പാചകത്തിന് ആവശ്യമായ വളരെ പ്രധാനമായ ഒരു പച്ചക്കറിയാണ് കറിവേപ്പില. മിക്ക വീടുകളിലും കറിവേപ്പില ചെടിയോ മരമോ ഉണ്ടെങ്കിലും ചിലരെങ്കിലും വെളിയിൽ വാങ്ങുന്നവരുമുണ്ട്. ഇവർക്ക് ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് കറിവേപ്പില ദീർഘനാളത്തേയ്ക്ക് സൂക്ഷിച്ച് വയ്ക്കാന്‍ പറ്റുന്നില്ല എന്നത്. കറിവേപ്പില ദീര്ഘനാളത്തേയ്ക്ക് കേട് കൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്ക്കുന്നത്.
- വെള്ളത്തില്‍ സൂക്ഷിച്ചു വയ്ക്കാം: കറിവേപ്പില ചെറിയ തണ്ടുകളോടുകൂടി ഉള്ളതായിരിക്കണം അല്ലെങ്കിൽ റിവേപ്പില ചീത്തയായി പോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഇതിന് ശേഷം വാ വലുപ്പമുള്ള കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ ഈ തണ്ടുകള്‍ ഇട്ട് വയ്ക്കാം. ഒരാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില എങ്ങനെ നട്ടുവളർത്താം?
- കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് വയ്ക്കാം: കുറച്ച് മൂത്ത ഇലകളാണെങ്കില്‍ അത് ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. അതിനായി ഇത് തണ്ടോടു കൂടി പൊട്ടിച്ച് എടുക്കണം. അതിന് ശേഷം ഒരു ബേയ്‌സിനില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ ഒരു അടപ്പ് വിനിഗര്‍ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം. അല്‍പ്പ സമയം മുക്കിവെച്ച ശേഷം ഈ ഇലകള്‍ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിട്ടാം. രാവിലെ വരെ വെള്ളം ഉണക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളം നന്നായി തോരുമ്പോള്‍ ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വെറുംവയറ്റിൽ കറിവേപ്പില ചവച്ച് കഴിയ്ക്കാം: ശരീരത്തെ ആകെ മാറ്റിമറിക്കും
- പ്ലാസ്റ്റിക് പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കാം: വെള്ളത്തിന്റെ വിനിഗറിന്റെയും മിശ്രിതത്തില്‍ കഴുകിയെടുത്ത ഇലകള്‍ ഇനി മറ്റൊരു രീതിയിലും സൂക്ഷിക്കാവുന്നതാണ്. പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ ഇത് സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. അതിന് ശേഷം മറ്റൊരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇത് മൂടുക. അധികം കുത്തി നിറച്ച് കറിവേപ്പിലകള്‍ നിറയ്ക്കാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറുക്കി അടച്ച് വയ്ക്കാനും ശ്രദ്ധിക്കണം. ഇത് ഫ്രിഡ്ജില്‍ രണ്ട് മാസം വരെ സൂക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പഴകിയ കഞ്ഞിവെള്ളവും പഴകിയ തൈരുമുണ്ടെങ്കിൽ കറിവേപ്പില കൃഷി പൊടിപ്പൊടിക്കാം... ഇല പുള്ളി രോഗവും പമ്പകടത്താം..
- സിപ്പ് ലോക്ക് കവറില്‍ സൂക്ഷിക്കാം: അടുത്തത് ഇലകള്‍ തണ്ടില്‍ നിന്ന് അടര്‍ത്തി എടുത്ത് ഫ്രീസറില്‍ സൂക്ഷിക്കുന്ന രീതിയാണ്. വിനിഗറിന്റെ വെള്ളത്തില്‍ കഴുകിയെടുത്ത ഇലകള്‍ സിപ്പ് ലോക്ക് കവറില്‍ സൂക്ഷിക്കാവുന്നതാണ്. ഈ രീതിയില്‍ വച്ചാല്‍ ഒരു വര്‍ഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കും. അടര്‍ത്തി എടുത്ത ഇലകള്‍ സിപ്പ് ലോക്ക് കവറില്‍ ആക്കി വായു കളഞ്ഞ ശേഷം ടൈറ്റ് ആയിട്ട് അടച്ച് വയ്ക്കാം. വായു കളയാനായിട്ട് സ്‌ട്രോ ഉപയോഗിച്ച് വലിച്ചെടുക്കാവുന്നതാണ്. എയര്‍ കളഞ്ഞ ശേഷം ഇത് മുറുക്കി അടച്ച് ഫ്രീസറില്‍ വയ്ക്കാം. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ ആവശ്യാനുസരണം എടുത്ത ശേഷം തിരിച്ച് വയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഓരോ തവണ എടുക്കുമ്പോളും എയര്‍ കളയാനും മറക്കരുത്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments