Features

തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങും

കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങും. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമാണിത്. അതുകൊണ്ടു കൂടിയാണ് ചെടികള്‍ നടാന്‍ യോജിച്ച സമയമായി ഇത് മാറുന്നത്. കാലവര്‍ഷം കനത്തു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണ്.
 
ഞായറിന്റെ (സൂര്യന്റെ) വേളയാണ് (സമയം) ഞാറ്റുവേലയായി മാറിയത്. ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചുട്ടുള്ളത്. ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല. അങ്ങനെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേല രാത്രി പിറക്കണമൊണ് പഴമക്കാര്‍ പറയുന്നത്. 'രാത്രിയില്‍ വരും മഴയും രാത്രിയില്‍ വരും അതിഥിയും പോകില്ലെന്ന് അവര്‍ക്ക് പഴഞ്ചൊല്ലുമുണ്ടായിരുന്നു. പകല്‍ പിറക്കു ഞാറ്റുവേകളില്‍ പിച്ചപ്പാളയെടുക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. മഴ തീരെ കുറവായിരിക്കുമെന്നര്‍ത്ഥം. 
 
തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്ന ഒരു കഥ ഇങ്ങനെയാണ്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ത്തുഗലിലേക്ക് കൊണ്ടുപോവാന്‍ സാമൂതിരിയോട് അനുവാദം ചോദിച്ചു. അതിന് അനുവാദം നല്‍കിയ സാമൂതിരി അവര്‍ ചോദിച്ചത്ര തൈകള്‍ നല്‍കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചന്‍ പറങ്കികള്‍ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോള്‍ 'അവര്‍ നമ്മുടെ കുരുമുളക് തിരിയല്‍കളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ' എന്നായിരുന്നത്രേ  സാമൂതിരിയുടെ മറുപടി. 
 
ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. 
 
അശ്വതി ഞാറ്റുവേല : ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങള്‍ ആണ് അശ്വതി ഞാറ്റുവേല. ഈ സമയത്തു ഇരിപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി നെല്‍ കൃഷി ചെയ്യാം. വിത്ത് തേങ്ങ സംഭരിക്കുന്നതിനും, കുരുമുളക് കൃഷിക്കായുള്ള താങ്ങുകാലുകള്‍ പിടിപ്പിക്കുവാനും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം.
 
ഭരണി ഞാറ്റുവേല : ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെയുള്ള ഭരണി ഞാറ്റുവേലയ്ക്കു തേങ്ങ, പയര്‍ തുടങ്ങിയവയുടെ കൃഷിയ്ക്ക് അനുയോജ്യമാണ്. ഈ കാലയളവില്‍ ലഭിക്കുന്ന മഴയും വിളകളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. പച്ചക്കറി ഇനങ്ങളായ വഴുതന, മുളക് തുടങ്ങിയവയും പാകി മുളപ്പിക്കാം കൂടാതെ പറമ്പുകളില്‍ കൃഷിചെയ്യുന്ന നെല്ലിനങ്ങളായ ചാമ, മോടന്‍ എന്നിവയും വിതക്കാന്‍ പറ്റിയ അവസരമാണ് ഇത്.
 
കാര്‍ത്തിക ഞാറ്റുവേല: മെയ് 10 മുതല്‍ മെയ് 24 വരെ വരുന്ന ദിവസങ്ങളില്‍ ഇരുപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി തയ്യാറാക്കിയിരിക്കുന്ന പൊടിഞ്ഞാറ് നടാം. വട്ടന്‍ വിതച്ച നെല്ലിന് കളപറിച്ച് വളം ചേര്‍ക്കാനും, പുതിയ കുരുമുളക് വള്ളികള്‍ നടാനും, പച്ചക്കറി നഴ്‌സറി തയ്യാറാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയും ഈ അവസരത്തില്‍ ചെയ്യാം.
 
രോഹിണി ഞാറ്റുവേല : മെയ് 24 മുതല്‍ ജൂണ്‍ 7 വരെ ദിവസങ്ങളാണ് തേങ്ങ പാകുന്നതിനും തെങ്ങ് വളം ചേര്‍ത്ത് തടം കോരുന്നതിനും നല്ലത്. പയര്‍, രായി എന്നിവ വിതക്കുന്നതിനും നാടന്‍ വാഴതൈയ് നടുന്നതിനും ഈ ഞാറ്റുവേലയില്‍ സാധിക്കും.
 
മകയിരം ഞാറ്റുവേല : ജൂണ്‍ 7 മുതല്‍ ജൂണ്‍ 21 വരെയുള്ള കാലത്ത് പച്ചക്കറിക്കള്‍ക്ക് വളപ്രയോഗം നടത്തുന്നതിനും, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവയുടെ തൈയ്കള്‍ നടുന്നതിനും നന്ന്.
 
