ലോക കമ്പോളത്തിൽ തന്നെ ഏറ്റവുമധികം വിലമതിക്കുന്ന തടി വിളയാണ് വീട്ടി. ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മുന്തിയ ഇനം മരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്ന വീട്ടി കൃഷി ചെയ്യുന്നത് മികച്ച ലാഭം നേടി തരുന്ന ഒന്നാണ്. വീടുപണിക്കും, കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും വീട്ടി വളരെ അനുയോജ്യമാണ്.
വീട്ടിയുടെ പ്രത്യേകതകൾ
ഏകദേശം 30 മീറ്ററിൽ അധികം പൊക്കം കൈവരിക്കുകയും അഞ്ച് മീറ്ററിലധികം വണ്ണം ഉണ്ടാവുകയും ചെയ്യുന്ന വൃക്ഷമാണ് വീട്ടി. കേരളത്തിൽ വീട്ടിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വയനാട് ജില്ലയിലാണ്. ഇതിൻറെ വെള്ളയ്ക്ക് മഞ്ഞ കലർന്ന വെള്ള നിറമാണ്. വ്യക്തമായ കറുത്ത വരകളുള്ള തവിട്ട് നിറം കാണപ്പെടുന്ന കാതലാണ് ഇവയ്ക്ക്. തേക്കിനേക്കാൾ ഉറപ്പും കാഠിന്യവും ഉള്ള ഈ വൃക്ഷം ഉപയോഗപ്പെടുത്തി ജനലുകളും വാതിലുകളും നിർമിച്ചാൽ ഏകദേശം 70 വർഷം വരെ കേടുകൂടാതെയിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ : ഉങ്ങ് മരത്തിന്റെ കൃഷി രീതിയും ഔഷധഗുണങ്ങളും അറിയാം
കൃഷി രീതി
വിത്തുകൾ നേരിട്ട് പാകിയും, തൈകൾ നട്ടും വീട്ടി വളർത്തിയെടുക്കാം. വിത്ത് വഴി കൃഷി ആരംഭിക്കുമ്പോൾ വിളഞ്ഞ കായ്കൾ നവംബർ-ഡിസംബർ മാസങ്ങളിൽ മരത്തിൽനിന്ന് ശേഖരിക്കണം. ഇവ വെയിലത്ത് ഉണക്കിയ ശേഷം മാത്രമേ നടാവൂ. നടുന്നതിന് ഒരു ദിവസം മുൻപ് തണുത്ത വെള്ളത്തിൽ മുക്കി വെക്കുന്നത് മുളശേഷി വർദ്ധിപ്പിക്കുവാൻ നല്ലതാണ്. വ്യാവസായിക അടിസ്ഥാനത്തിൽ തോട്ടമായി കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് തൈകൾ വച്ചുപിടിപ്പിക്കുന്നതാണ് നല്ലത്. സ്റ്റമ്പ് ഉപയോഗിച്ചും കൃഷി ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ : ചന്ദന മരങ്ങൾ
ഒരു വർഷം പ്രായമായ തൈകളിൽ നിന്ന് സ്റ്റമ്പുകൾ തയ്യാറാക്കാം. ഇതിനുവേണ്ടി 3 സെൻറീമീറ്റർ വ്യാസമുള്ള തണ്ടുകളും 30 സെൻറീമീറ്റർ നീളമുള്ള വേരുകളും മുറിച്ചു മാറ്റണം. തൈകൾക്ക് 30 സെൻറീമീറ്റർ ഉയരവും കടയ്ക്ക് 3 സെൻറീമീറ്റർ കനവും വേരുകൾക്ക് 15 സെൻറീമീറ്റർ നീളവും ഇലകൾ 30-40 എണ്ണം ആവുമ്പോൾ പറിച്ചുനടാം. കൃഷിക്ക് ഒരുങ്ങുമ്പോൾ 30 സെൻറീമീറ്റർ ആഴമുള്ള കുഴികളെടുത്ത് 5*5 മീറ്റർ അകലത്തിൽ നടുക. മഴക്കാല ആരംഭത്തോടെ വേണം കൃഷി ചെയ്യുവാൻ. മഴയുടെ ആരംഭത്തോടെ മേല്പറഞ്ഞ അളവിൽ കുഴികളെടുത്ത് അഞ്ച് കിലോഗ്രാം കാലിവളവും മേൽമണ്ണും ചേർത്ത് നിറയ്ക്കുക. ഇവ സൂര്യപ്രകാശം ലഭ്യമാകുന്ന നീർവാർച്ചയുള്ള മണ്ണിൽ കൃഷി ചെയ്യുന്നതാണ് ഉത്തമം. ചെറുപ്രായത്തിൽ ഇവയ്ക്ക് നല്ല രീതിയിൽ തണലൊരുക്കി കൊടുക്കണം. ചെറിയ പ്രായത്തിൽ വളരെ സാവധാനത്തിലാണ് ഇവയുടെ വളർച്ച. എന്നാൽ കാലക്രമേണ നല്ല ആകൃതി ഈ വൃക്ഷം കൈവരിക്കും.
ഇവയുടെ വളർച്ചയുടെ തോത് അനുസരിച്ച് രണ്ടാം കൊല്ലം മുതൽ 30 കിലോഗ്രാം കാലിവളം നൽകുക. ഫെബ്രുവരി- മാർച്ച് മാസത്തോടെ ഇവയിൽ നിന്ന് ഇലകൾ കൊഴിയുകയും ജനുവരി -ഫെബ്രുവരി മാസത്തിൽ വെള്ളനിറമുള്ള പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. മാർച്ചിലാണ് കായകൾ ഉണ്ടാകുന്നത്. ഇവ വിളഞ്ഞ പാകമാകാൻ 8മാസം കാത്തിരിക്കേണ്ടിവരും. ഇതിൽ നിന്നും മികച്ച തൈകൾ ഉൽപാദിപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ : അശോക മരത്തിൻറെ കൃഷിരീതിയും ഔഷധ പ്രയോഗങ്ങളും
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments