ചേർത്തല മണ്ഡലത്തിൽ താമസിക്കുന്ന എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ SSLC, പ്ലസ് 2 വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പ് മന്ത്രിയും ചേർത്തല എം. എൽ. എ യുമായ പി പ്രസാദ് നൽകുന്ന വിദ്യാഭ്യാസ അവാർഡ് പൊൻകതിർ 2023 ചേർത്തലയിലെ വിവിധ പഞ്ചായത്തുകളിലായി സംഘടിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിന്റെ ആദ്യ ദിനം മൂന്ന് പഞ്ചായത്തുകളിലായാണ് നടന്നത്. രാവിലെ 9 മണിക്ക് ഗവൺമെന്റ് എൽ പി എസ് പട്ടണക്കാട് സ്കൂളിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ ജയപാൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐഎഎസ്, സബ് കളക്ടർ സൂരജ് ഷാജി എന്നിവർ പട്ടണക്കാട് പഞ്ചായത്തിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ഉന്നത വിജയം നേടിയ 52 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 12 മണിക്ക് കടക്കരപ്പള്ളി പഞ്ചായത്തിൽ കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോൺ ഐപിഎസ് വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ 65 വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകുകയും ചെയ്തു. വൈകിട്ട് മൂന്നു മണിക്ക് വയലാർ പഞ്ചായത്തിൽ V.R.V.M.G.H.S.S ൽ നടന്ന ചടങ്ങിൽ വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജി നായർ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി ഐ എ എസ്, സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് അംഗം അനൂപ് ചന്ദ്രൻ എന്നിവർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ 54 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ,അദ്ധ്യാപകർ,അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
നാളെ (ജൂലൈ 23) രാവിലെ 9ന് മുഹമ്മ ഗ്രാമപഞ്ചായത്ത് 11 ന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 2.30 ന് ചേർത്തല നഗരസഭ എന്നിവിടങ്ങളിലും ജൂലൈ 29 ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും പൊൻകതിർ 2023 സംഘടിപ്പിക്കും.
Share your comments