പകൽ സമയത്ത് സമയം ലഭിക്കാത്തതിനാൽ പലരും ചെടികൾ നനയ്ക്കാൻ സമയം കണ്ടെത്തുന്നത് രാത്രി കാലങ്ങളിലാണ്. ഇത് എത്രത്തോളം ചെടികളെ ബാധിക്കുന്നുവെന്ന് നോക്കാം.
ചെടി പരിപാലനത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നന തന്നെയാണ്. എന്നാൽ എല്ലാ ചെടികൾക്കും ഒരുപോലെയല്ല വെള്ളത്തിൻറെ അളവ് വേണ്ടിവരുന്നത്. ചില ചെടികൾക്ക് വെള്ളം കൂടുതലായാലും നാശം സംഭവിക്കും. മറ്റു ചില ചെടികൾക്ക് രണ്ടു തവണയെങ്കിലും നനയ്ക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ നമ്മുടെ സൗകര്യം നോക്കി നനയ്ക്കുന്നത് ശരിയല്ല.
രാത്രി നനയ്ക്കുന്നത് ചെടികൾക്ക് ഗുരുതരമായ ദോഷം ചെയ്യും. കാരണം പകൽ സമയത്ത് ആവശ്യത്തിന് വെള്ളം ലഭിക്കുകയും ബാക്കി വെള്ളം വെയിലേറ്റ് പോകുകയും ചെയ്യും. എന്നാൽ രാത്രിയിലെ സാഹചര്യം അങ്ങനെയല്ല. ആവശ്യത്തിൽ കൂടുതൽ വെള്ളം ചെടികളിൽ, പ്രത്യേകിച്ച് ഇലകളിൽ തങ്ങിനിൽക്കും. ഇത് ഇലകളിൽ ഫംഗസുണ്ടാകാനുള്ള സാഹചര്യമുണ്ടാകും. നനഞ്ഞ ഇലകളും ഈർപ്പമുള്ള കാലാവസ്ഥയും ഫംഗസിന് പറ്റിയ സാഹചര്യമാണ് ഒരുക്കുന്നത്.
രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആണ് ചെടികൾ നനയ്ക്കാൻ പറ്റിയ സമയം. രാവിലെ തണുത്തിരിക്കുന്ന കാലാവസ്ഥയിൽ വെള്ളം പെട്ടെന്നുതന്നെ മണ്ണിലേക്ക് ഇറങ്ങാനും വേരുകളിലേക്ക് എത്താനും സഹായിക്കും. നനയ്ക്കുമ്പോൾ ഒരുപാടു വെള്ളം ബാഷ്‌പീകരിച്ച് പോകാനുള്ള സാധ്യത ഈ സമയത്ത് കുറവാണ്. അതുമാത്രമല്ല, രാവിലെ നനയ്ക്കുമ്പോൾ ചെടികളിൽ ദിവസം മുഴുവൻ വെള്ളം നിലനിൽക്കാനും സഹായിക്കും.
വെയിലിൻറെ കാഠിന്യത്തെ പ്രതിരോധിക്കാനും ഇത് ചെടികളെ സഹായിക്കും.
Share your comments