ചീര ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്. പല തരത്തിലുള്ള ചീരകൾ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു.
നിലമൊരുക്കലും നടീലും
മണ്ണ് നന്നായി ഇളക്കി അതിലെ കല്ലുകൾ നീക്കം ചെയ്ത്, നല്ല പൗഡർ രൂപത്തിലാക്കുക. ഇതിലേക്ക് ചാണകപ്പൊടി, പാറപ്പൊടി (20 ഗ്രാം) വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തതിൽ ചീര വിത്ത് പാകി മുളപ്പിക്കാം. ചീരവിത്ത് ഒരു മണിക്കൂർ സ്യൂഡോമോണസ് ലായനിയിൽ കുതിർത്ത ശേഷം പാകാവുന്നതാണ്. ഒരു സ്ഥലത്ത് തന്നെ വിത്തുകൾ കൂടുതലാകാതിരിക്കാനായി വിത്തിനോടൊപ്പം മണലും കലർത്തി വിത്ത് പാകാം.
പരിപാലനം
പാകിയതിനു ശേഷം വിത്ത് ഉറുമ്പ് കൊണ്ട് പോകാതിരിക്കാൻ ഇതിനോടൊപ്പം അരിപ്പൊടിയോ, റവപ്പൊടിയോ, വിതറിക്കൊടുക്കുക,
വളങ്ങളും കീടനിയന്ത്രണികളും
ചീര നട്ട് നാലില വരുന്നതു മുതൽ ഗോമൂത്രത്തിൽ വേപ്പില, ശീമക്കൊന്നയില എന്നിവ ചതച്ചിട്ട് ഒരു രാത്രി വെച്ച് അടുത്ത ദിവസം രാവിലെ 10 ഇരട്ടി വെള്ളം ചേരത്ത് 5 ദിവസത്തിലൊരിക്കലും, ഗോമൂത്രം കാന്താരി മുളക് മിശ്രിതം 10 ഇരട്ടി വെള്ളം ചേർത്ത് 10 ദിവസത്തിലൊരിക്കലും തളിച്ചു കൊടുക്കുക.
വിളവെടുപ്പ്
വിത്ത് പാകി 25-30 ദിവസമെത്തിയാൽ ആദ്യ വിളവെടുപ്പ് തുടങ്ങാം. പിന്നീട് 10-12 ദിവസം ഇടവിട്ടു വിളവെടുക്കാൻ സാധിക്കും. 4 ഇല നിറുത്തിയ ശേഷം ഇളം നുള്ളി എടുത്താൽ അവ വീണ്ടും വളർന്ന് പൊങ്ങും വാണിജ്യ പ്രാധാന്യത്തോടു കൂടി കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് 30-35 ദിവസത്തെ പ്രായമെത്തിയാൽ വേരോടു കൂടി പിഴുത് എടുക്കാം. ഇങ്ങനെ വരുമ്പോൾ ഒരു ഹെക്ടർ സ്ഥലത്തു നിന്ന് ശരാശരി 10 ടൺ വിളവ് ലഭിക്കും.
വിത്ത് ശേഖരണം
നല്ല ആരോഗ്യത്തോടെ വളരുന്നതും മറ്റ് രോഗകീടബാധകളൊന്നും തന്നെയില്ലാത്തതുമായ ചെടികളിൽ നിന്നും വിത്തുകൾ ശേഖരിക്കണം. വിത്ത് ഉൽപ്പാദനത്തിനു വേണ്ടിയുള്ള കൃഷിയിൽ ആദ്യത്തെ രണ്ടു വിളവെടുപ്പ് നടത്തിയ ശേഷം പിന്നെ വിത്തിനായി വിടുകയും ചെയ്യാം. ചീരയുടെ പൂങ്കുലകൾ നന്നായി ഉണങ്ങുമ്പോൾ മണ്ണിന് അല്പം മുകളിൽ വച്ച് മുറിച്ച് ടെറസ്സിനു മുകളിലെ സിമന്റു തറയിൽ നിരത്തി സൂര്യപ്രകാശത്തിൽ 1-2 ദിവസം ഉണക്കിയ ശേഷം കമ്പ് കൊണ്ട് അടിച്ച് വിത്ത് പൂങ്കുലയിൽ നിന്നു പൊഴിച്ചെടുക്കാം. പിന്നീട് പാറ്റിപ്പെറുക്കി നല്ലത് മാത്രം ശേഖരിക്കാം.
Share your comments