ഔഷധത്തിനായി പ്രയോജനപ്പെടുത്തുന്ന ധാരാളം സസ്യങ്ങളുണ്ട്. ഔഷധഗുണങ്ങള്‍ക്കനുസരിച്ച് സസ്യത്തിന്റെ വേര്, ഇല, കായ്, പൂവ്, പൂങ്കുല, കാതല്‍, തൊലി, കറ, പശ, കിഴങ്ങ് ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നു. ഔഷധസസ്യങ്ങളുടെ കൂട്ടത്തില്‍ വിഷസ്വഭാവം കാട്ടുന്ന സസ്യങ്ങളുമുണ്ട്. ആ വിഷസസ്യങ്ങൾ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
കുന്നി (Abrus precatorius)
ഒരു പടര്‍പ്പന്‍ ചെടിയായി പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ഔഷധസസ്യമാണ് കുന്നി. പച്ച ഇലകളും തിളക്കമുള്ള കടുചുവപ്പും കറുപ്പും ചേര്‍ന്ന വിത്തുകളും കുട്ടികളെ ഏറെ ആകര്‍ഷിക്കാറുണ്ട്. കുന്നിക്കുരുവില്‍ അബ്രിന്‍ എന്ന ആല്‍ബുമിനും അബ്രിലിന്‍ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിട്ടുണ്ട്. ഇലയിലും അബ്രിന്‍ ഉണ്ട്. കട്ടിയുള്ള പുറന്തോട് പൊട്ടിയാല്‍ മാത്രമേ വിഷം പുറത്തുവരൂ. കുരുവിനെ കൂടാതെ വേര്, ഇല, പട്ട ഇവയും വിഷമയമാണ്. വിഷം ഉള്ളില്‍ ചെന്നാല്‍ ശക്തിയായ ഛര്‍ദി, വയറിളക്കം, ഇവയെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണത്തിനിടയാക്കും. പാണ്ടുരോഗം, മുടികൊഴിച്ചില്‍, ഗോയിറ്റര്‍, നീര് ഇവയില്‍ ആയുര്‍വേദം കുന്നിയെ പ്രയോജനപ്പെടുത്തുന്നു.
മാതളം (Punica granatum)
വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന ഔഷധസസ്യമാണ് മാതളം. ദഹനശക്തിക്കുറവിനും, രക്തക്കുറവിനും, തളര്‍ച്ചയ്ക്കും മാതളം നല്ല ഫലം തരും. കൂടാതെ ക്ഷീണം അകറ്റാനും ബീജവര്‍ധനവിനും മാതളം ഉപയോഗപ്പെടുത്താറുണ്ട്. മാതളത്തിന്റെ പട്ടയും കറയുമാണ് വിഷമായഭാഗങ്ങള്‍. തണ്ടിന്റെയും വേരിന്റെയും തൊലിയില്‍ പെല്ലറ്റിറൈന്‍, മീഥൈന്‍ ഐസോപെല്ലെറ്റിറൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. സസ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ വലിയ അളവില്‍ ടാനിക് അമ്ലം ഉണ്ട്. പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, വൈറ്റമിന്‍ സി, പെക്റ്റിന്‍ തുടങ്ങിയവ അടങ്ങിയ ഫലം പോഷകസമ്പന്നമാണ്. തണ്ടിലെ കറ അധികമായി ഉള്ളില്‍ചെന്നാല്‍ തലവേദന, തലകറക്കം, ഛര്‍ദി, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ആദ്യമുണ്ടാകും. വിഷം കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതോടൊപ്പം കാഴ്ചശക്തിയെ സാരമായി ബാധിക്കും. ശ്വാസതടസ്സംമൂലം മരണം സംഭവിക്കാം.
മേന്തോന്നി (Gloriosa Superba Lin)
ഭംഗിയുള്ള പുഷ്പങ്ങളുമായി വൃക്ഷങ്ങളില്‍ പടര്‍ന്നുവളരുന്ന ഔഷധച്ചെടിയാണ് മേന്തോന്നി. ത്വക്രോഗം, ദഹനപ്രശ്നങ്ങള്‍, അര്‍ശ്ശസ്, നീര് തുടങ്ങിയ രോഗങ്ങളില്‍ മേന്തോന്നി ഉപയോഗിക്കാറുണ്ട്. ശരീരത്തില്‍ മുള്ളു തറച്ചാല്‍ മേന്തോന്നിക്കിഴങ്ങ് അരച്ചുപുരട്ടിയാല്‍ മുള്ള് പുറത്തുവരും. പാമ്പിന്‍വിഷ ചികിത്സയിലും ഉപയോഗിക്കാറുണ്ട്. കിഴങ്ങാണ് വിഷമുള്ള ഭാഗം. മേന്തോന്നിക്കിഴങ്ങില്‍ സൂപ്പര്‍ബൈന്‍, ഗ്ലോറിയോസൈന്‍, കോള്‍ച്ചിസിന്‍ എന്നീ ഘടകങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ശുദ്ധിചെയ്യാത്ത മേന്തോന്നിക്കിഴങ്ങ് കഴിച്ചാല്‍ ചുണ്ടിലും വായിലും തൊണ്ടയിലും മരവിപ്പ്, പൊള്ളല്‍, ചുട്ടുനീറ്റല്‍ ഇവ അനുഭവപ്പെടും. കൂടുതല്‍ അളവിലായാല്‍ ഛര്‍ദി, വിരേചനം, ത്വക്കില്‍ മരവിപ്പും പെരുപ്പും ഉണ്ടാകും. ഹൃദയസ്തംഭനംമൂലം മരണം സംഭവിക്കാം. മേന്തോന്നി വിഷബാധ ഉണ്ടായാല്‍ ചുക്ക് അരച്ച് വെള്ളത്തില്‍ കലക്കി കഴിപ്പിക്കണം.
നീല ഉമ്മം (Datura metel)
നീലനിറത്തില്‍ മനോഹരപുഷ്പങ്ങള്‍ ഉള്ളതും വിഷശക്തി ഏറെയുള്ളതുമായ നീല ഉമ്മം ആണ് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നത്. ആസ്ത്മ, ആര്‍ത്തവവേദന, പേപ്പട്ടിവിഷബാധ, താരണം തുടങ്ങിയ രോഗങ്ങളില്‍ ഉമ്മത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ എല്ലാ ഭാഗവും വിഷമയമാണ്. ഉമ്മത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും വിഷസ്വഭാവമുണ്ട്. വിത്തില്‍ വിഷാംശം കൂടുതലാണ്.
കാഞ്ഞിരം (Strychnos nux-vomica)
വേരുമുതല്‍ ഇലവരെ കയ്പുരസം നിറഞ്ഞ മരമാണ് കാഞ്ഞിരം. സന്ധിവാതം, തളര്‍വാതം, വ്രണം, തലവേദന തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗിക്കുന്നു. കാഞ്ഞിരപ്പലകകൊണ്ടുള്ള കട്ടില്‍ വാതശമനമാണ്. വിഷചികിത്സയിലും ശുദ്ധിചെയ്ത കാഞ്ഞിരക്കുരു ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പരന്ന് വൃത്താകൃതിയിലുള്ള കുരുക്കളാണ് കാഞ്ഞിരവൃക്ഷത്തിലെ വിഷത്തിന്റെ കലവറ. സ്ട്രിക്നിന്‍, ബ്രൂസിന്‍, വോമിസിന്‍ തുടങ്ങിയ അപകടകരമാകുന്ന രാസപദാര്‍ഥങ്ങൾ വിത്ത്, ഇല, വേര്, തടി, പട്ട എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. 30-120 മില്ലിഗ്രാംവരെ കുരുക്കള്‍ ഉള്ളില്‍ ചെന്നാല്‍ മരണമുണ്ടാകും. ഇല കഴിക്കുന്നതും മാരകമാണ്. വിഷം ഉള്ളില്‍ചെന്നാല്‍ പേശിവലിയല്‍, വിറയല്‍, കൈകാലുകള്‍ കോച്ചിവലിയല്‍, ഒടുവില്‍ രക്തസമ്മര്‍ദം കുറഞ്ഞ് മരണവും സംഭവിക്കും.
ആവണക്ക് (Ricinus communis)
ആവണക്ക് വെളുത്തത്, ചുമന്നത് എന്നിങ്ങനെ രണ്ടുതരം. ശക്തമായ വാതത്തെപ്പോലും ശമിപ്പിക്കാന്‍ കഴിയുന്ന ഔഷധമാണിത്. ആവണക്കിന്റെ കണ്ഡവും ഇലയിലെ വിത്തും വിഷമയമാണ്. എണ്ണയ്ക്ക് വിഷഗുണം കുറവാണ്. ഫലവും വിത്തും വലുപ്പമേറിയതും വിഷംകൂടുതലുള്ളതുമാണ്. കുരുവിലെ പ്രധാന ഘടകമായ "റിസിന്‍' ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും. വിഷബാധയില്‍ വായും തൊണ്ടയും ചുട്ടുനീറുക, വെള്ളദാഹം, തലച്ചുറ്റല്‍ ഇവ ഉണ്ടാകും. ആറു മി.ഗ്രാം റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ മാരകമാവുകയും മരണം സംഭവിക്കുകയും ചെയ്യും.
Share your comments