ഭക്ഷണപ്രിയരാവണമെന്നില്ല, മനസിനെ ഉന്മേഷത്തിലാക്കാൻ സമ്മർദമുള്ളപ്പോഴും മറ്റും ലഘുഭക്ഷണങ്ങൾ കഴിച്ചാൽ മതി. എങ്കിലും നിങ്ങളുടെ വിഷമവും സങ്കടവും മാറ്റാനും സന്തോഷിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ടെന്ന് ഏതാനും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇവ ഏതെല്ലാമെന്ന് നോക്കാം.
-
ഡാർക് ചോക്ലേറ്റ് (Dark chocolate)
ഡാർക് ചോക്ലേറ്റ് ഒരാളുടെ മാനസികാവസ്ഥയെ ഗുണപരമായി ബാധിക്കുമെന്ന് പറയുന്നു. ചോക്ലേറ്റിൽ മൂന്ന് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു. ഇത് മനസിനെ സന്തോഷിപ്പിക്കുന്നതിന് സഹായിക്കും.
ട്രിപ്റ്റോഫാൻ, തിയോബ്രോമിൻ, ഫെനൈലെതൈലാലനൈൻ എന്നിവയാണ് ഈ മൂന്ന് ഘടകങ്ങൾ. സെറോടോണിൻ ഉത്പാദിപ്പിക്കാൻ തലച്ചോറ് ഉപയോഗിക്കുന്ന ഒരു അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ തിയോബ്രോമിൻ സഹായിക്കുന്നു. അതേസമയം, ഡോപാമൈൻ ഉൽപാദിപ്പിക്കാൻ ശരീരം ഉപയോഗിക്കുന്ന മറ്റൊരു അമിനോ ആസിഡാണ് ഫെനൈലിതൈലാലനൈൻ.
-
നാളികേരം (Coconut)
കേരളീയരുടെ മിക്ക ഭക്ഷണ വിഭവങ്ങളിലും നാളീകേരമുണ്ട്. തേങ്ങയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCT) അടങ്ങിയിട്ടുണ്ട്. ഇത് ഊർജം വർധിപ്പിക്കാൻ സഹായിക്കും. 2017ലെ ഒരു പഠനം പറയുന്നത് അനുസരിച്ച് തേങ്ങാപ്പാലിൽ നിന്നുള്ള MCTകൾ ഉത്കണ്ഠ കുറയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തിനും കൊളസ്ട്രോളിനുമുള്ള മറുപടി ചാമ്പയ്ക്കയിലുണ്ട്…
-
വാഴപ്പഴം (Banana)
മൂഡ് ഓഫ് സമയത്ത് ഒരു വാഴപ്പഴം കഴിച്ചാൽ മതിയെന്നാണ് പഠനങ്ങൾ പറയുന്നത്. വാഴപ്പഴത്തിൽ സെറോടോണിൻ അടങ്ങിയിട്ടുണ്ട്. ഇതിന് മസ്തിഷ്കത്തിലെ രക്തതടസ്സം മറികടക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും നിങ്ങളുടെ മാനസികാവസ്ഥയെ പരോക്ഷമായ രീതിയിൽ നിയന്ത്രിക്കുന്നതിൽ വാഴപ്പഴത്തിന് നിർണായക പങ്കുണ്ട്. വാഴപ്പഴത്തിലൂടെ ലഭിക്കുന്ന വിറ്റാമിൻ ബി 6
ശരീരത്തിൽ സെറോടോണിൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ഇതുകൂടാതെ, ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിൽ 0.4 മില്ലിഗ്രാം വരെ വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്.
-
കാപ്പി (Coffee)
മനസിന് ഉന്മേഷം നൽകാൻ ഒരു കപ്പ് കോഫിയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല. 2016ലെ ഒരു വിശകലന റിപ്പോർട്ടിൽ കാപ്പി ഉപഭോഗം വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
-
അവോക്കാഡോ (Avocado)
വില കൂടുതലായ അവോക്കാഡോ പോഷക സമൃദ്ധമായ ഫലമാണെന്നത് എല്ലാവർക്കുമറിയാം. അവോക്കാഡോകൾ കഴിക്കുന്നതും നമ്മെ കൂടുതൽ സന്തോഷിപ്പിക്കുന്നു. ഈ പഴത്തിൽ കോളിൻ ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ നാഡീവ്യവസ്ഥയെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ സ്ത്രീകളിലെ ഉത്കണ്ഠ കുറയ്ക്കുന്നുവെന്ന് 2020ലെ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ ബി സമ്മർദത്തിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
-
സരസഫലങ്ങൾ (Berries)
2016ലെ ഒരു പഠനത്തിൽ പറയുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ്. ഇതിൽ തന്നെ പ്രത്യേകിച്ച് എടുത്തുപറയേണ്ടതാണ് ബെറികൾ. ഫ്ലെവനോയിഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് സരസ ഫലങ്ങൾ (Berries). ഇത് വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കും. ബ്ലൂബെറി പോലുള്ള സരസ ഫലങ്ങൾ ഭക്ഷണശൈലിയിലേക്ക് ഉൾപ്പെടുത്തുകയാണെങ്കിൽ അത് ബുദ്ധിയ്ക്കും ചിന്താശേഷിയ്ക്കും കൂടുതൽ ഗുണം ചെയ്യും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments