പതിനാറാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിനോട് അനുബന്ധിച്ച് കർഷകസംഗമം കൊച്ചിയിലെ ലീ മെറിഡിയൻ ഹോട്ടലിൽ വച്ച് നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം കർഷകർ ഈ പരിപാടിയിൽ പങ്കെടുത്തു. പത്മശ്രീ ജേതാക്കളായ ചെറുവയൽ രാമൻ, സബർമതി, സേതു പാൽ സിംഗ്, ചന്ദ്രശേഖർ സിംഗ്, ബാലകൃഷ്ണ സാഹൂ എന്നിവരെ പ്രത്യേകം ആദരിക്കുകയുണ്ടായി.
കർഷകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടന്നത്. കേരളത്തിനകത്തും പുറത്തുമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത കർഷകരാണ് ഈ പരിപാടിയിൽ വന്നത്. കാർഷിക വായ്പകളെ കുറിച്ചും, കർഷകർക്ക് വളം സബ്സിഡിയായി ലഭിക്കുന്നതിനെ കുറിച്ചും, കീടരോഗ ശല്യങ്ങളെ കുറിച്ചും വിവിധ ചർച്ചകൾ നടന്നു. നബാർഡ് ഉദ്യോഗസ്ഥരും വിവിധ യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞനും കർഷകരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ വി ഗീതാലക്ഷ്മി, ജാൻസി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ അശോക് കെ സിംഗ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. വിവിധ ഫാർമർ പ്രൊഡ്യൂസർ കമ്പനികളെ പ്രതിനിധീകരിച്ച് വന്ന കർഷകർ കേരളത്തിൽ എഫ് പി ഓകൾ നേരിടുന്ന സാമ്പത്തിക പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ഇതിന് വേണ്ട പരിഹാരങ്ങൾ ഉടനടി ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ കർഷകർ തങ്ങളുടെ കൃഷിയിലും മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിലും സഹായിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രങ്ങങ്ങളുടെ പ്രവർത്തനത്തെ പ്രശംസിച്ചു വേദിയിൽ സംസാരിക്കുകയുണ്ടായി. ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകർ അവരുടെ കൃഷിയിലെ പ്രശ്നങ്ങളും ഇവിടെ അവതരിപ്പിച്ചു. തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ വി ഗീതാലക്ഷ്മി ഇവരെല്ലാം ആയിട്ട് സംവദിക്കുകയും അവർക്ക് വേണ്ട പരിഹാരങ്ങൾ നിർദേശിച്ചു
Share your comments