ഒരു കുടുംബത്തിന് വേണ്ട എല്ലാ പച്ചക്കറികളും വീട്ടുവളപ്പിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കും. എന്നാൽ കൃഷിയിടം സജ്ജമാകുമ്പോഴും, വിളകൾ തിരഞ്ഞെടുക്കുമ്പോഴും അല്പം കാര്യങ്ങളിൽ ശ്രദ്ധ വേണം.
പച്ചക്കറി കൃഷി ആരംഭിക്കുമ്പോൾ അറിയേണ്ടത്
വെള്ളവും വെളിച്ചവും ധാരാളം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഏറ്റവും അനുയോജ്യം. വീടിന്റെ തെക്ക് ഭാഗത്ത് കൂടുതൽ വെയിൽ ലഭ്യമാകുന്ന സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചാൽ മികച്ച വിളവ് ലഭ്യമാകും. നന സൗകര്യം നോക്കുകയാണെങ്കിൽ കിണറിന്റെ അടുത്താണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷി കലണ്ടർ
All the vegetables a family needs can be grown in the backyard. But there are a few things to keep in mind when setting up the field and when choosing crops.
തണലിൽ വളരുന്ന ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയ ഇനങ്ങൾ മറ്റു വിളകളുടെ ഇടയിലായി കൃഷി ചെയ്യുന്നതാണ് നല്ലത്. വീട്ടിലേക്ക് പ്രധാനമായും ആവശ്യമായി വരുന്ന മുളക്, തക്കാളി, കറിവേപ്പില തുടങ്ങിയ ഇനങ്ങൾ നിർബന്ധമായും പച്ചക്കറിത്തോട്ടത്തിൽ ഒരുക്കണം. ദീർഘകാലം വിളവ് തരുന്ന ഇനങ്ങൾ അടുക്കളത്തോട്ടത്തിൽ പ്രത്യേകം സ്ഥലം കണ്ടെത്തി ചെയ്യുന്നതാണ് നല്ലത്. മുരിങ്ങ, പപ്പായ, നാരകം തുടങ്ങിയ വിളകൾ തോട്ടത്തിന്റെ അരികിലായി നടുന്നതാണ് ഗുണകരം. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ ഒരു ചെടി നട്ട് അതേ വിള തന്നെ അടുത്ത തവണയും ഗ്രോ ബാഗിൽ കൃഷി ചെയ്യരുത്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
കൂടാതെ മണ്ണിൽ തക്കാളി, മുളക്, വഴുതന തുടങ്ങിയവ കൃഷി ചെയ്ത സ്ഥലത്ത് അടുത്തതവണ ചീര, പയർ, വെള്ളരി വർഗങ്ങൾ കൃഷി ചെയ്യുന്നതാണ് നല്ലത്. ഏത് വിള കൃഷി ചെയ്താലും നിശ്ചിത അകലം പുലർത്തണം. തക്കാളി കൃഷി ചെയ്യുമ്പോൾ ഒരു ചെടിയിൽ നിന്ന് മറ്റൊരു ചെടിയിലേക്ക് രോഗസാധ്യത പെട്ടെന്ന് വ്യാപിക്കും. ഇത് ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ മുകളിൽ പറഞ്ഞ പോലെ ഒരു വിള തന്നെ പിന്നെയും പിന്നെയും മണ്ണിൽ കൃഷി ചെയ്യുമ്പോൾ ഇത് ഉത്പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് അടുക്കളത്തോട്ടം സജീവമാക്കുമ്പോൾ ഓർത്തു വയ്ക്കേണ്ട കാര്യമാണ്. മണ്ണിൻറെ പി.എച്ച് നോക്കിയശേഷം കൃഷി ചെയ്യുന്നതാണ് നല്ലത്. ഇതിന് കൃഷി ഓഫീസറുടെ വിദഗ്ധ ഉപദേശം തേടാം. അടുക്കളത്തോട്ടം ഒരുക്കുമ്പോൾ പച്ചക്കറികൊണ്ട് തന്നെ ഒരു വേലിയും സജ്ജമാക്കാം. ഇതിനുവേണ്ടി മധുരചീര കൃഷി ചെയ്യാം. ഒരടി നീളത്തിലുള്ള ഇടത്തരം മൂപ്പെത്തിയ കമ്പുകൾ 30 സെൻറീമീറ്റർ അകലത്തിൽ നട്ടാൽ അവ വളർന്ന് നല്ല വേലിയായി മാറുന്നു. അമര, ചതുരപ്പയർ, കോവൽ, നിത്യവഴുതന തുടങ്ങിയ പടർന്നുകയറുന്ന വിളകൾ വേലിയിൽ പടർത്തുന്നത് പച്ചക്കറിത്തോട്ടം ഭംഗിയാക്കുവാൻ കാരണമാകുന്നു.
