അടുക്കളത്തോട്ടത്തിലായാലും വീട്ടുവളപ്പിലായാലും ഒരു മുളക് ചെടിയെങ്കിലും വളർത്താത്തവർ വിരളമായിരിക്കും. നമ്മുടെ ഏത് ആഹാരത്തിലും ഒഴിച്ചുകൂടാനാവാത്ത പച്ചക്കറി കൂടിയാണ് മുളക്. അതിനാൽ തന്നെ വീട്ടാവശ്യത്തിനുള്ള മുളക് വിഷാംശമില്ലാതെ ലഭിക്കാൻ ആയിരിക്കും എല്ലാവരും താൽപ്പര്യപ്പെടുന്നത്. അതിനാൽ തന്നെ ആവശ്യത്തിനുള്ള മുളക് വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതിനും മിക്കവരും താൽപ്പര്യപ്പെടുന്നു.
ഇത് മാത്രമല്ല, വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാമെന്നതും നന്നായി വിളവ് ലഭിക്കുമെന്നതും മറ്റൊരു നേട്ടമാണ്. ഗ്രോ ബാഗുകളിലും ചാക്കുകളിലും വെറും നിലത്തുമെല്ലാം നന്നായി വളരുന്ന വിളയാണിത്. എങ്കിലും കീടാക്രമണത്താലോ അതുമല്ലെങ്കിൽ വളക്കൂറ് കൊണ്ടോ പച്ചമുളകിൽ നിന്നും നന്നായി വിളവ് ലഭിക്കുന്നില്ലെങ്കിൽ അതിന് മികച്ച ഉപായമുണ്ട്. നമ്മുടെ വീട്ടിൽ തന്നെയുള്ളവ ഉപയോഗിച്ച് മുളക് കൃഷിയിൽ നിന്നും ആദായമെടുക്കാം.
ഒട്ടും തന്നെ കീടബാധ ഉണ്ടാകാതെ പച്ചമുളക് വിളവെടുക്കണമെങ്കിൽ അതിനുള്ള എളുപ്പവിദ്യയാണ് ചുവടെ വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍
പച്ചമുളകിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ നമ്മുടെ അടുക്കളയിലുള്ള വെളുത്തുള്ളി തന്നെ ധാരാളം. വെളുത്തുള്ളി ഉപയോഗിച്ച് എങ്ങനെ മുളക് കൃഷിയിൽ നേട്ടം കൈവരിക്കാമെന്ന് മനസിലാക്കാം. വെളുത്തുള്ളിയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉൾക്കൊള്ളുന്ന അലിസിൻ എന്ന സംയുക്തത്തിന്റെ സാന്നിധ്യമുണ്ട്. ഇത് കീടങ്ങളെ പ്രതിരോധിക്കാൻ ഉത്തമമാണ്.
മുളകിന് മാത്രമല്ല, അടുക്കളത്തോട്ടത്തിലെ വഴുതനയ്ക്കും തക്കാളിക്കും പടവലത്തിനുമെല്ലാം കീടാക്രമണത്തിൽ നിന്ന് സുരക്ഷ നൽകാൻ ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്.
ഇതിനായി 20 ഗ്രാം വെളുത്തുള്ളിയും വെള്ളവും മാത്രമാണ് ആവശ്യമായുള്ളത്. 20 ഗ്രാം വെളുത്തുള്ളി തൊലിയോട് കൂടി എടുത്ത് 1 ലിറ്റർ വെള്ളത്തിൽ അരച്ച് ചേർത്ത് പേസ്റ്റാക്കുക. ഇത് പിന്നീട് അരിച്ചെടുത്ത് ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കാം. ശേഷം ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ചെടികൾക്ക് സ്പ്രേ ചെയ്ത് കൊടുക്കാം. രണ്ടാഴ്ച ഇത് തുടരാവുന്നതാണ്. കീട ബാധ ഒഴിവാക്കാൻ വളരെ മികച്ച ഉപായമാണിത്.
കീട ബാധ ഇല്ലെങ്കിലും ഇത് വിളകളിൽ പ്രയോഗിക്കാവുന്നതാണ്. പുഴുക്കേട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്ക് എതിരെയും ഇലചുരുളിപ്പ് രോഗങ്ങൾക്ക് എതിരെയും ഇത് ഫലപ്രദമാണ്.
വെളുത്തുള്ളി സ്പ്രേ ചെയ്ത് കൊടുത്ത ശേഷം നമ്മുടെ പറമ്പിലുള്ള ചാരും ചാണകപ്പൊടിയും മണ്ണും തുല്യ അളവിൽ എടുത്ത് ചെടിയുടെ ചുവട്ടിൽ ഇടുക. ഇതിന് ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുക്കുക. നിങ്ങളുടെ മുളക് നന്നായി വിളവ് തരാൻ ഇത് സഹായിക്കും.
ഖാരിഫ് വിളയായും റാബി വിളയായും മുളക് കൃഷി ചെയ്യാം. മെയ് മുതൽ ജൂൺ വരെയും സെപ്തംബർ മുതൽ ഒക്ടോബർ വരെയുമാണ് മുളക് കൃഷി ചെയ്യാനുള്ള പ്രധാന സമയം. മുളക് കൃഷിക്ക് അധികം ജലം ആവശ്യമില്ല. അതുകൊണ്ട് തന്നെ കനത്ത മഴയും കെട്ടിക്കിടക്കുന്ന വെള്ളവും വിളകളെ നശിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ : അടുക്കളത്തോട്ടത്തിലെ വളപ്രയോഗ രീതികൾ
മുളകിന്റെ തൈകൾ നട്ട് ഏകദേശം 30 ദിവസം കഴിഞ്ഞ പൂവിടാൻ തുടങ്ങും. ഈ സമയങ്ങളിൽ 15 ദിവസത്തെ ഇടവേളയിൽ ജൈവവളങ്ങൾ നൽകണം.
Share your comments