മെയ്, ജൂണിൽ മികച്ചരീതിയിൽ കൃഷിയിറക്കുന്ന വിളയാണ് ചുരയ്ക്ക. വിത്തു വഴിയാണ് ഇതിൻറെ പ്രവർദ്ധനം. കേരളത്തിലെ എല്ലാത്തരം കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന ഇനമാണ് ഇത്. എങ്കിലും കർഷകർ കൂടുതലായി ഇത് കൃഷി ചെയ്യുന്നത് ജൂൺ മാസമാണ്. മഴക്കാല വിളയായി കൃഷി ചെയ്യുന്നത് കൊണ്ട് ആദ്യമഴ ലഭിക്കുന്നതോടൊപ്പം വിത്ത് പാകാം. മഴക്കാലത്ത് ഉയർത്തിയത് തവാരണകളിലും വേനൽക്കാലത്ത് ചാലു കീറിയും ഇത് കൃഷി ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: ആരുമറിയാത്ത നൂറു ഗുണങ്ങളുമായി ചുരയ്ക്ക
കൃഷി രീതി
നല്ലവണ്ണം ഉഴുതോ കിളച്ചോ നിലം ആദ്യം ഒരുക്കണം.4.5*2 മീറ്റർ ഇടയകലത്തിൽ 60 സെൻറീമീറ്റർ വ്യാസത്തിൽ ഉള്ളതും 30 മുതൽ 45 സെൻറീമീറ്റർ ആഴത്തിലുള്ളതുമായ കുഴികൾ നിർമിക്കണം. ഒന്നു മുതൽ മൂന്നു കിലോ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് സെൻറ് ഒന്നിന് മണ്ണിൻറെ അമ്ളാംശം അനുസരിച്ച് ചേർത്ത് കൊടുക്കണം. ഒന്നോ രണ്ടോ സെൻറീമീറ്റർ ആഴത്തിൽ നാലോ അഞ്ചോ വിത്തുകൾ ഒരു കുഴിയിൽ നടാവുന്നതാണ്. കൂടുതൽ ആഴത്തിൽ നട്ടാൽ മുളയ്ക്കാൻ വൈകും. നാലോ അഞ്ചോ ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കുന്നു. ആരോഗ്യമുള്ള രണ്ടോ മൂന്നോ ചെടികൾ മാത്രം നിലനിർത്തി മറ്റുള്ളവ നീക്കം ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: ചുരയ്ക്ക ജ്യൂസ്: അറിയാത്ത ആരോഗ്യ ഗുണങ്ങൾ
24 മണിക്കൂർ വെള്ളത്തിൽ വിത്തുകൾ കുതിർത്ത് വയ്ക്കുന്നത് വേഗത്തിൽ മുള വരുവാൻ സഹായകമാകും. ചുരയ്ക്ക കൃഷിയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ അർക്ക ബഹറും പൂസ സമ്മറും ആണ്. ഏറ്റവും കൂടുതൽ വിളവ് തരുന്നതും, ഇളം കായ്കൾ ഇളം പച്ച നിറത്തിൽ തിളങ്ങുന്ന തൊലി ഉള്ളതും ആദ്യത്തെ ഇനത്തിനാണ്.
Bottle gourd is a crop that is best grown in May and June
വളപ്രയോഗം
നടീൽ സമയത്ത് ആദ്യം വളപ്രയോഗം നടത്താം. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 303 ഗ്രാം, 555 ഗ്രാം, 167 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കുക. രണ്ടാംഘട്ട വളപ്രയോഗം നടത്തുമ്പോൾ യൂറിയ 181 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കുക. മൂന്നാംഘട്ട വളപ്രയോഗം നടത്തുമ്പോൾ യൂറിയ 181 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കാം. നടീൽ സമയത്ത് ഒരു സെന്റിന് 90 കിലോഗ്രാം ജൈവവളം ചേർത്ത് കൊടുക്കുന്നത് കൂടുതൽ വിളവിന് നല്ലതാണ്. ഒരേക്കർ സ്ഥലത്തിലേക്ക് ആവശ്യമായ വളം കണക്കാക്കാൻ മേൽപ്പറഞ്ഞ അളവുകളെ നൂറു കൊണ്ട് ഗുണിച്ചാൽ മതി. നിർദ്ദേശിക്കപ്പെട്ട വളപ്രയോഗ ത്തിൻറെ രണ്ടാം ഘട്ടം ചെടികൾ പടർന്നുപിടിക്കുന്ന സമയത്തും, മൂന്നാംഘട്ടം ചെടികൾ പൂവിടുന്ന സമയത്തും നടത്തുക. രാസവളം വള്ളിയിൽ തൊടാതെ ഇട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വളപ്രയോഗം കഴിഞ്ഞതിനുശേഷം മണ്ണ് ഇട്ട് മൂടുക. കളനിയന്ത്രണം കൃത്യസമയങ്ങളിൽ ചെയ്യുവാൻ മറക്കരുത്. പറിച്ചു നടുന്നതിന് മുൻപോ വിതച്ചു കഴിഞ്ഞോ പുതയിട്ട് നൽകാം. ചുരയ്ക്ക നിലത്തോ പന്തലിലോ പടർത്തി വളർത്താം. നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വള്ളികൾ നീളം വച്ചു തുടങ്ങും. മുള കമ്പുകളോ മരക്കാലോ നാട്ടി ഒന്നര മീറ്റർ ഉയരത്തിൽ പന്തൽ കെട്ടിവെച്ചു കൃഷി ചെയ്യാം.
നിലത്തു പടർന്നു വളരുന്നവയ്ക്ക് തെങ്ങോല പരത്തിയിട്ട് കൊടുക്കുന്നത് നല്ലതാണ്. വളർന്നു പന്തലിൽ എത്തുന്നതുവരെ പാർശ്വ വള്ളികൾ നീക്കംചെയ്തു കൊണ്ടേയിരിക്കണം. തുടക്കത്തിൽ മൂന്ന് മുതൽ നാല് ദിവസത്തിലൊരിക്കൽ ജലസേചനം നടത്തിയാൽ മതി. മഴക്കാലം ആയതുകൊണ്ട് നീർവാർച്ച സംവിധാനങ്ങൾ അവലംബിക്കുന്നത് ചെടിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചുരയ്ക്ക കൃഷി രീതിയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Share your comments