വീട്ടുവളപ്പിലെ കൃഷിക്ക് ജൈവവളങ്ങൾ ആയ ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഉണക്കിപ്പൊടിച്ച ചാണകം 100 കിലോ ഗ്രാം എന്ന കണക്കിൽ മണ്ണുമായി ചേർത്തിളക്കണം. വീട്ടുവളപ്പിലെ ഒരു അതിർത്തിയിൽ ശീമക്കൊന്ന നട്ടാൽ ആവശ്യത്തിന് പച്ചിലവളവും ലഭിക്കും. അടുക്കള വേസ്റ്റ് അതായത് നമ്മൾ കറി വയ്ക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളുടെ പുറംതൊലി കൂട്ടി വെച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത് നാലു ദിവസം പുളിപ്പിച്ച് അതിൻറെ ഇരട്ടി വെള്ളം ഒഴിച്ച് ചെടികളിൽ തളിച്ചു കൊടുക്കുന്നതും, മണ്ണിൽ ഒഴിച്ചു കൊടുക്കുന്നതും മികച്ച വിളവിന് കാരണമാകും. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ചെടികൾക്കിടയിൽ ഉണങ്ങിയ പുല്ലോ വൈക്കോലോ ഇലകളോ ഉപയോഗിച്ച് പുതയിട്ട് നൽകാം. കീടനിയന്ത്രണത്തിന് പപ്പായ ഇല കൊണ്ട് ഉണ്ടാക്കുന്ന ജൈവകീടനാശിനി ഉപയോഗിക്കുന്നതാണ് നല്ലത്.
കൂടാതെ തുളസിക്കെണി, മഞ്ഞക്കെണി, ഫിറമോൺ കെണി തുടങ്ങിയ കെണികൾ അടുക്കളത്തോട്ടത്തിൽ ഒരുക്കുന്നതും നല്ലതാണ്. കാന്താരി മുളക് മിശ്രിതം, വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ മിശ്രിതം, പുകയില കഷായം തുടങ്ങിയവ ഫലപ്രദമായി കീടനിയന്ത്രണത്തിന് കർഷകർ ഉപയോഗിച്ച വരുന്നതാണ്. ഇത്തരം മാർഗങ്ങൾ പ്രയോഗിക്കുന്നത് ഒരിക്കലും വിളകൾക്ക് ദോഷകരമായി ബാധിക്കില്ല. കീടങ്ങൾ വരാതെ നോക്കുന്നതാണ് പച്ചക്കറികൃഷിയിൽ പരമപ്രധാനം. അതുകൊണ്ട് മുകളിൽ പറഞ്ഞ ജൈവകീടനാശിനികൾ ആഴ്ചയിലൊരിക്കൽ ഇടവിട്ട് ഉപയോഗിക്കാം. കീട നിയന്ത്രണവും, വളപ്രയോഗവും സമയാസമയങ്ങളിൽ നടത്തിയാൽ മികച്ച വിളവ് അടുക്കളത്തോട്ടത്തിൽ നിന്ന് ഒരുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷി എളുപ്പമാക്കാൻ 18 പൊടികൈകൾ
Share your comments