എല്ലാ ദിവസവും കൃത്യ അളവിൽ ചോറ് വയ്ക്കുന്നത് എളുപ്പമല്ല. എത്ര ശ്രദ്ധിച്ചാലും ദിവസവും ചോറ് ബാക്കിയാകും. എന്നാൽ ഇത് കളയാനും കഴിയില്ല. ഫ്രിഡ്ജിൽ വച്ച് പിന്നീട് കഴിയ്ക്കാൻ എല്ലാ ദിവസവും പറ്റുന്ന കാര്യവുമല്ല. ചോറും തൈരും മുളക് ചതച്ചതും ചേർത്ത് കൊണ്ടാട്ടം ഉണ്ടാക്കി കഴിയ്ക്കുന്നത് ചിലർക്ക് ഇഷ്ടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആവാസ് അപകട ഇൻഷുറൻസ്: രജിസ്റ്റർ ചെയ്തത് 5 ലക്ഷത്തിലധികം പേർ
ബാക്കിയായ ചോറ് കളയാതിരിക്കാൻ പലരും ദോശയ്ക്കും ഇഡ്ഡലിയ്ക്കും മാവ് തയ്യാറാക്കാൻ ചേർക്കാറുണ്ട്. അല്ലെങ്കിൽ പഴങ്കഞ്ഞിയ്ക്ക് എടുക്കും. എന്നാൽ ഈ ചോറും വീട്ടിൽ കിട്ടുന്ന ചേരുവകളും കൊണ്ട് കിടിലൻ വിഭവങ്ങൾ ഉണ്ടാക്കി നോക്കിയാലോ.. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായ രീതിയിൽ ബ്രേക്ഫാസ്റ്റിന്റെ കൂടെയോ, വൈകുന്നേരത്തെ സ്നാക് ആയോ ചോറ് കൊണ്ടുള്ള വിഭവങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കാം.
ചോറ് മസാല
ആവശ്യമായ ചേരുവകൾ
ഒരു കപ്പ് ഗോതമ്പ് നുറുക്ക്, ചെറുതായി അരിഞ്ഞ പച്ച മുളക്, ഒരു സവാള ചെറുതായി അരിഞ്ഞത്, കാരറ്റ് ചെറുതായി അരിഞ്ഞത്, 2 ടേബിൾ സ്പൂൺ ഗ്രീൻ പീസ് വേവിച്ച് ഉടച്ചത്, ഒരു ഉരുളക്കിഴങ്ങ് വേവിച്ചത്, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാല, രണ്ട് കപ്പ് ചോറ്, ആവശ്യത്തിന് ഉപ്പ്, എണ്ണ.
തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി പച്ച മുളക്, സവാള എന്നിവ ചേർത്ത് വഴറ്റുക. ശേഷം കാരറ്റ്, ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ് എന്നിവ ചേർക്കണം. നാല് മുതൽ അഞ്ച് മിനിട്ട് വരെ നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇതിനിടയ്ക്ക് മുളകുപൊടിയും ഗരം മസാലയും ചേർക്കാം.
മാറ്റി വച്ചിരിയ്ക്കുന്ന ചോറിൽ ഈ കൂട്ടിനോടൊപ്പം ഗോതമ്പ് നുറുക്ക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കണം. ശേഷം ഈ കൂട്ട് ചെറിയ ഉരുളകളാക്കി ചെറുതായി കൈയിൽ വച്ച് പരത്തി എടുക്കാം. എന്നിട്ട് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. സോസോ ചട്ട്ണിയോ കൂടെ ഉണ്ടെങ്കിൽ ഉഷാറാകും.
ചോറ് വട
ആവശ്യമായ ചേരുവകൾ
രണ്ട് കപ്പ് ചോറ്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി, മൂന്ന് പച്ചമുളക് അരിഞ്ഞത്, ഒരു സവാള ചെറുതായി അരിഞ്ഞത്, അൽപം മല്ലിയില, 4 ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി, കാൽ ടീസ്പൂൺ ജീരകം, വറുക്കാൻ ആവശ്യത്തിനുള്ള എണ്ണ.
തയ്യാറാക്കേണ്ട വിധം
ചോറ് മിക്സിയിൽ കട്ടിയ്ക്ക് നന്നായി അടിച്ചെടുക്കുക. ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക് സവാള, മല്ലിയില, അരിപ്പൊടി, ജീരകം, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്യുക. ശേഷം സാധാരണ ഉഴുന്ന് വടയ്ക്ക് എടുക്കുന്നത് പോലെ മാവ് എടുത്ത് തുളയിട്ട് എണ്ണയിൽ വറുത്തെടുക്കാം. എണ്ണ നല്ലതുപോലെ ചൂടായതിന് ശേഷം മാത്രം മാവ് ഇടാൻ ശ്രദ്ധിക്കുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments