എന്താണ് ടെറേറിയം? പല രൂപത്തിലുള്ള ചില്ലു കൂട്ടിലടച്ച ചെറിയ വനങ്ങളാണിവ. ഇൻഡോർ ഡിസൈനിംഗിൽ പുതുമ തേടുന്ന ആളുകളുടെ മുന്നിലേക്ക് പുതിയ സാധ്യതകൾ തുറന്നു തരികയാണ് ജിൻസി ജുബിൻ ജേക്കബ് എന്ന സംരംഭക. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശിയാണ് ജിൻസി. ചെറുവനങ്ങളുടെ ഒരു വലിയ കൂടാരമാണ് ഇപ്പോൾ ജിൻസിയുടെ വീട്.
കൂടുതൽ വാർത്തകൾ: 2,000 രൂപ നോട്ട് മാറാൻ സ്വർണം വാങ്ങാം; തിരിച്ചറിയൽ രേഖകളില്ലാതെ എത്ര പവൻ കിട്ടും?
വലുതും, ചെറുതും, നീളമുള്ളതും, ഉരുണ്ടതുമായ ആകൃതികളിൽ വളരെ ആകർഷണീയമായ നിരവധി ചില്ലുകൂടുകൾ ഇവിടെയുണ്ട്. കാണുന്ന പോലെ സിമ്പിളല്ല ടെറേറിയത്തിന്റെ നിർമാണം. ഗ്ലാസ് മുതൽ ചെടികൾ വരെ അതിൽ ഉപയോഗിക്കുന്ന ഓരോ സാമഗ്രികളും കണ്ടെത്തി വാങ്ങുന്നത് വളരെ പ്രയാസമാണെന്ന് ജിൻസി പറയുന്നു. ടെറേറിയം നിർമാണം, സാധ്യതകൾ, വിപണി എന്നിങ്ങനെ കൂടുതൽ വിവരങ്ങൾ ജിൻസി പങ്കുവയ്ക്കുന്നു.
1. പ്രൊഫഷനേക്കാളും വ്യത്യസ്തമായ ഈ ഐഡിയ എങ്ങനെ കണ്ടെത്തി?
ഞാൻ 15 വർഷം നഴ്സ് ആയി ജോലി ചെയ്തു. പഠിക്കുന്ന സമയത്തും ചെടികളോട് വലിയ ഇഷ്ടമായിരുന്നു. കൊവിഡ് സമയത്ത് 6 മാസത്തോളം വീട്ടിൽ തന്നെ നിൽക്കേണ്ടി വന്നു. ആ സമയത്താണ് ചെടി പരിപാലനത്തിലേക്ക് താൽപര്യം വരുന്നത്. അങ്ങനെ ഔട്ട്ഡോറിലും ഇൻഡോറിലും ചെടികൾ സെറ്റ് ചെയ്തു. വെറുമൊരു ഗാർഡൻ എന്നല്ലാതെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ് ടെറേറിയം എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്.
എന്നാൽ മോസ് ഉപയോഗിച്ച് മൊസേറിയം എന്ന രീതിയിലാണ് ആദ്യം നിർമിച്ച് തുടങ്ങിയത്. എന്നാൽ 2 മാസത്തിന് ശേഷം തിരിച്ച് സൗദിയിലേക്ക് മടങ്ങി. പരിപാലനത്തെ കുറിച്ച് ആ സമയത്ത് വലിയ അറിവ് ഇല്ലായിരുന്നു. അതുകൊണ്ട് വീട്ടിൽ വച്ച് നിർമിച്ച മൊസേറിയം നശിച്ചു പോയി. അപ്പോൾ മുതൽ കൂടുതലായി വായിക്കാനും അറിയാനും തുടങ്ങി. ജോലിയോടൊപ്പം ഹോബിയാക്കി. പിന്നെ നാട്ടിലെത്തിയ ശേഷം സീരിയസായി തന്നെ ടെറേറിയം നിർമിക്കാൻ തുടങ്ങി.
