സീതപ്പഴം, ആത്തി, ആത്ത, അങ്ങനെ പല പേരുകളുള്ള ഈ പഴത്തെ ഒരിക്കലെങ്കിലും രുചിക്കാത്ത മലയാളിയുണ്ടാകില്ല. പുറം ഭാഗം നല്ല പച്ചനിറത്തിലും അകം വെളുത്ത മാംസളവുമാണ്. വായിലിട്ടാൽ അലിഞ്ഞുപോകും. കേരളത്തിലെ ഏതു കാലാവസ്ഥയിലും നന്നായി വളരുമെന്നതാണ് ഇതിൻറെ പ്രത്യേകത. വലിയ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു ഫലവർഗമാണ് ഇത്.
സാധാരണ കുരു മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. നേരത്തേ കായ്‌ക്കാനും വലിപ്പം ഇല്ലാത്തതുമായ ആത്തകൾക്ക് വേണ്ടി ഗ്രാഫ്റ്റിംഗിൽ കൂടിയും തൈകൾ ഉല്‌പാദിപ്പിക്കാം. നല്ല വലിപ്പമുള്ളതും വിളഞ്ഞു പഴുത്തതുമായ ആത്തച്ചക്കയുടെ കുരു ചെറിയ ഗ്രോബാഗിൽ പാകി കിളിർപ്പിക്കണം. രണ്ടടി ചതുരത്തിലുള്ള കുഴിയിൽ ജൈവ വളവും അതിന് ആനുപാതികമായി വേപ്പിൻ പിണ്ണാക്കും, കുമ്മായവും ചേർത്ത് വേണം കുഴിയൊരുക്കേണ്ടത്.
നാലഞ്ച് ഇല പരുവമാകുമ്പോൾ തൈ നടാനായി മാറ്റിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം നടാൻ. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയ്‌ക്ക് നന ആവശ്യമാണ്. വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചുവട് അഴുകി പോകാൻ അത് കാരണമാകും. പതിനഞ്ച് ദിവസം കൂടുമ്പോൾ ചാണകപ്പൊടിയിട്ട് മണ്ണ് കൂട്ടിക്കൊടുക്കാം. മൂന്ന് നാല് വർഷത്തിനകം കായ്ച്ചു തുടങ്ങും. ഗ്രാഫ്റ്റിംഗ് തൈകൾ ആണെങ്കിൽ ഒന്നര വർഷത്തിനകം കായ്‌ക്കും. വേനൽകാലത്ത് മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. നല്ല നനയും വളവും കിട്ടിയാൽ നല്ല വിളവ് തരും. കായ്‌കൾ മൂപ്പെത്തിയാൽ ഇളം പച്ചനിറം മാറി തവിട്ടു നിറമാകും. പൊതുവേ അധികം കീടങ്ങൾ ബാധിക്കാത്ത പഴമാണിത്, എന്തെങ്കിലും തരത്തിലുള്ള കീടബാധയുണ്ടായാൽ ജൈവകീടനാശിനി പ്രയോഗിച്ചാൽ മതി.
അനുബന്ധ വാർത്തകൾ ഉള്ളികൊണ്ട് ജൈവകീടനാശിനി
#krishijagran #kerala #farmtips #verysweet #custardapple
Share your comments