നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചെടിയാണ് കറിവേപ്പില. ഏത് കറിയാണെങ്കിലും അതിലല്‍പം കറിവേപ്പ് താളിയ്ക്കുന്നത് നമ്മുടെ ശീലമാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആവോളം അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്.
എന്നാല്‍ കറിവേപ്പ് വെയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിയ്ക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്നു.
എന്നാല്‍ കറിവേപ്പിന്റെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.
പുളിച്ച കഞ്ഞി വെള്ളം
പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ സംരക്ഷിക്കുന്നു.
തളിരിലകള്‍ വളരാൻ
പുതിയ തളിരിലകള്‍ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ നല്ലത്. കറിവേപ്പിനു ചുവട്ടില്‍ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകള്‍ കറിവേപ്പില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല കഞ്ഞിവെള്ളത്തിന്റെ മണം കീടങ്ങളെ അകറ്റുകയും ചെയ്യുന്നു.
വെള്ളം കെട്ടിക്കിടക്കരുത്
ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാകരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു.
ചാരം വിതറുക
ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിയ്ക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്.
ഇല പറിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍, പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു.
ചെടി ഉയരം വെയ്ക്കരുത്
ഇത്തരത്തില്‍ ഇലകള്‍ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുന്നില്ല. ഇതാണ് കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് നല്ലതും.
വളങ്ങള്‍
പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്‌സ്ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കുന്നതും ഇല വളരാനും ഈര്‍പ്പം നിലനിർത്തുന്നതിനും സഹായകമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഒരു വീട്ടിൽ ഒരു കറിവേപ്പ്
#agriculture#Krishi#Vegetable#food#Krishijagran
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments