വരിക കർഷകാ നാടിന്റെ രക്ഷകാ
പ്രമോദ് മാധവൻ
വരിക കർഷകാ നാടിന്റെ രക്ഷകാ
വരിക, കേരളം കാത്തു നിൽക്കുന്നിതാ
വിഷമേതുമില്ലാത്ത ഭക്ഷണപ്പൊതിയുമായ്
നീ വരില്ലേ വരില്ലേയെൻ സ്നേഹിതാ.
നാട്ടു പൂക്കളാൽ കമ്പളം പാകിയ
കാട്ടുവഴികൾ തൻ ശീതളഛായയിൽ
നിത്യ ഹരിതയായ് ഭൂമിയെ കാക്കുവാൻ
നമ്മളൊന്നിച്ചു കൈകോർത്തു നിന്നിടാം
നിലമുഴുതിടാൻ കാലിയും നുകവുമായ്
കാലമൊട്ടിനി തിരികെയി ല്ലെങ്കിലും
നമ്മുടെ കുഞ്ഞ് മക്കൾക്ക് പാർക്കുവാൻ ഭൂമി ഒന്നിനി വേറെ ഉണ്ടാകുമോ
മണ്ണിനെ പൊന്നായ് കാത്തു സൂക്ഷിച്ചിടാൻ
നാട്ടുപച്ചകൾ നാട് നീങ്ങാതിടാൻ
നാളെയെ ഓർത്തു നമ്മളെല്ലാവരും ചേറ്റുപാടത്തിറങ്ങുവാൻ നേരമായ്
മാറി വന്നിടാം ഭരണ കൂടങ്ങളും
മാറ്റമുണ്ടായിടാം തത്വ ശാസ്ത്രങ്ങളും
മാറ്റമില്ലാത്തതൊന്നുതാൻ ഭൂമിയിൽ
മൂന്നു നേരം ഭുജിക്കേണമേവർക്കും
അന്നമില്ലാതെ ആയിരങ്ങൾ പണ്ട്
ചത്തു വീണൊരീ ചരിത്ര പഥങ്ങളിൽ
നാളെയേവരും നാട് നീങ്ങാതിടാൻ
കൈകൾ കോർത്തു നാം മുന്നിട്ടിറങ്ങണം
അഗസ്തിയും കപ്പ കാച്ചിലും ചേനയും
മുരിങ്ങയും വള്ളിച്ചീരയും കോവലും
പാവലും മത്തൻ കുമ്പളം വെള്ളരീം
കായ്ച്ചിടേണമേ തൊടിയിലും മുറ്റത്തും
കാർഷിക വൃത്തി തൊഴിലായി കരുതിയീ
കേരള ഭൂവിലാര് വന്നീടിലും
മാന്യരേ നിങ്ങളെ കൈ നടത്തിക്കുവാൻ
കാത്തിരിക്കുന്നു കൃഷിഭവനുകൾ
നെൽവയലുകൾ തണ്ണീർ തടങ്ങളും
സർപ്പക്കാവുകൾ ക്ഷേത്രക്കുളങ്ങളും
നാട്ടു മൊഴികൾ തൻ മധുരവും ചന്തവും
കാത്തു വയ്ക്കുവാൻ നേരമായ് കൂട്ടരേ
ജൈവ രീതിയിൽ വിളയിക്കുമന്നത്തിന-
ൽപസ്വല്പം വില കൂട്ടി നൽകുകിൽ
എല്ലു മുറിയെ പണിയെടുത്തിടുന്ന
കർഷകന്റെ യുള്ളം തെളിഞ്ഞിടും
ഉള്ളം നിറയണം മണ്ണും പൊലിയണം
കർഷകാ നിന്റെ ഇല്ലം നിറയണം
പാരിലെങ്ങും പരക്കട്ടെ നിന്നുടെ
ദേശ സ്നേഹത്തിൻ നന്തുണിപ്പാട്ടുകൾ
കാർഷിക വൃത്തി മാനവ സേവയായ്
കാത്തു പോന്നിടും കർഷക ലക്ഷമേ
കൈകൾ കൂപ്പി നിൻ സ്നേഹ വായ്പ്പിന്നിതാ
നന്ദി ചൊല്ലുന്നു കൈരളി സാദരം.
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
Share your comments