തിരുവാതിര ഞാറ്റുവേല : ജൂണ്‍ 21 മുതല്‍ ജുലൈ 3 വരെ യുള്ള കാലയളവാണ് തിരുവാതിര ഞാറ്റുവേല. ഏതു ചെടികളും നട്ടുവളര്‍ത്തന്നതിന് യോജ്യമായ ദിവസങ്ങളാണ് ഇത്. കുരുമുളക് ചെടിയുടെ പരാഗണം ഈ സമയത്താണ് നടക്കുന്നത്.
 
പുണര്‍തം ഞാറ്റുവേല : ജൂലൈ 3 മുതല്‍ ജുലൈ 18 വരെയുള്ള പുണര്‍തം ഞാറ്റുവേല ദിവസങ്ങള്‍ തിരുവാതിര ഞാറ്റുവേല പോലെത്തന്നെ  ഉത്തമമാണ് ഈ ഞാറ്റുവേലകളില്‍ ലഭിക്കുന്ന മഴയും തുടര്‍ന്ന് ഉറവ പൊട്ടി മണ്ണിലേക്ക് ലഭിക്കുന്ന ജലവും വിളകളുടെ വളര്‍ച്ചക്ക് അനുയോജ്യമാണ്. അമരവിത്ത് നടാന്‍ പറ്റിയ സമയവും ഇതാണ്.
 
പൂയം ഞാറ്റുവേല : ജുലൈ 18 മുതല്‍ ആഗസ്റ്റ് 3 വരെ പൂയയുള്ള പൂയം ഞാറ്റുവേലയില്‍ മൂപ്പുകൂടിയ നെല്ലിനങ്ങള്‍ രണ്ടാം വിളയ്ക്കായി ഞാറിടാം. സുഗന്ധവ്യഞ്ജനവിളകള്‍ക്ക് വളം ചേര്‍ക്കുന്നത് ഈ ദിവസങ്ങളില്‍ ആയിരിക്കുന്നത് നല്ലതാണ്.
 
ആയില്ല്യം ഞാറ്റുവേല : ആഗസ്റ്റ് 3 മുതല്‍ ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഇരിപ്പൂ നിലങ്ങളില്‍ ഒരുപ്പൂവായി കൃഷി ചെയ്യുന്നതിനായി കരിങ്കൊറ (മൂപ്പേറിയ വിത്തിനങ്ങള്‍) നടാന്‍ സാധിക്കും. നെല്ലിന്‍െ്‌റ വളപ്രയോഗത്തിനും പറ്റിയ അവസരമാണ് ഇത്.
 
മകം ഞാറ്റുവേല : എള്ള് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 30 വരെയുള്ള മകം ഞാറ്റുവേല. കരനെല്ല് കൃഷിചെയ്യുന്ന പ്രദേശത്തു കൊയ്യത്തിന് ശേഷം എള്ള് കൃഷി ചെയ്യാം.
 
പൂരം ഞാറ്റുവേല : ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 13 വരെയുള്ള പൂരം ഞാറ്റുവേലയില്‍ ഇരുപ്പൂ നിലങ്ങളില്‍ ഒന്നാം വിളയുടെ കൊയ്ത്തിനു ശേഷം രണ്ടാം വിളയ്ക്കായി നിലം ഒരുക്കാം. വര്‍ഷകാല പച്ചക്കറി വിളവെടുപ്പും ഈ കാലയളവിലാണ്.
 
ഉത്രം ഞാറ്റുവേല : സെപ്തംബര്‍ 13 മുതല്‍ 26 വരെയുള്ള ഞാറ്റുവേലയില്‍ രണ്ടാം വിളയായി നെല്‍കൃഷി ആരംഭിക്കാം.
 
അത്തം ഞാറ്റുവേല : സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള അത്തം ഞാറ്റുവേലയില്‍ രണ്ടാം വിളയ്ക്ക് വേണ്ടത്ര ജലം ലഭിക്കാത്ത സ്ഥലങ്ങളില്‍ എള്ള്, മുതിര എന്നിവയുടെ കൃഷി ആരംഭിക്കാം. അത്തം ഞാറ്റുവേല അവസാനിക്കുന്നതിനു മുന്‍പ് രണ്ടാം വിളയായി ചെയ്യുന്ന നെല്‍കൃഷിയുടെ ഞാറുനടല്‍ തീര്‍ന്നിരിക്കണം. കൂടാതെ കുരുമുളക് ചെടിയുടെ വള്ളികള്‍ താങ്ങുകാലുകളോട് ചേര്‍ത്ത് കെട്ടാം.
 
ചിത്തിര ഞാറ്റുവേല : ഒക്ടോബര്‍ 10 മുതല്‍ 23 വരെയുള്ള ചിത്തിര ഞാറ്റുവേലയില്‍ നേന്ത്രവാഴ കൃഷി ചെയ്യുന്നതിനും, തെങ്ങ, കവുങ്ങ് തുടങ്ങിയ നാണ്യവിളവുകള്‍ക്ക് വളം ചേര്‍ക്കുന്നതിനും, കാവത്ത്, കിഴങ്ങ് എന്നിവയുടെ വിളവെടുക്കുന്നതിനും അനുയോജ്യമാണ്.
 
ചോതി ഞാറ്റുവേല : ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 6 വരെയുള്ള ചോതി ഞാറ്റുവേലയില്‍ പയര്‍ കൃഷി ചെയ്യുന്നതിനും രണ്ടാംവിളയായ നെല്ലിന് വളം ചേര്‍ക്കുന്നതിനും അനുയോജ്യമാണ്. ഈ ഞാറ്റുവേലയില്‍ മഴയുടെ ലഭ്യതയ്ക്കു ഗണ്യമായ കുറവ് വരാം.
 
വിശാഖം ഞാറ്റുവേല : നവംബര്‍ 6 മുതല്‍ 19 വരെ കൃഷി സ്ഥലം കിളച്ച് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കണം.
 
അനിഴം ഞാറ്റുവേല : നവംബര്‍ 19 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവില്‍ വേനല്‍ക്കാല പച്ചക്കറിക്കുള്ള നേഴ്‌സറി തയ്യാറാക്കാം
 
തൃക്കേട്ട ഞാറ്റുവേല : ഡിസംബര്‍ 2 മുതല്‍ 15 വരെ വരുന്ന ഞാറ്റുവേലയില്‍ നെല്ലിന് ഉണ്ടാകാന്‍ സാധ്യതയുള്ള ചാഴിശല്യത്തിനെതിരെ പ്രതിവിധിമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. കൂടാതെ ഉയര്‍ന്ന നിലങ്ങളിലെ മുണ്ടകന്‍ കൊയ്യത്തിനും കോള്‍നിലങ്ങളിലെ പുഞ്ചകൃഷിക്കുമുള്ള അവസരമാണ്.
 
മൂലം ഞാറ്റുവേല : ഡിസംബര്‍ 15 മുതല്‍ 28 വരെ മുണ്ടകന്‍ കൊയ്ത്ത് കാലമാണ്.
 
പൂരാടം ഞാറ്റുവേല : ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെയുള്ള കാലത്ത് വേനല്‍ നന ആരംഭിക്കണം.
 
ഉത്രാടം ഞാറ്റുവേല : ജനുവരി 10 മുതല്‍ 23 വരെയുള്ള സമയം പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര എന്നിവരുടെ കൃഷിക്ക് അനുയോജ്യമാണ്.
കൂടാതെ വേനല്‍ക്കാലപച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പുവരുത്തണം.
 
തിരുവോണം ഞാറ്റുവേല : ജനുവരി 23 മുതല്‍ ഫെബ്രുവരി 5 വരെയുള്ള കാലയളവിന് ശേഷം പാടത്ത് പച്ചക്കറി കൃഷി ഉത്തമമല്ല.
 
അവിട്ടം ഞാറ്റുവേല : ഫെബ്രുവരി 5 മുതല്‍ 18 വരെയുള്ള അവിട്ടം ഞാറ്റുവേലയില്‍ വിത്ത് തേങ്ങ സംഭരിക്കാം. നേന്ത്ര വഴക്കുള്ള നന ഒഴിവാക്കാം.
 
ചതയം ഞാറ്റുവേല : ചേന, കാവത്ത്, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ കാലമാണ് ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെയുള്ള ചതയം ഞാറ്റുവേല.
പൂരോരുട്ടാതി ഞാറ്റുവേല : മാര്‍ച്ച് 4 മുതല്‍ 17 വരെയുള്ള കാലത്ത് വിളകള്‍ എല്ലാം നനയ്ക്കണം.
 
ഉത്രട്ടാതി ഞാറ്റുവേല : പുഞ്ചകൊയ്ത്ത് നടത്താനും വിത്ത് തേങ്ങ സംഭരിക്കാനും പറ്റിയകാലമാണ് മാര്‍ച്ച് 17 മുതല്‍ 30 വരെയുള്ള ഈ ഞാറ്റുവേല.
 
രേവതി ഞാറ്റുവേല : മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 14 വരെ ഒന്നാം വിളയ്ക്കായി ഉഴിതിട്ട നിലം വീണ്ടും ഉഴിത്ത് കായാനിടാം ഇത് തുടര്‍വര്‍ഷത്തെ കൃഷിയിലെ വിളവ് വര്‍ദ്ധിപ്പിക്കും. 
 

English Summary: know njattuvela

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds