താമരപ്പൂവില്‍നിന്ന് രുചിയേറിയ സര്‍ബത്ത് വികസിപ്പിച്ചെടുത്തിരിക്കുകയാണ് തവനൂർ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. സര്‍ബത്ത് മാത്രമല്ല അച്ചാര്‍, വറ്റല്‍, പൊടി, കിംച്ചി തുടങ്ങി അഞ്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളും താമരയില്‍നിന്നുണ്ടാക്കി. താമരത്തണ്ടു കൊണ്ടുള്ള കൊണ്ടാട്ടവും അച്ചാറും നേരത്തേ വിപണിയിലുണ്ട്.പക്ഷേ പൂകൊണ്ടുള്ള സര്‍ബത്ത് ആദ്യമായാണ്. ഇതിന്റെ സ്വാഭാവികമായ നിറംതന്നെയാണ് ഏറെ ആകര്‍ഷകം. അതില്‍ ചേര്‍ക്കുന്ന ഫ്‌ളേവറിനനുസരിച്ച് രുചിയും മാറും.
സര്‍ബത്ത് വികസിപ്പിച്ചത് പരീക്ഷണാര്‍ഥമാണ്. വിപണിയിലിറക്കുന്നതിനുമുമ്പ് ചില പരിശോധനകള്‍കൂടി നടത്തേണ്ടതുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉപയോഗം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് കാര്‍ഷിക സര്‍വകലാശാല പരിശോധിക്കേണ്ടതായിട്ടുണ്ട്. ഈ ഘട്ടം കൂടി കഴിഞ്ഞാല്‍ സര്‍ബത്ത് വിപണിയിലിറങ്ങും. സര്‍ബത്തിനൊപ്പം താമരക്കിഴങ്ങും തണ്ടുംകൊണ്ടുള്ള അച്ചാര്‍, തണ്ടുകൊണ്ടുള്ള കിംച്ചി, കിഴങ്ങുകൊണ്ടുള്ള പൊടി എന്നീ വ്യത്യസ്ത ഉത്പന്നങ്ങളും വിപണിയിലിറക്കുന്നുണ്ട്. കിംച്ചി ഒരുതരം കൊറിയന്‍ വിഭവമാണ്.താമരത്തണ്ട് അല്‍പ്പം വേവിച്ച്, ഉപ്പിലും വിനാഗിരിയിലുമിട്ടാണിത് നിര്‍മിക്കുന്നത്. കിഴങ്ങ് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടി കുറുക്കുപോലുള്ള വിഭവങ്ങളുണ്ടാക്കാനുപയോഗിക്കാം. ആരോഗ്യദായകമാണ് ഇത്.
താമരക്കിഴങ്ങിന്റെ പൊടിയും ഗോതമ്പുപൊടിയും ചേര്‍ത്ത് ബിസ്‌കറ്റ് നേരത്തേ കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ വിപണി പിടിക്കുകയാണെങ്കില്‍ തിരുനാവായയിലെ താമരപ്പാടങ്ങളില്‍ വളര്‍ത്തുന്ന താമരയെ വ്യാവസായി കാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് കെ.വി.കെ. അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇത് താമരക്കര്‍ഷകര്‍ക്ക് വലിയ സഹായമാവും. കേന്ദ്രം മേധാവി പി.കെ. അബ്ദുള്‍ജബ്ബാറാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്.
Share your comments