Farm Tips

വേനൽ കാലം വിനിയോഗിക്കേണ്ടതെങ്ങനെ?

കേരളത്തിൽ  വേനൽ  ശക്തി പ്രാപിച്ചു തുടങ്ങി. നല്ല വെയിലാണിപ്പോൾ  എല്ലാ പ്രദേശത്തും ലഭിക്കുന്നത്. വേനൽ  ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലും ചില മുൻകരുതലുകൾ  സ്വീകരിക്കേണ്ടതുണ്ട്. രോഗങ്ങളിൽ  നിന്നും പച്ചക്കറികളെ സംരക്ഷിക്കാനും മികച്ച വിളവ് ലഭിക്കാനും ഇത്തരം മുൻകരുതലുകൾ  സ്വീകരിക്കുന്നതു സഹായിക്കും.

1. ജൈവ ലായനി

ഗ്രോബാഗിലും ചാക്കിലുമെല്ലാം വളർത്തുന്ന  പച്ചക്കറികൾ  വേനലിലും നല്ല പോലെ വിളവ് തരാൻ  ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു കിലോ വേപ്പിൻ  പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേർത്തു  ജൈവലായനി തയാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേര്ത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതിൽ  പത്ത് ഇരട്ടി വെള്ളം ചേർത്തു  തടത്തിൽ  ഒഴിച്ച് കൊടുക്കാം.

2. രോഗങ്ങളെ തടയാൻ 

വേനൽ  കാലത്ത് ഇലപ്പേൻ , വെളളീച്ച തുടങ്ങിവയുടെ ആക്രമണം മൂലം ചെടികളിൽ  ഇല ചുരളൽ  വ്യപകമായി കാണാറുണ്ട്. ഇവയെ തടയാൻ  വേപ്പണ്ണ – വെളുത്തുള്ളി സത്ത്, വേപ്പിൻ  കുരുസത്ത് എന്നിവ ഉപയോഗിക്കാം. ഇലകളിൽ  തളിക്കുമ്പോൾ  രണ്ട് വശങ്ങളിലും ലഭിക്കത്തക്ക രീതീയിൽ  ചെയ്യണം. കൂടാതെ ഈ സമയങ്ങളിൽ  കൂടുതലായി കണ്ട് വരുന്ന വാട്ട രോഗം, ഇലപ്പൊട്ട് രോഗം, മറ്റ് വൈറസ് രോഗങ്ങൾ  എന്നിവയെ തടയാൻ  15 ദിവസം കൂടുമ്പോൾ  20 ഗ്രാം ന്യൂഡോമോണസ് ഒരു ഒരു ലിറ്റർ  വെള്ളത്തിൽ  കലക്കി ഇലകളിൽ തളിക്കുന്നതോടൊപ്പം  ചെടിയുടെ ചുവട്ടിൽ  ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. കീട നിവാരണത്തിനും ചെടികളുടെ വളർച്ച  വേഗത്തിലാക്കാനും ഈ മിത്ര ബാക്ടീരിയ സഹായിക്കും.

3. ഫിഷ് അമിനോ ലായനി

നമ്മുടെ വീടുകളിൽ  തന്നെ തയാറാക്കാവുന്ന ഫിഷ് അമിനോ ലായനി 15 ദിവസം കൂടുമ്പോൾ  നേർപ്പിച്ചു  ഇലകളിൽ  തളിക്കുന്നത് കീടനിയന്ത്രണത്തിനും പച്ചക്കറികളുടെ വളർച്ചക്കും  ഉത്തമമാണ്. കൂടാതെ വീടുകളിൽ  മീൻ  കഴുകുന്ന വെള്ളം ഇരട്ടി വെള്ളം ചേർത്തു  തടത്തിൽ  ഒഴിച്ച് കൊടുക്കുന്നതിലൂടെ കൂടുതൽ  ഫലം ലഭിക്കും.

4. പുതയിടയിടൽ 

വേനൽ  കടുക്കുന്നതോടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിൽ  നിന്നും മികച്ച വിളവ് ലഭിക്കാൻ  തടത്തിലെ നനവ് പ്രധാന ഘടകമാണ്. നനവ് നിലനിൽക്കാൻ  ചെടികൾക്കു  ചുറ്റും ഉണങ്ങിയ കരിയില, മറ്റ് പച്ചിലകൾ , തടത്തിൽ  നിന്ന് ലഭിക്കുന്ന കളകൾ  എന്നിവ ചുറ്റുമിട്ട് നനവ് നിലനിർത്താം.. ഗ്രോബാഗിലെ പച്ചക്കറികൾക്കും  ഉണങ്ങിയ ഇലകൾ , വൈക്കോൽ , പച്ചിലകൾ  എന്നിവ മുകൾ  ഭാഗത്ത് നൽകി  നനവ് നിലനിർത്താം.

