ജീവിതം മാറിത്തുടങ്ങി. ശീലങ്ങളും ജോലിയും മാറ്റങ്ങളിലാണ്. അധ്വാനം കുറഞ്ഞ വൈറ്റ് കോളാർ ജോലികളിലാണ് യുവാക്കളുടെ താൽപര്യമേറെയും. എന്നാൽ, മണിക്കൂറുകളോളം ഇരുന്ന് പണിയെടുക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും ക്ഷണിച്ചുവരുത്തുന്നു.
നട്ടെല്ലിനെ മാത്രമായിരിക്കും ഇവ ബാധിക്കുന്നതെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ അത് അബന്ധമാണ്. കാരണം, ഹൃദയസംബന്ധമായ ഒരുപാട് പ്രശ്‌നങ്ങൾക്ക് ഇത് വഴിവയ്ക്കുന്നു. ശരീരത്തിന് വലിയ ആയാസം ലഭിക്കുന്നില്ലെന്നത് മാത്രമല്ല, നമ്മൾ നിത്യേന കഴിയ്ക്കുന്ന ആഹാരവും ജോലിയും ആനുപാതികമാവുന്നതിലും ഇത് പ്രശ്നമാണ്
ഇരുന്നുള്ള പണിയിലെ ക്ഷണിക്കാത്ത രോഗങ്ങൾ (Health Problems Due to Continuous Sitting Job)
അതായത്, ശരീരം അനങ്ങാതെ ഒരേയിരിപ്പ് ഇരിക്കുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിയും. ശാരീരിക അധ്വാനമില്ലാത്തതിനാൽ ഈ കൊഴുപ്പ് എരിച്ചു കളയാനാകില്ല. ഇത് ധമനികളില്‍ അടിഞ്ഞുകൂടി ഹൃദയത്തിനെ സാരമായി ബാധിക്കുന്നു.
കൂടാതെ, ശരീരവേദനയ്ക്കും ഇവ കാരണമാകുന്നു. നടുവേദന, കഴുത്തുവേദന, തോള്‍ വേദന, ഇടുപ്പിലെ വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ബാധിക്കും. ശരീരത്തിന്റെ ഘടനയിൽ തന്നെ കാര്യമായ മാറ്റങ്ങളുണ്ടായേക്കാം. അതായത്, മുതുകിന്റെ ഭാഗം ഉയര്‍ന്നു വരുന്നതിനും വയര്‍ കൂടുന്നതിനും ഒരിടത്ത് മാത്രമിരുന്നുള്ള ജോലി കാരണമാകും.
കമ്പ്യൂട്ടറിൽ തുടർച്ചയായി നോക്കുന്നത് തലച്ചോറിനും കണ്ണിനും അനാരോഗ്യമാകുന്നു. കൂടുതൽ സമയമിരുന്ന് ടൈപ്പ് ചെയ്യുന്നവര്‍ക്ക് കൈക്കുഴയ്ക്ക് പ്രശ്നങ്ങളാകുന്നു. ഇത് കാര്‍പല്‍ ടൂണല്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങളിലേക്കും നിങ്ങളെ തിരിച്ചേക്കാം.
ഇരുന്ന് പണിയെടുത്താൽ മനസിനും പ്രശ്നം(Mental Illness Due to Continuous Sitting Job)
മാനസികമായും ഇവ ബാധിക്കുന്നു. മാനസികാരോഗ്യത്തെ മോശമാക്കുന്നതിനും വിഷാദം, ഉത്കണ്ഠ, സമ്മർദം എന്നീ അവസ്ഥകളിലേക്കും ഇവ നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിമിതമായതിനാൽ മനസിന്റെ ഉന്മേഷം നഷ്ടപ്പെടാനും ഇത് കാരണമാകും.
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ നേര്‍പ്പിച്ച് കൊണ്ടുവരുന്നതിനും ക്രമേണ ഓർമശക്തിയെ തകരാറിലാക്കുന്നതിനും സാധ്യത കൂടുതലാണ്. കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ശരീരം അധ്വാനിക്കാത്തതിനാൽ ശരീരഭാരം കൂടാനും അധികമായി വണ്ണം വയ്ക്കുന്നതിനും വഴിവയ്ക്കുന്നു. കാലുകളിലും ഭാരം വർധിക്കാൻ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് കാരണമാകുന്നുണ്ട്. ഇത് ചിലപ്പോൾ വെരിക്കോസ് വെയിന്‍ എന്ന ഞരമ്പിനെ ബാധിക്കുന്ന അസുഖത്തിലേക്കും നയിച്ചേക്കാം.
കൂടാതെ, ദീർഘനേരം ഇരുന്ന് പണിയെടുക്കുന്നതിലൂടെ നട്ടെല്ലിനും ഇത് ദോഷകരമാണ്. കുറേനാൾ ഇങ്ങനെ ജോലി തുടർന്നാൽ ഡിസ്‌ക- സ്‌പൈന്‍ സംബന്ധമായ പ്രശ്‌നങ്ങൾക്കും വഴി വയ്ക്കും.
ഇരുന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ക്രമേണ വലിയ വലിയ അസുഖങ്ങളിലേക്ക് വ്യാപിക്കുന്നു. അസുഖങ്ങള്‍ എളുപ്പത്തില്‍ പിടിപെടുന്ന രീതിയിൽ ശരീരം ദുര്‍ബലമാകുന്ന അവസ്ഥ ഇതുമൂലമുണ്ടാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അധികം പഞ്ചാരയാവണ്ട! പകരക്കാരാണ് ആരോഗ്യത്തിന് നല്ലത്
അതിനാൽ, കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ദിവസവും കഴിയ്ക്കാനായി തിരഞ്ഞെടുക്കുക എന്നതും വ്യായാമവും യോഗവും ശീലമാക്കുക എന്നതുമാണ് ഏറ്റവും നല്ല പോംവഴികൾ. ഒറ്റയിരുപ്പിൽ ജോലി ചെയ്തു തീർക്കാമെന്ന ചിന്ത ഒഴിവാക്കുക. ജോലി ചെയ്യുന്നവതിനിടയിൽ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയോ, വ്യായാമം പതിവാക്കുകയോ ചെയ്യുന്നതും നല്ലതാണ്.
Share your comments