തെങ്ങിന്റെ കുരുത്തോല തന്നെ കതിച്ച് മുറിച്ചു മുന്നേറുന്ന കൊമ്പൻ ചെല്ലി തെങ്ങിന്റെ മുഖ്യ ശത്രുക്കളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു. ഇന്ത്യയിൽ മാത്രം കേര കൃഷിയിൽ ഏകദേശം 10 ശതമാനത്തോളം വാർഷിക നഷ്ടം കൊമ്പൻ ചെല്ലി വരുത്തുന്നു എന്നാണു കണക്ക്. നെറുകയിൽ കൊമ്പുള്ള ഈ കരിമ്പൻ വണ്ട് ചാണകക്കുഴികളിലും കമ്പോസ്റ്റ് കൂനകളിലും തെങ്ങിന്റെ ചീഞ്ഞഴുകിയ ഭാഗങ്ങളിലും മറ്റ് ജൈവമാലിന്യങ്ങളിലുമൊക്കെയാണ് മുട്ടിയിട്ടു പെരുകുന്നത്. പെൺ ചെല്ലി 150 മുട്ട വരെ ഇടും. 8-18 ദിവസം മതി മുട്ട വിരിയാൻ.
മുട്ട വിരിഞ്ഞിറങ്ങുന്ന തടിച്ചുരുണ്ട വെള്ള കലർന്ന ചാര നിറമുള്ള പുഴുക്കൾ ജീർണ്ണ പദാർത്ഥങ്ങൾ തിന്നാണ് വളരുക. മൂന്നു പ്രാവശ്യം പുറംതോൽ പൊഴിച്ച് ഇവ വളർച്ച പൂർത്തിയാക്കും. പിന്നെ സമാധി ദശയാണ്. സമാധിക്കൂടിനുള്ളിൽ 10-25 ദിവസം കഴിച്ചു കൂടുമ്പോഴേക്കും ഇവ വണ്ടായി മാറിക്കഴിഞ്ഞിരിക്കും. ഇവിടം മുതലാണ് കൊമ്പൻ ചെല്ലി എന്ന വില്ലന്റെ രംഗപ്രവേശം. ഇവ നേരെ പറന്നിറങ്ങുന്നത് തെങ്ങുകളിലേക്കാണ്. തൈ ത്തെങ്ങുകളാണ് ഏറെ ഇഷ്ടം.
മധുരം കിനിയുന്ന കൈതച്ചക്ക ചെല്ലിയുടെ അന്തകനായി
മധുരം കിനിയുന്ന കൈതച്ചക്കയാണ് ഇവിടെ ചെല്ലിയുടെ അന്തകനായി പ്രവർത്തിക്കുക. സിലിണ്ടറാകൃതിയിൽ കുഴൽ പോലുള്ള ഒരു പാത്രത്തിലേക്ക് രണ്ടു കഷണം കൈതച്ചക്ക നീളത്തിൽ മുറിച്ചെടുത്ത് കെട്ടിത്തൂക്കിയിടുന്നു. ഈ പാത്രം തെങ്ങിൻ മണ്ടയ്ക്കടുത്തായി വയ്ക്കും. പാത്രത്തിൽ നേരത്തെ തന്നെ രണ്ടു ചെറിയ സുഷിരങ്ങൾ ഇട്ടിട്ടുണ്ടാകും. മഴക്കാലത്ത് പാത്രത്തിനുള്ളിൽ നേരത്തെ തന്നെ വെള്ളം കെട്ടാതിരിക്കാൻ വേണ്ടിയാണത്.
കൈതച്ചക്കയുടെ മണം കൊമ്പൻ ചെല്ലിക്ക് സ്വതവേ ദൗർബല്യമാണ്. അതിൽ ആകൃഷ്ടരായെത്തുന്ന ചെല്ലികൾ കൈതച്ചക്ക തിന്ന് പാത്രത്തിനുള്ളിൽ വീഴുകയും രക്ഷപെടാനാവാതെ ഉള്ളിൽ കുടുങ്ങി പോകുകയും ചെയ്യും. പാത്രത്തിന്റെ പ്രത്യേക രൂപവും വഴു വഴുപ്പുമുള്ള പ്രതലത്തിലൂടെ പുറത്തു കടക്കുക അസാധ്യമായതിനാൽ ചെല്ലി ഉള്ളിൽ തന്നെ കിടക്കും. ഇങ്ങനെ ഒരു പാത്രത്തിൽ നിന്നു തന്നെ നിരവധി ചെല്ലികളെ ഒരേ സമയം പിടികൂടി നശിപ്പിക്കാൻ കഴിയുന്നു.
Share your comments