5. കൃത്യമായ പരിചരണം

മഴക്കാലത്തെ അപേക്ഷിച്ച് പച്ചക്കറി കൃഷിക്ക് ഉത്തമം വേനൽ  കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂക്ഷ്മ നിരിഷണത്തിലൂടെയും തുടക്കത്തിൽ  തന്നെ പുഴുവിന്റെ കൂട് കൂട്ടൽ , മുട്ടയിടൽ  മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാനും  സാധിക്കും.

6 . വേനൽ കാലത്ത്‌ വെള്ളത്തിന്റെ ദൗർലഭ്യം കണക്കിലെടുത്തു കൃത്രിമ കുളങ്ങൾ ഉണ്ടാക്കിയും പ്രയോജനപ്പെടുത്താം. അതെങ്ങനെ എന്നാണോ ? കുളമുണ്ടാക്കി അതിൽ മീൻ വളർത്താം. അതുമല്ലെങ്കിൽ അതിൽ അസോള വളർത്താം. 

അസോള എങ്ങനെയാണ് കുളത്തിൽ വളർത്തേണ്ടത് എന്നറിയാൻ വേണ്ട ചില കാര്യങ്ങൾ പറയാം. 
ശുദ്ധജലത്തിൽ വളരുന്ന പായൽ വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യമാണ് അസോള.എങ്കിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഒരേ സമയം കാലിത്തീറ്റയായ്, കോഴിത്തീറ്റയായ് ഒക്കെ കൊടുക്കാം. ജൈവവളമായും ഉപയോഗിക്കാം
പാലുല്പാദനം വർദ്ധിപ്പിക്കുന്ന കാലിത്തീറ്റയായും , കോഴി,കാട,താറാവ് മുതലായവക്ക് തീറ്റയിലിട്ടുമാണ്  കൊടുക്കുക. പ്രോട്ടീനും,ധാതുക്കളും,കാത്സ്യവും, അയണും എല്ലാം അടങ്ങിയിട്ടുണ്ട്.അസോള ചെടിയുടെ ചുവട്ടിലിട്ട് അല്പം ചാണക വെള്ളം ഒഴിച്ച് മണ്ണിട്ട് മൂടുക.ചെടിയുടെ വളർച്ചക്കാവശ്യമായ നൈട്രജൻ്റെ ഒരുഭാഗം ഇതിൽ നിന്ന് കിട്ടും.

വളർത്തുന്ന രീതി
ഭാഗികമായി തണലുള്ള സ്ഥലമാണ് വേണ്ടത്.2m നീളവും,വീതിയും,20 cm താഴ്ചയുമുള്ള കുഴിയെടുക്കുക..അതിന്റെ തറ നിരപ്പാക്കി ചുറ്റുഭാഗം കല്ലുകൾ വെച്ച് സിൽപോളിൻ ഷീറ്റ് വിരിക്കുക. അസോളക്കുളം. റെഡി.ഇതിൽ നന്നായി അരിച്ചെടുത്ത മണ്ണിടുക.. 10ലിറ്റർ വെള്ളത്തിൽ 2കിലോ ചാണകമിട്ടിളക്കി ഒഴിച്ചു കൊടുക്കുക. ഈ കുഴിയിൽ ഒരു കിലോ അസോളയിടാം. രണ്ടാഴ്ചക്കുള്ളിൽ അസോള തടം മുഴുവൻ നിറയും. അപ്പോൾ മുതൽ എടുക്കാം. ചാണക മണം മാറാൻ നല്ല വെള്ളത്തിൽ കഴുകുക.ആഴ്ചതോറും ഒരുകിലോ ചാണകം ചേർത്ത് കൊടുക്കുക. പത്ത് ദിവസത്തിലൊരിക്കൽ കാൽഭാഗം വെള്ളം മാറ്റി പുതിയത് നിറക്കുക.ഇത്തരം തടത്തിൽ നിന്ന് ദിവസവും അരക്കിലോ അസോള ലഭിക്കും.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox