ദിവസവും നടന്നാൽ ആരോഗ്യമുള്ള ജീവിതം ഉറപ്പാക്കാമെന്ന് പറയാറുണ്ട്. എന്നാൽ തിരക്കിട്ട ജീവിതത്തിൽ നടക്കാൻ പോലും മിക്കവർക്കും ശരിയായി സമയം ലഭിക്കാറില്ല. ഇത് കാരണം അടുത്തുള്ള ഓഫീസിലും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം വാഹനത്തെ ആശ്രയിക്കുന്നവരാണ് കൂടുതൽ ആളുകളും. എങ്കിലും നടത്തം (walking) ഒരു വ്യായാമമായി മാത്രം കാണുന്നവരുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചാടിയ വയറിനെ ഉള്ളിലാക്കാൻ വെറും 20 മിനിറ്റ് മതി; ശീലമാക്കാം 'ഡക്ക് വാക്ക്'
എന്നാൽ, നടത്തത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതായി ഒട്ടനവധി കാര്യങ്ങളുണ്ട്. ചിലപ്പോഴൊക്കെ ചെറിയ പിഴവുകൾ പോലും വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും. അതിനാൽ തന്നെ ആരോഗ്യത്തിന് ഗുണകരമാകുന്ന രീതിയിൽ എങ്ങനെ നന്നായി നടക്കണമെന്നും (how to walk) അതിലെ പിഴവുകളും (walking mistakes) ചുവടെ വിശദീകരിക്കുന്നു.
അയഞ്ഞ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം
നിങ്ങളുടെ നടത്തത്തിൽ ഇറുകിയതും ഭാരമുള്ളതുമായ വസ്ത്രങ്ങൾ ഉപേക്ഷിക്കണം. അയഞ്ഞതും സുഖകരവുമായ വസ്ത്രങ്ങൾ വേണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കാരണം നിങ്ങൾക്ക് സുഗമമായി ശ്വസിക്കാൻ കഴിയുന്നതും എളുപ്പത്തിൽ നടക്കാൻ സഹായിക്കുന്നതുമായ വസ്ത്രങ്ങളാണ് അനുയോജ്യം. എങ്കിലും അയഞ്ഞ വസ്ത്രങ്ങൾ കാലാവസ്ഥക്കനുസരിച്ച് വേണം തെരഞ്ഞെടുക്കേണ്ടത്. കനത്ത വേനലിൽ തൊപ്പികൾ, സൺഗ്ലാസ്, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
ചെരുപ്പിൽ ശ്രദ്ധിക്കുക
നടത്തത്തിൽ നിങ്ങൾ ധരിക്കുന്ന ചെരിപ്പിനും പ്രാധാന്യമുണ്ട്. ഉയർന്ന ഹീൽസുള്ള ചെരുപ്പുകൾ കഴിവതും ഒഴിവാക്കുക. കാരണം ആയാസമായി നടക്കാൻ ഇത് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുപോലെ ഏത് ചെരുപ്പ് വാങ്ങുമ്പോഴും നമ്മുടെ കാലിന് ഫിറ്റാകുന്നതാണോ എന്നതിലും ശ്രദ്ധിക്കുക. എങ്കിൽ മാത്രമാണ് കാൽവിരലുകളുടെ അനായാസമായ ചലനം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.
ഫോൺ ഒഴിവാക്കാം
ഇടയ്ക്കിടക്ക് ഫോണിലേക്ക് തലയിട്ട് നോക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ നടക്കുമ്പോൾ ഫോണിലേക്ക് ശ്രദ്ധ പോകാതിരിക്കുക.
റൂട്ട് മാറ്റിപ്പിടിക്കാം
ദിവസവും ഒരേ റൂട്ടിൽ സഞ്ചരിക്കുന്നത് ബോറടിപ്പിക്കും. ഇത് നിങ്ങളുടെ നടത്തത്തിൽ വിരക്തി അനുഭവപ്പെടുന്നതിന് കാരണമാകും. സ്ഥിരമായി ഒരു വഴി തെരഞ്ഞെടുക്കാതെ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കുക. പേശികൾക്കും സന്ധികൾക്കും കാര്യമായ മാറ്റം വരുത്താനും ഇത് സഹായിക്കുന്നു.
തല ഉയർത്തി നടക്കാം
കമ്പ്യൂട്ടറിന് മുന്നിൽ കൂനിയിരുന്ന് ശീലിച്ചവർക്ക് മിക്കപ്പോഴും താഴേക്ക് നോക്കി നടന്നാകും ശീലം. ഇത് നിങ്ങളുടെ നടത്തത്തിലും കൊണ്ടുവരരുത്. നടക്കുമ്പോൾ തല ഉയർത്തി നിവർന്നു നടക്കുന്നതിന് ശ്രദ്ധിക്കുക.
പാട്ട് കേട്ട് നടക്കാം
ഇടയ്ക്ക് അൽപം പാട്ട് കേട്ട് നടക്കുന്നത് നടത്തം ആസ്വദിക്കാൻ സഹായിക്കും. അധിക ശബ്ദമില്ലാതെ പാട്ടു കേട്ടുകൊണ്ട് നടക്കുന്നതിനായി ശ്രദ്ധിക്കുക.
വെള്ളം കുടിക്കാൻ മറക്കരുത്
വെള്ളം കുടിക്കുക എന്നതും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നടക്കുമ്പോൾ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതിന് പരിഹാരമായി നടത്തത്തിന് ഇടയിലുള്ള വിശ്രമവേളയിൽ വെള്ളം കുടിക്കാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments