കാപ്പി നല്ലൊരു കാർഷികവിളയെന്നതിലുപരി മികച്ച വരുമാനം തരുന്നവയുമാണ്. നന്നായി തണലുള്ളയിടങ്ങളാണ് കാപ്പി കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. തണൽ കൂടുന്നതിന് അനുസരിച്ച് വളർച്ച നന്നാകുന്നുവെന്നതാണ് കാപ്പിച്ചെടികളുടെ പ്രത്യേകത.
കാപ്പി ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്. റബ്ബറിന്റെ ഇടവിളയായിട്ടാണ് ഏറെപ്പേരും കൃഷി ചെയ്യുന്നത്. ഇരുപതടി അകലത്തിൽ നട്ട റബർ മരങ്ങൾക്കിടയിൽ മൂന്നു നിരയായും 15 അടി അകലത്തിൽ നട്ട മരങ്ങൾക്കിടയിൽ രണ്ടു നിരയായും കാപ്പി നട്ടുവളർത്താം. പതിനെട്ടു മാസമെത്തുമ്പോൾ കായ് പിടിച്ചു തുടങ്ങും. മൂന്നാംവർഷം മുതൽ ഒരു ചെടിയിൽ നിന്ന് ഒരു കിലോ വരെ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും.
വിത്തിൽ നിന്നാണ് കാപ്പി തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചെടികളിൽനിന്നും മുക്കാൽ ഭാഗമോ, പൂർണമായും പഴുത്തതോ ആയ ആരോഗ്യമുള്ള കായ്‌കൾ വേണം വിത്തിനായി ശേഖരിക്കാൻ. കായ്‌കൾ വെള്ളത്തിലിട്ട്, പൊന്തിക്കിടക്കുന്നവയെ മാറ്റി കളയണം. പിന്നീട് കായിലെ തൊണ്ടും വഴുവഴുക്കലും നീക്കം ചെയ്‌ത് കുരു കഴുകി വെള്ളം വാർത്ത്, അരിച്ച്, കേടു വന്നവ നീക്കം ചെയ്യുന്നു.
കുരു ചാരവുമായി നന്നായി ചേർത്ത് 5cms കനത്തിൽ അഞ്ച് ദിവസം തണലിൽ ഉണക്കിയെടുക്കുക. വിത്തുകൾ ആരോഗ്യത്തോടെ വേഗത്തിൽ മുളക്കാൻ അത് സഹായിക്കും.
റബറിന്റെ വിലയിടിവിൽ നിന്ന് പിടിച്ചുനിൽക്കാൻ കർഷകർക്ക് നല്ല ആദായമാർഗമാണ് ഈയിനം കാപ്പി. രണ്ടുവർഷം വളർച്ചയെത്തുമ്പോൾ ആദ്യത്തെ പ്രൂണിംഗ് നടത്തണം.
നാലുവർഷമെത്തുമ്പോൾ രണ്ടാമതും പ്രൂൺ ചെയ്‌താൽ ചെടികൾ വലിയ പൊക്കത്തിലെത്താതെ കുടപോലെ വളർന്നുനിൽക്കും. അത് വിളവെടുപ്പിന് എളുപ്പമാകും. ചെടികൾ തമ്മിൽ എപ്പോഴും കുറഞ്ഞത് നാലരയടി അകലം വേണം.
Share your comments