കേരളീയർക്ക് സുപരിചിതമായ ഒരു ഔഷധസസ്യമാണ് തുളസി. കൃഷ്ണതുളസിയും രാമതുളസിയുമാണ് കൂടുതൽ അറിയപ്പെടുന്ന തുളസികൾ. വീട്ടുമുറ്റത്തുള്ള തുളസിത്തറയിൽ സാധാരണയായി ഈ സസ്യം വളർത്താറുണ്ട്
നഴ്സറിയിൽ വിത്തുമുളപ്പിച്ച് തൈകൾ ഉണ്ടാക്കിയ ശേഷം കൃഷിസ്ഥലത്തേക്ക് മാറ്റി നടുകയാണ് ചെയ്യുന്നത്. 6-10 സെ. മീ. വളർച്ചയെത്തിയ തൈകൾ 40-60 സെ. മീ. അകലത്തിൽ നടാം. 4-6 ടൺ ചാണകമോ കമ്പോസ്റ്റോ ഒരു ഏക്കർ സ്ഥലത്തിന് എന്ന തോതിൽ ചേർക്കണം. പാക്യജനകം, ഭാവഹം, ക്ഷാരം ഇവ 16:16:16 കി. ഗ്രാം എന്ന തോതിൽ മണ്ണിൽ ചേർത്തുകൊടുക്കണം. പാക്യജനകം, ഭാവഹം, ക്ഷാരം ഇവയുടെ തോത് 50:40:40 കി. ഗ്രാം വരെ ഉയർത്തിയാൽ കൂടുതൽ വിളവ് ലഭിക്കും. വേനൽക്കാലത്ത് ആഴ്ചയിൽ ഓരോ നന കൊടുക്കണം.
വിളവെടുപ്പ്, സംസ്ക്കരണം, വിപണനം
നട്ട തൈകൾ 9-12 ആഴ്ചകൾക്കു ശേഷം മുറിച്ചെടുക്കാം. ചുവട്ടിലുള്ള ഇലകൾ മഞ്ഞനിറമായി തുടങ്ങുന്നതാണ് വിളവെടുക്കാറായി എന്നതിന്റെ സൂചന. നല്ല തൈലം ലഭിക്കുന്നതിന് ചെടിയുടെ നന്നായി പുഷ്പിച്ച തലയറ്റം മാത്രം മുറിച്ചെടുക്കുന്നതാണ് ഉത്തമം. ചില സ്ഥലങ്ങളിൽ ഒരു ചെടിയിൽ നിന്നും നാല് പ്രാവശ്യം വരെ വിളവെടുക്കാം. ചെടി നന്നായി പുഷ്പിച്ചു കഴിയുമ്പോൾ ആദ്യവിളവെടുപ്പും തുടർന്നുള്ള 15-20 ദിവസം ഇടവിട്ട് മറ്റു വിളവെടുപ്പുകളും നടത്താം. ആദ്യ വിളവെടുപ്പിൽ ഏകദേശം 1.2-1.6 ടൺ പൂക്കളും തുടർന്നുള്ള വിളവെടുപ്പുകളിൽ ഒരു ഏക്കർ സ്ഥലത്തു നിന്നും 10-15 ടൺ ഇലയും ലഭിക്കും.
Share your comments