രോഗങ്ങളെ അകറ്റുന്നതിന് ഗ്രാമ്പു ഉപയോഗിച്ചു ചെയ്യാവുന്ന ചികിത്സാവിധികൾ ആയുർവ്വേദത്തിൽ പറയുന്നുണ്ട്. ആഹാരം ദഹിക്കാതെ അതേ രൂപത്തിൽ വിസർജിക്കപ്പെടുന്ന ഗ്രഹണി എന്ന അസുഖത്തിന് മോര്, കറിവേപ്പിലയും ഗ്രാമ്പുവും മഞ്ഞളും ചേർത്ത് കാച്ചി ഉപയോഗിച്ചാൽ മതിയാകുന്നതാണ്. സാധാരണ വയറിളകത്തെ ശമിപ്പിക്കുന്നതിനും ഈ ഔഷധം പ്രയോജനപ്പെടുന്നു. ഗ്രാമ്പു ചേർത്ത് കാച്ചിയെടുത്ത മോര് ചോറിന് കൂട്ടി കഴിക്കുന്നത് ഭഗന്ദരത്തെ ശമിപ്പിക്കുവാനുതകുന്നു. ചൈതന്യവും ഉന്മേഷവും കൈവരുന്നതിനും അനുയോജ്യമാണ്.
മലബന്ധത്തെ ഇല്ലായ്മ ചെയ്യുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഗ്രാമ്പുവിന് കഴിയുന്നു. ഉദരസംബന്ധമായ മിക്കവാറും രോഗങ്ങൾ അകന്നുപോകുന്നതിന് ഇത് ഇടയാക്കുന്നു. വായ്പ്പുണ്ണ്, കുടൽപ്പുണ്ണ് എന്നിവ അകറ്റുന്നതിന് ഗ്രാമ്പു ചേർത്ത് തിളപ്പിച്ച വെള്ളം വായിൽ കൊള്ളുകയും അല്പാല്പം കുടിക്കുകയും ചെയ്യുന്നത് ഉപകരിക്കുന്നു. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജിനോൻ എന്ന ഓയിൽ വായ്നാറ്റത്തെ അകറ്റുന്നു. ദന്തക്ഷയത്തെ ചെറുക്കുന്നു. പല്ലുവേദനയെ ഇല്ലായ്മ ചെയ്യുന്നതിന് ഈ ഓയിൽ വളരെ ഉപകാര പ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഭക്ഷണത്തിന് ശേഷം ഒരു ഗ്രാമ്പു ചവച്ചിറക്കുന്നത് ഗുണപ്രദമാണ്. പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെങ്കിൽ അവയിലുണ്ടാകുന്ന ബാക്ടീരിയകളെ ചെറുക്കാനും പല്ലുകളെ ക്ഷയത്തിൽ നിന്നും രക്ഷിക്കുവാനും ഇതു സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ദഹനപ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുകയും ചെയ്യുന്നു. ഗ്രാമ്പു തൈരോ മോരോ ചേർത്തരച്ച് മുണ്ടിനീരിന് പുരട്ടിയാൽ വളരെ വേഗത്തിൽ ആശ്വാസം ലഭിക്കുന്നു.
Share your comments