോ അത്രയും മുടിയുടെ ആരോഗ്യവും ഭംഗിയും കൂടുമെന്നാണ് പറയപ്പെടുന്നത്. ചർമ്മത്തിനെയും മുടിയെയും കൂടുതൽ കാലം ചെറുപ്പമായി നിലനിർത്താൻ നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മധുര പലഹാരങ്ങൾ കഴിക്കുന്നത് പരമാവധി കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതും ഏറെ പ്രധാനമാണ്. മുടിയുടെ വളർച്ചയിൽ പ്രോട്ടീന് വലിയൊരു പങ്കുണ്ട്. ഡയറ്റിൽ ധാരാളം പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
Share your comments