മുടി കൊഴിച്ചിൽ വളരെ കൂടുതലായുള്ളത് കുളിക്കുമ്പോഴായിരിക്കും. സാധാരണ ചീർപ്പ് കൊണ്ട് തലമുടി ചീകുന്നതിനേക്കാൾ അധികം മുടികൊഴിച്ചിൽ തല കഴുകുമ്പോൾ കാണാറുണ്ട്. ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഭൂരിഭാഗവും നേരിടുന്ന ആരോഗ്യപ്രശ്നം കൂടിയാണിത്. മുടിയുടെ ആരോഗ്യക്കുറവും മലിനീകരണവുമായിരിക്കാം ഇതിന് പ്രധാന കാരണമെന്നാണ് പറയുന്നത്. എന്നാലിത് മാത്രമല്ല, നമ്മുടെ പിഴവുകളും ശ്രദ്ധക്കുറവുമെല്ലാം മുടി കൊഴിയുന്നതിലേക്ക് വഴി വയ്ക്കുന്നു. അതായത് കുളി കഴിഞ്ഞ് തലമുടി ചീകുന്നത് പോലെ, കുളിയ്ക്കുമ്പോഴും ചെയ്യുന്ന ചില അബദ്ധങ്ങളാണ് നിങ്ങളുടെ മുടിയ്ക്ക് വില്ലന്മാരാകുന്നത്.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
കുളിയ്ക്കുന്നതിന് മുൻപ് (Before Your Bath)
കുളിച്ച ശേഷം മാത്രമല്ല, കുളിയ്ക്കുന്നതിന് മുൻപും തലമുടിയുടെ കാര്യത്തിൽ കാര്യമായ ശ്രദ്ധ വേണം. അതായത്, കുളിയ്ക്കുന്നതിന് മുന്‍പ് മുടിയിലെ ജടയും കുരുക്കും മാറ്റണം. ഇതിന് മുടി നന്നായി ചീകി ജടയില്ലെന്ന് ഉറപ്പാക്കുക. കാരണം, ജടയോടെ കുളിച്ചാൽ, നനഞ്ഞ മുടി ദുർബലമായതിനാൽ പെട്ടിപ്പോകുന്നതിനും കുരുക്കാകുന്നതിനും സാധ്യത കൂടുതലാണ്.
കുളിക്കുമ്പോൾ... (While Bathing...)
ഇനി കുളിയ്ക്കുമ്പോഴാണ് തലമുടിയ്ക്ക് കൂടുതൽ കരുതൽ നൽകേണ്ടത്. മുടിയിലേക്ക് ഷവർ ചെയ്യുമ്പോൾ തന്നെ കൈകൊണ്ട് ബ്രഷ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് തലയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നത് കൂടാതെ, മുടിയ്ക്ക് കൂടുതൽ ഉറപ്പും നൽകുന്നു. മുടിയുടെ അഗ്രഭാഗം പിളരുന്നത് ഒഴിവാക്കാനും ഇത് സഹായകരമാണ്. ഇതിന് ശേഷമാണ് മുടിയിൽ ഷാംപൂ പ്രയോഗിക്കേണ്ടത്.
ഷാംപൂ പ്രയോഗിക്കുമ്പോൾ... (While Applying Shampoo)
മുടിയില്‍ ഷാംപൂ ചെയ്യുമ്പോഴും നന്നായി ശ്രദ്ധിക്കുക. മുടിയില്‍ എണ്ണ തേച്ച് കുറഞ്ഞത് 15 മിനിറ്റ് കഴിഞ്ഞ് കുളിയ്ക്കുന്നതാണ് ഉത്തമം. ഇത് മുടികളെ വരണ്ടതാകാതിരിക്കാൻ സഹായിക്കുന്നു.
ഷാംപൂ തേക്കുന്നതിന് മുൻപ് ഒരു മിനിറ്റ് മുടി നന്നായി കഴുകുക. ഇങ്ങനെ മുടി നന്നായി വെള്ളത്തിൽ കുതിർക്കുക. ഇതിന് ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ വേണം ഉപയോഗിക്കേണ്ടത്. എന്നാൽ രണ്ട് ഷാംപൂകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് മുടിയെ ഹാനികരമായി ബാധിക്കുമെന്നതും ഓർക്കുക.
ഷാംപൂവിന് ശേഷം കണ്ടീഷണർ (Use Conditioner After Shampoo)
മുടിയ്ക്ക് തിളക്കം ലഭിക്കാനും വരണ്ട അവസ്ഥ ഒഴിവാക്കാനും കണ്ടീഷണർ ഫലപ്രദമാണ്. എന്നാൽ, നീണ്ട് കിടക്കുന്ന മുടിയിലേക്ക് മാത്രമേ ഷാംപൂ പ്രയോഗിക്കാവൂ. കാരണം ഇത് ശിരോചര്‍മത്തില്‍ എത്തിയാൽ തലയ്ക്ക് ദോഷകരമാണ്. ഒരു ചീപ്പ് ഉപയോഗിച്ച് കണ്ടീഷണർ മുടിയിൽ പുരട്ടുന്നതാണ് മികച്ച മാർഗം.
കണ്ടീഷണർ അമിതമായി മുടിയിൽ എത്താതിരിക്കാനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. ഷാംപൂ മുഴുവൻ കഴുകിക്കളഞ്ഞ ശേഷമാണ് കണ്ടീഷണർ പുരട്ടേണ്ടത്.
ഏകദേശം മൂന്ന് മിനിറ്റ് കണ്ടീഷണർ വച്ച ശേഷം തലമുടി കഴുകാം. ഇവയിൽ രാസവസ്തുക്കൾ അധികമായി അടങ്ങിയിരിക്കുന്നതിനാൽ, തല വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കുക.
മുടി കഴുകുമ്പോൾ നല്ല ശുദ്ധ വെള്ളം തന്നെ ഉപയോഗിക്കേണ്ടതാണ്. ക്ലോറിൻ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ അവ അടിയുന്നതിനായി, വളരെ നേരത്തെ ബക്കറ്റിൽ പിടിച്ചുവയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ
കുളിച്ചു കഴിഞ്ഞ് ടവ്വൽ ഉപയോഗിക്കുന്നതിനേക്കാൾ തോർത്ത് ഉപയോഗിക്കുന്നതാണ് മുടി കൊഴിയാതിരിക്കാനുള്ള ഏറ്റവും നല്ല രീതി. മൃദുവായ ടവ്വലായാലും പ്രശ്നമാകില്ല. നനഞ്ഞ മുടി ചീകാതിരിക്കാനും ശ്രദ്ധിക്കുക.
Share your comments