വെള്ളരി കഴിക്കുന്നത് ശരീരത്തിന് തണുപ്പ് ഏകാൻ സഹായിക്കും. മലബന്ധം അകറ്റുന്നതിനും മഞ്ഞപ്പിത്തം തടയുന്നതിനും വെള്ളരി അത്യുത്തമം ആണ്.
ജീവകം എ, ബി, സി എന്നിവയും വിവിധ ധാതുലവണങ്ങളും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്.
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവേണം കൃഷി ചെയ്യുവാൻ. രണ്ട് മൂന്നു തവണ നന്നായി ഉഴുതുമറിച്ച് കട്ടകൾ തട്ടിയുടച്ചുനിരപ്പാക്കിയതിൽ വരികൾ തമ്മിൽ 2 മീറ്റർ അകലം നൽകി വേണം കുഴി എടുക്കാൻ, കുഴി ഏകദേശം 60 സെ.മീ വ്യാസവും 45 സെ.മീ ആഴവും ഉണ്ടായിരിക്കണം. ഉണക്കി പ്പൊടിച്ച കാലിവളമോ അഴുകി പൊടിഞ്ഞ കമ്പോസ്റ്റോ കുഴികളിൽ മണ്ണുമായി ചേർത്തിളക്കിയ ശേഷം 2,3 വിത്തുകൾ നടാവുന്നതും 4 ഇലകൾ പരുവമായാൽ ആരോഗ്യമുള്ള ഒരു ചെടി നിറുത്തിയ ശേഷം മറ്റുള്ളവ പിഴുതുകളയാവുന്നതാണ്.
പരിപാലനം
ഒരു തടത്തിൽ 40-45 വിത്തുകൾ വരെ ഇടുക. 4-5 ഇലകൾ വരുമ്പോൾ ആരോഗ്യവും കരുത്തുമുള്ള 23 തൈകൾ നിർത്തി ബാക്കി ഒഴിവാക്കുക. വെള്ളരി വർഗങ്ങളിൽ നന ചെടിയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ 3 ദിവസത്തിലൊരിക്കലും, പുഷ്പിക്കാൻ ആരംഭിച്ചാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തണം. വെള്ളരി വള്ളി വീശി തുടങ്ങിയാൽ പുതയിടണം. വെള്ളരിയുടെ അടിവശത്തായിരിക്കണം പുത്. അതിനായി ഇലകൾ, വാഴയില, ഓല എന്നിവ ഉപയോഗിക്കാം ഇത് മണ്ണിലേക്ക് ചൂട് നേരിട്ടടിക്കാതിരിക്കാനും, തണ്ടിൽ നിന്ന് വേര് പിടിക്കാതിരിക്കാനും സഹായിക്കും.
കായ്കൾ വന്നു തുടങ്ങിയാൽ ഉടനെ തന്നെ കായ്കൾ പൊതിഞ്ഞു കൊടുക്കുക, കൂടാതെ പൂവിട്ട് 3-ാം നാൾ മുതൽ വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 5 ദിവസത്തിലൊരിക്കൽ തളിച്ചു കൊടുക്കുകയും, 10 ദിവസത്തിലൊരിക്കൽ മീൻ മിശ്രിതം തളിച്ചു കൊടുക്കുകയും ചെയ്യുക.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. (ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
വിത്ത് നട്ട് 50-55 ദിവസമെത്തിയാൽ ഇനത്തിന്റെ സ്വഭാവമനുസരിച്ച് ആദ്യ വിളവെടുപ്പ് നടത്താൻ കഴിയും. ഇളംപ്രായത്തിൽ മുള്ളൻ വെള്ളരി വിളവെടുക്കാം. സമയത്തിന് വിളവെടുക്കാതിരുന്നാൽ അത് പിന്നീടുളള പെൺ പൂക്കളുടെ ഉൽപ്പാദനത്തെയും കായയുടെ വളർച്ചയെയും മൊത്തത്തിൽ ഉള്ള വിളവിനെയും പ്രതികൂലമായി ബാധിക്കും. ആഴ്ചയിൽ ഒരിക്കൽ വിളവെടുപ്പ് തുടരാം.
Share your comments