2. എങ്ങനെയാണ് ടെറേറിയം നിർമിക്കാൻ പഠിച്ചത്?
ടെറേറിയം നിർമാണത്തെ കുറിച്ച് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം പഠിക്കാൻ ഒരിക്കലും സാധിക്കില്ല. ശ്രമിക്കുന്തോറും പുതിയ അറിവുകൾ കിട്ടി തുടങ്ങും. പഠിച്ചു തുടങ്ങിയത് ഓൺലൈൻ ആയാണ്. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും പിന്നീട് ചെടികൾ സർവൈവ് ചെയ്യാൻ തുടങ്ങി. മൂന്ന് വർഷമായി ടെറേറിയം നിർമിക്കുന്നു.
3. എത്ര തരം ടെറേറിയം ഉണ്ട്?
നാട്ടിൽ വന്നതിനുശേഷം 150ഓളം ടെറേറിയം നിർമിച്ചു. ടെറേറിയം പ്രധാനമായും രണ്ട് തരമുണ്ട്. ക്ലോസ്ഡ് ടെറേറിയവും ഓപ്പൺ ടെറേറിയവും. ഞാൻ കൂടുതലും ചെയ്യുന്നത് ക്ലോസ്ഡ് ആണ്. ഇതിൽ ഉപയോഗിക്കുന്ന ചെടികൾ വ്യത്യസ്തമാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ചിലപ്പോൾ നിർമിക്കേണ്ടി വരും. പല നിറത്തിലും വിവിധ ചെടികൾ ഉപയോഗിച്ചും. എന്നാൽ എനിക്ക് എപ്പോഴും പച്ച നിറമാണ് ഇഷ്ടം.
4. ഒരു ടെറേറിയം നിർമിക്കാൻ എത്ര സമയം ആവശ്യമാണ്?
15-20 മിനിട്ട് മതി ഒരെണ്ണം നിർമിക്കാൻ. ഡിസൈനിംഗിന് കുറച്ചുകൂടി സമയം എടുക്കും.
5. ചെടികൾ എവിടെ നിന്നാണ് ശേഖരിക്കുന്നത്?
കൂടുതൽ ചെടികളും നഴ്സറികളിൽ നിന്നാണ് വാങ്ങുന്നത്. പിന്നെ പ്ലാന്റേഴ്സിനെ കണ്ടുപിടിച്ച് വാങ്ങാനും ശ്രമിക്കാറുണ്ട്. ഈർപ്പത്തിലും പരമിതമായ വെളിച്ചത്തിലും ചേർന്ന് വളരുന്ന ചെടികളാണ് ടെറേറിയത്തിന് ആവശ്യം.
6. ചെലവിനനുസരിച്ച് ലാഭം കിട്ടുന്നുണ്ടോ?
ശരിക്കും ടെറേറിയം നിർമാണം ഒരു ചെലവേറിയ ഹോബിയാണ് എന്നാണ് എന്റെ അഭിപ്രായം. ചെടികളുടെ പ്രത്യേകത, കണ്ടെയ്നറിന്റെ വലിപ്പം എന്നിവ അനുസരിച്ച് വില മാറും. കസ്റ്റമർ പറയുന്നതിനനുസരിച്ച് പ്ലാന്റ് സെറ്റ് ചെയ്യുമ്പോൾ വില കൂടാൻ സാധ്യതയുണ്ട്. ടെറേറിയം കണ്ടെയ്നറുകൾ നമ്മുടെ നാട്ടിൽ കിട്ടില്ല. ഇതിനുവേണ്ടി ട്രാൻസ്പരന്റ് ഗ്ലാസ് ജാർ വാങ്ങുകയാണ് ചെയ്യുന്നത്. 3,000 രൂപ മുതൽ 15,000 രൂപ വരെയാണ് ടെറേറിയത്തിന്റെ വില. കുപ്പിയുടെ വലിപ്പം കൂടുന്തോറും വിലയും കൂടും.
7. സംരംഭക എന്ന നിലയിൽ വേറെ എന്തൊക്കെ ജോലി ചെയ്യുന്നുണ്ട്?
