സമ്പൂർണ കാർഷികഗ്രാമമായ പെരുമാട്ടിയിൽ നെല്ലുമാത്രമല്ല, പച്ചക്കറിയും തെങ്ങും സമ്പന്നമായി വിളയും. ക്ഷീരകർഷകരുടെ മികവും ഈ ഗ്രാമപ്പഞ്ചായത്തിനുസ്വന്തം. ഈ കർഷകർക്ക് താങ്ങും തണലുമൊരുക്കിയതിനാണ് മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘത്തിനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരം പെരുമാട്ടി സഹകരണ ബാങ്കിനെ തേടിയെത്തിയത്. അരലക്ഷം രൂപയ്ക്കുപുറമേ, ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
പ്രിസിഷൻ ഫാമിങ് (സൂക്ഷ്മകൃഷി) മുതൽ കാർഷികയന്ത്രങ്ങൾ കുറഞ്ഞചെലവിൽ കർഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതടക്കമുള്ള പ്രവൃത്തികളുടെ സാമ്പത്തികസ്രോതസ്സായി ഇക്കാലയളവിൽ ബാങ്ക് മാറി. കൃഷി മികച്ചവിളവിനും കർഷകന്റെ വരുമാനലബ്ധിക്കും ഉതകുന്നതാവണമെന്ന തീരുമാനമാണ് നൂതനാശയങ്ങളുമായി കാർഷികരംഗത്തിറങ്ങാൻ ബാങ്കിന് പ്രചോദനമായത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശങ്ങളും പിന്തുണയും ഇതിന് ശക്തിപകർന്നു. സംസ്ഥാനത്ത് ആദ്യമായി സൂക്ഷ്മകൃഷി നടപ്പാക്കിയത് പെരുമാട്ടി സഹകരണബാങ്കാണ്. കമ്പാലത്തറയിൽ 2007-ൽ പ്രദർശനത്തോട്ടമായി ആരംഭിച്ച കൃഷിരീതി കാർഷിക വിദ്യാർഥികൾക്കും കർഷകർക്കും പാഠശാലയായി. ഇതുവരെ 6,641 കർഷകർക്ക് തുള്ളിനന ഉപകരണങ്ങൾ എത്തിച്ചു.
സാങ്കേതികസഹായമായി 8.61 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്തു. സഹകരണം പലവിധം കൃഷിവകുപ്പുമായി സഹകരിച്ച് 2014 മുതൽ 2020 വരെ തുള്ളിനനസംവിധാനങ്ങൾ നടപ്പാക്കി. കർഷകർക്ക് 88 ലക്ഷം രൂപയുടെ സബ്സിഡി ലഭ്യമാക്കി. കർഷകർക്ക് സൂക്ഷ്മ ജലസേചന സാങ്കേതികസഹായത്തിനായി 2019 വരെ സഹകരണവകുപ്പിന്റെ അനുമതിയോടെ ഒരു കൃഷിവിദഗ്ധനെ ബാങ്ക് നിയമിച്ചിരുന്നു കൃഷിസേവനകേന്ദ്രവും ബാങ്കിനുകീഴിൽ പ്രവർത്തിച്ചുവരുന്നതായി ബാങ്ക് പ്രസിഡന്റ് കെ. നാരായണൻകുട്ടി, സെക്രട്ടറി ഇൻ ചാർജ് വി. കലൈവാണി എന്നിവർ പറയുന്നു.
യന്ത്രസഹായം ബാങ്കിന്റെ സഹായത്തോടെ ട്രാക്ടർ, പിക്കപ്പ്‌വാൻ, ടില്ലർ എന്നിവ വാങ്ങി കുറഞ്ഞവാടകയ്ക്ക് നൽകുന്നുണ്ട്. 2022-ൽ കേര ചിറ്റൂർ എന്ന എഫ്.പി.ഒ. ഒമാനിലേക്ക് കൊപ്ര കയറ്റുമതി ചെയ്തിരുന്നു. 2017-2018-ൽ 100 ഗീർ പശുക്കളെ 15,000 രൂപ സബ്സിഡിനിരക്കിൽ കർഷകർക്ക് നൽകി. കുടുംബശ്രീ യൂണിറ്റുകൾക്ക് കൃഷിക്കും മറ്റുമായി 23 കോടി രൂപ വായ്പ നൽകി. കാർഷികവിപണി തുടങ്ങുന്നതിന് 65 ലക്ഷം രൂപ അനുവദിച്ചു. ഈ വർഷം 10.97 കോടി രൂപ കാർഷികാനുബന്ധ പ്രവൃത്തികൾക്കായി വായ്പ നൽകിയെന്നും ബാങ്കധികൃതർ പറഞ്ഞു.
Share your comments