ശരീരഭാരം കുറയ്ക്കാൻ ജിമ്മുകളും യോഗയുമായി കഴിഞ്ഞു കൂടുന്നവരാണോ നിങ്ങൾ? എന്നിട്ടും അമിതഭാരം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നാണോ? ശരീരഭാരം (Body weight) കുറയ്ക്കാൻ നന്നായി പണിപ്പെട്ടിട്ടും പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കിൽ അത് ചിലപ്പോൾ ഡയറ്റിങ്ങിലും വ്യായാമത്തിലും വരുത്തുന്ന പിഴവുകൾ കാരണമായിരിക്കാം. എത്രയൊക്കെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ അതിൽ നിങ്ങളുടെ ശീലമായിരിക്കും കാരണമാകുന്നത്.
അതായത്, നിങ്ങൾ കഴിയ്ക്കുന്ന ഭക്ഷണത്തിലും അവ എങ്ങനെ കഴിയ്ക്കുന്നു എന്നതിലും ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്.
ഡയറ്റിങ്ങിലെ പിഴവുകൾ (Faults in diets)
നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള യത്നത്തിലാണെങ്കിൽ, പഞ്ചസാര കലർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ഒഴിവാക്കുക. കാരണം, ഇവ ഡോപാമൈൻ ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ പഞ്ചസാരയുടെ ആസക്തി വർധിപ്പിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തെയും ഇത് വിപരീതമായി ബാധിക്കുന്നു.
അതുപോലെ ഡയറ്റിങ്ങിലുള്ളവർ മധുരപലഹാരങ്ങൾ എല്ലാ ദിവസവും കഴിയ്ക്കുന്നത് ഗുണകരമല്ല. എന്നാൽ ആഴ്ചയിൽ ഒരു ദിവസമോ മറ്റോ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകില്ല.
മാനസികമായി സമ്മർദം ഉണ്ടാകുമ്പോഴോ, ജോലിയിലെ സമ്മർദമോ കാരണമോ കൂടുതൽ ഭക്ഷണം കഴിയ്ക്കുന്ന പ്രവണത പലർക്കുമുണ്ട്. സമ്മർദം കുറയ്ക്കാൻ, ആളുകൾ അമിതവണ്ണത്തിന് കാരണമാകുന്ന ഐസ്ക്രീം, ചോക്കലേറ്റ്, ഫ്രഞ്ച് ഫ്രൈ, പിസ്സ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളും കഴിക്കുന്നു. എന്നാൽ ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം
അതുപോലെ, മിക്കവരും ഒരേസമയം ധാരാളം ഭക്ഷണം കഴിയ്ക്കുന്നു. ഇത് ശരീരത്തിൽ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ദഹന വ്യവസ്ഥയും തകരാറിലാകുന്നു.
കൃത്യമായ ഭക്ഷണരീതിയും വ്യായാമവും ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണവും പാനീയങ്ങളും ഏതെല്ലാമെന്ന് നോക്കി, അവ പിന്തുടരുക.
ശരീരത്തിലെ കലോറി കുറയ്ക്കുന്നതിന് ബ്ലാക്ക് കോഫി നല്ലതാണ്. അതുപോലെ ദിവസവും ആറ് മുതൽ എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനുള്ള പോംവഴിയാണ്.
പഞ്ചസാരയും കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിവതും ഉപേക്ഷിക്കുക. അതായത് ദീർഘനാളത്തേക്ക് വേണ്ടി സൂക്ഷിക്കുന്ന ഭക്ഷണങ്ങളും, ടിന്നിലടച്ച ആഹാരങ്ങളും ശരീരഭാരം കുറയ്ക്കുകയില്ല.
നടത്തത്തിലും ശ്രദ്ധിക്കാം (Follow these in Walking exercise)
ശരീരഭാരം കുറയ്ക്കാൻ വല്ലപ്പോഴും നടക്കുന്ന ശീലമാണെങ്കിൽ, അത് മാറ്റുക. കാരണം, ദിവസവും നടക്കുന്ന ശീലമുണ്ടെങ്കിൽ മാത്രമാണ് കൃത്യമായി നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. അതായത്, ദിവസവും 30 മിനിറ്റ് നേരം നടക്കുന്നതിൽ ശ്രദ്ധിക്കുക. കൂടാതെ, വേഗത്തിൽ നടക്കുന്നതിനായും ശ്രദ്ധിക്കുക. വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും അൽപം സമയം നടത്തത്തിന് മാറ്റിവയ്ക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല ദിവസം മുഴുവൻ എനർജിയോടെയിരിക്കാനും സഹായിക്കും.
Share your comments