കേക്ക് ഡിസൈനിംഗ് വളരെ താൽപര്യമുണ്ടായിരുന്നു. ഇപ്പോഴും ചെയ്യുന്നുണ്ട്.
8. ടെറേറിയം വിൽപന നടത്തുന്നത് എങ്ങനെയാണ്?
സോഷ്യൽ മീഡിയ വഴി തന്നെയാണ് പ്രധാന വിൽപന. പിന്നെ മൗത്ത് പബ്ലിസിറ്റി വഴിയാണ് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്.
9. കേക്ക് ഡിസൈനിംഗ്, ടെറേറിയം നിർമാണം, ഏതാണ് ഏറ്റവും ഇഷ്ടം?
എനിക്ക് രണ്ടും ഒരുപോലെ ഇഷ്ടമാണ്. ടെറേറിയം നിർമാണം പഠിക്കാൻ താൽപര്യമുള്ള ഒരുപാട് പേർ സമീപിക്കുന്നുണ്ട്. ഒരു വർക്ഷോപ്പ് നടത്തണം എന്നാണ് എന്റെ ആഗ്രഹം. 25 ടെറേറിയം ഇതിനുമുമ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്.
10. ടെറേറിയം വാങ്ങുന്ന ഒരാൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?
ഉപഭോക്താക്കൾക്കൾക്ക് ടെറേറിയം കൊടുക്കുമ്പോൾ തന്നെ കെയർ ഗൈഡും നൽകുന്നുണ്ട്. ചിലർ വാങ്ങുന്നതിന് മുമ്പ് തന്നെ ചോദിച്ച് മനസിലാക്കും. വിൽക്കുക മാത്രമല്ല, അതിന്റെ ഫോളോ അപ്പും ഞാൻ എടുക്കാറുണ്ട്. എക്സ്പൻസീവ് ആയതുകൊണ്ട് കസ്റ്റമർ പിന്നീട് ബുദ്ധിമുട്ടരുത് എന്നാണ് ഞാൻ വിചാരിക്കുന്നത്. പിന്നെ, വെസ്റ്റ് വിൻഡോ സൈഡിൽ ടെറേറിയം സെറ്റ് ചെയ്യുന്നതാണ് നല്ലത്. ഇൻഡയറക്ട് ആയിട്ട് സൂര്യപ്രകാശം ലഭിക്കാൻ ഇത് നല്ലതാണ്.
11. സെലിബ്രിറ്റീസ് ആരെങ്കിലും ടെറേറിയം വാങ്ങിയിട്ടുണ്ടോ?
സിനിമാനടൻ അനൂപ് മേനോന്റെ ഫ്രണ്ട് അദ്ദേഹത്തിന് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി ഒരെണ്ണം വാങ്ങിയിരുന്നു.
12. നിർമിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടാറുണ്ടോ?
മഴക്കാലത്ത് ടെറേറിയം നിർമിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിർമിച്ച് 3 മാസം വരെ നിരീക്ഷണ സമയമാണ്. ആ സയമത്ത് വളരെയധികം കെയർ വേണം. മഴ വന്നാൽ ചെടികൾ ചീയാനും, പൂപ്പൽ ബാധിക്കാനും സാധ്യതയുണ്ട്. പായൽ വയ്ക്കുമ്പോൾ ഫംഗസ് കൂടാൻ സാധ്യതയുണ്ട്. പൂപ്പൽ പ്രതിരോധിക്കാൻ ഒരു സൂക്ഷ്മജീവിയെ (സ്പ്രിംഗ്ടെയിൽ) ഉപയോഗിക്കാറുണ്ട്.
13. ബ്രാൻഡിനെക്കുറിച്ച്..
മൈക്രോഫോറസ്റ്റ് എന്ന പേരിലാണ് ടെറേറിയം നിർമിക്കുന്നത്. ഓൺലൈൻ ആയിട്ട് വാങ്ങാൻ സാധിക്കും. microforest.india എന്ന പേരിൽ ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും പേജുണ്ട്.
Share your comments