Farm Tips

പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

വേനല്‍ച്ചൂടിൻ്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. സൂര്യപ്രകാശവും മഴവെള്ളവും നേരിട്ടു പതിക്കുന്നത് മണ്ണിനും വിളകള്‍ക്കും ഒട്ടും ഗുണകരമല്ല. ഇതില്‍നിന്നു രക്ഷനേടാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ് പുതയിടല്‍.നമ്മുടെ മണ്ണിലെ ജൈവാംശത്തിൻ്റെ തോത് ഒരുശതമാനത്തില്‍ താഴെയാണ്. 

ജൈവാംശമില്ലാത്ത മണ്ണിന് ആരോഗ്യവും കുറവാകും. നമ്മുടെ ചുറ്റുവട്ടത്തുനിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി വിളകളുടെ ചുവട്ടില്‍ പുതയിടുകയാണെങ്കില്‍ ജൈവാംശത്തിൻ്റെ അളവു കൂട്ടാനും മണ്ണിൻ്റെ ഗുണം മെച്ചപ്പെടുത്താനും സാധിക്കും.

* തുറസ്സായിക്കിടക്കുന്ന ഭൂമിയുടെ പ്രതലത്തെ ഏതെങ്കിലും വസ്തുവിനാല്‍ മൂടുന്ന പ്രക്രിയയാണ് പുതയിടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

* മണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പുത അത്യാവശ്യമാണ്.

* മണ്ണിന്റെ താപവില കാര്യമായ വ്യതിയാനംവരാതെ താപക്രമീകരണം നടത്താനും മണ്ണിനെ പുതപ്പിക്കണം. 

* പുരയിടത്തില്‍ സുലഭമായ പാഴ്വസ്തുക്കള്‍ പുതയാക്കുന്നതുവഴി ചെലവുകുറഞ്ഞ രീതിയില്‍ ജലസംരക്ഷണം സാധ്യമാകും. 

*ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള പുത കാലക്രമത്തില്‍ ദ്രവിച്ചുചേരുകവഴി മണ്ണിന്റെ വളക്കൂറ് വര്‍ധിക്കും. 

* മണ്ണിന്റെ ഈര്‍പ്പവും ചൂടും സംരക്ഷിക്കുന്നതോടൊപ്പം പോഷകഘടകങ്ങള്‍ ഒലിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും പുതയ്ക്ക് കഴിയുന്നു. 

* വെള്ളത്തുള്ളികള്‍ നേരിട്ട് മണ്ണില്‍ പതിക്കാത്തതിനാല്‍ ഉപരിതലത്തിലുള്ള മണ്ണൊലിപ്പ് കുറയും.

* മണ്ണിരയുടെയും സൂക്ഷ്മാണുക്കളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മണ്ണിൻ്റെ ഘടനയും സ്വഭാവവും നന്നാക്കാനും പുത സഹായിക്കും. 

* പൂക്കളും കായകളും വെള്ളവുംമണ്ണും തെറിച്ച് കേടാകാതെ തടയുന്നു.


* മണ്ണിലൂടെ പകരുന്ന പല രോഗാണുക്കളും കീടങ്ങളും മറ്റും കൃഷിയിടത്തിൻ്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ഒരുപരിധിവരെ തടയാനും പുത സഹായിക്കും. 

* സ്ഥിരമായി ഈര്‍പ്പമുള്ള അവസ്ഥയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം. അതുകൊണ്ടുതന്നെ പുതയിടല്‍ ഒരു സംരക്ഷണകവചം എന്നതിലുപരി ഉല്‍പ്പാദന വര്‍ധനവിനും സഹായിക്കുന്നു.

* സൂര്യപ്രകാശം മണ്ണിലെത്തുന്നതു തടഞ്ഞ് കളവിത്തുകള്‍ മുളയ്ക്കുന്നത് നിയന്ത്രിക്കും.

* മണ്ണിൻ്റെ താപക്രമീകരണത്തിലൂടെ വേരുവളര്‍ച്ച ത്വരിതപ്പെടുത്തും. 

* ജൈവിക പുതയായി വൈക്കോല്‍, ഉണങ്ങിയ കളകള്‍, കരിയില, ഉണക്ക ഓല, മരച്ചീളുകള്‍, മരത്തിൻ്റെ പുറംതൊലി, അറക്കപ്പൊടി, ചകിരി തുടങ്ങി ഏത് ജൈവവാശിഷ്ടവും ഉപയോഗിക്കാം.

* കരിയിലകള്‍ പച്ചക്കറിക്കൃഷിക്ക് പുതയാക്കാം. 

* തെങ്ങിന്‍തടങ്ങളില്‍ തൊണ്ട്, ചകിരിച്ചോര്‍, അടയ്ക്കാതൊണ്ട് തുടങ്ങിയവ വിരിക്കാം. അറക്കപ്പൊടി, മരച്ചീളുകള്‍, ചെറുശിഖരങ്ങള്‍ ഇവ സാവധാനത്തിലേ ചീയുകയുള്ളു. അതുകൊണ്ടുതന്നെ ദീര്‍ഘകാലം നിലനില്‍ക്കും. 

* ഏതു ചെടിക്കും അതിൻ്റെ തടത്തില്‍ വട്ടത്തിലാണ് പുതയൊരുക്കേണ്ടത്.


* കാര്‍ഷികാവശിഷ്ടങ്ങള്‍ ഒന്നുണങ്ങി വാടിയശേഷം പുതയിടാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ അഴുകിത്തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ചൂടും രാസപ്രവര്‍ത്തനങ്ങളും ചെടിയെ പ്രതികൂലമായി ബാധിക്കും.


* ഒന്നിച്ച് കൂട്ടിയിടാതെ തടം മുഴുവന്‍ രണ്ടുമുതല്‍ ആറ് ഇഞ്ച് കനത്തില്‍വരെ പുതയിടാം.

* ചുവടുമറയാതെ ചെടിയുടെ ചുവട്ടില്‍നിന്ന് കുറച്ചു മാറിവേണം പുതയിടാന്‍.


* ജലാംശം കൂടുതലുള്ള വസ്തുവോ പൊടിരൂപത്തിലുള്ള വസ്തുവോ ഉപയോഗിക്കുമ്പോള്‍ പുതയുടെ കനം മൂന്ന് ഇഞ്ചില്‍ കൂടരുത്. 

* കളകള്‍ നീക്കി ഒരു നകൂടി നടത്തിയശേഷം പുതയിടുന്നതിന് ഗുണം കൂടും.

* പുതയിട്ട വസ്തുക്കള്‍ ചീഞ്ഞുനാറുന്ന അവസ്ഥയുണ്ടായാല്‍ ഇളക്കിമറിച്ച് വായുസഞ്ചാരം ഉറപ്പുവരുത്തി കനം കുറയ്ക്കാം. ഈ ഗുണഫലങ്ങളെക്കാള്‍ കേരളത്തിലെ മണ്ണിന് ഇന്ന് ഏറ്റവും അത്യാവശ്യം ജൈവാംശമാണ്. 

* ആരോഗ്യമുള്ള മണ്ണില്‍ ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം ജൈവാംശം വേണമെന്നതാണ് കണക്ക്.

* മണ്ണിൻ്റെ ജലാഗിരണശേഷിയും ജലസംഭരണശേഷിയും വര്‍ധിക്കുന്നതിനും വിളയുടെ ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനും ജൈവപുത സഹായിക്കും.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox