രാശിചക്രത്തെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതാണ് അശ്വതി, ഭരണി, കാർത്തിക, രോഹിണി, മുതലായ 27 നക്ഷത്രങ്ങൾ. സൂര്യൻ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി രാശിചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ 13°20‘ ഡിഗ്രി സഞ്ചരിക്കാൻ ഏകദേശം 13-14 ദിവസം വേണം. അതായത് ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യന് 13-14 ദിവസം വേണം എന്നർത്ഥം. ഇതാണ് ഞാറ്റുവേല എന്ന പേരിൽ അറിയപ്പെടുന്നത്. ഉദാഹരണത്തിന് അശ്വതി ഞാറ്റുവേല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ അശ്വതി നക്ഷത്രഭാഗത്തിലാണ് എന്നാണ്. ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാണ്. തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസവും.
ഓരോ ഞാറ്റുവേലയിലും ലഭ്യമാകുന്ന മഴയുടെ പ്രത്യേകതകൾ നമ്മുടെ പഴംചൊല്ലുകളിൽ കാണാവുന്നതാണ്. വേനൽ മഴ്യ്ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും. കൃഷി ആരംഭിയ്ക്കാനുള്ള സമയമാണത്. ആ സന്തോഷം, ആഘോഷരൂപത്തിലായതാണ് വിഷു. അതിനപ്പുറം അത് മറ്റൊന്നുമല്ല.
അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടയ്ക്കിടക്ക് മഴ പെയ്യും. ലഭ്യമാകുന്ന മഴയ്ക്ക് അനുസൃതമായി, ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും നമ്മുടെ കാരണവന്മാർ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിന് മകം ഞാറ്റുവേലയും ഉത്തമമാണ്. അത്തത്തിൽ വാഴ നടാം. ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. ഭരണി ഞാറ്റുവേലയിൽ മത്തൻ, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം.
Share your comments