Organic Farming

കൂണ്‍ കൃഷി എങ്ങനെ ചെയ്യാം? അറിയേണ്ടതെല്ലാം

Mushrooms

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് കൂണ്‍. വളരെ സ്വാദിഷ്ടമായ ഒരു ഭക്ഷണമാണ് കൂണ്‍. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ പറ്റിയ ഒന്നാണ് ചിപ്പിക്കൂണ്‍. വൈക്കോല്‍, മരപ്പൊടി എന്നിവ ഉണ്ടെങ്കില്‍ ചിപ്പിക്കൂണ്‍ നല്ല രീതിയില്‍ കൃഷി ചെയ്യാം. ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോല്‍ അധികം പഴക്കമില്ലാത്ത, സ്വര്‍ണ നിറമുള്ള, മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഇത് ചുരുട്ടിയോ ചെറുകഷ്ണങ്ങളായി മുറിച്ചോ ഉപയോഗിക്കാം. ഇങ്ങനെ തയ്യാറാക്കിയ വൈക്കോല്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ മുക്കി വെക്കണം. വെള്ളം വാര്‍ന്നതിനു ശേഷം അല്പം ഉയര്‍ന്നസ്ഥലത്തു വെക്കുക. ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞു വൈക്കോല്‍ ഒരു വലിയ പാത്രത്തില്‍ മുക്കാല്‍ മണിക്കൂര്‍ നേരം തിളപ്പിക്കണം. അണുനശീകരണത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഈര്‍പ്പം കുറയ്ക്കുന്നതിനായി വെയിലില്‍ വാട്ടിയെടുക്കുക. നല്ല വൃത്തിയുള്ള സ്ഥലമായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

ഇനി കൃഷി രീതി എങ്ങനെയെന്നു നോക്കാം.
നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂണ്‍ കൃഷിക്ക് അനുയോജ്യം. സുതാര്യമായ പ്ലാസ്റ്റിക് കൂടാണെങ്കില്‍ നമുക്ക് കൂടിനുള്ളില്‍ കൂണിന്റെ വളര്‍ച്ച കാണാന്‍ സാധിക്കും. ബഡ്ഡുകള്‍ തയ്യാറാക്കാന്‍ 30 സെന്റീമീറ്റര്‍ വീതിയും 60 സെന്റി മീറ്റര്‍ നീളവുമുള്ള പോളീത്തീന്‍ കവറുകളും ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടണം മറ്റേ അറ്റം വിടര്‍ത്തി അതിലൂടെ ആദ്യം വൈക്കോല്‍ ചുരുള്‍ വച്ച് കൈകൊണ്ട് അമര്‍ത്തുക. ഇതിനു മീതെ കൂടി വശങ്ങളില്‍ മാത്രം കൂണ്‍ വിത്ത് വിതറണം. ഇനി അതിനു മേലെ കൂടി അടുത്ത വൈക്കോല്‍ ചുരുള്‍, അതിൻറെയും വശങ്ങളില്‍ കൂണ്‍ വിത്ത് വിതറണം. ഇങ്ങനെ ഇതേ രീതിയില്‍ മൂന്നോ അല്ലെങ്കില്‍ നാലോ തട്ട് വരെ ഒരു കവറില്‍ നിറയ്ക്കാന്‍ സാധിക്കും. ഏറ്റവും മുകളില്‍ നന്നായി കൂണ്‍ വിത്ത് വിതറിയിട്ട് ഒരു പ്ലാസ്റ്റിക് നൂലുകൊണ്ട് കവര്‍ മുറുക്കിക്കെട്ടണം. നല്ല വൃത്തിയുള്ള ഒരു മൊട്ടുസൂചികൊണ്ട് കവറിന്റെ വശങ്ങളില്‍ ചെറുസുഷിരങ്ങള്‍ ഇടുക. ഇങ്ങനെ വൈക്കോല്‍ തട്ടുകളായി നിറച്ച്, വശങ്ങളില്‍ വിത്ത് പാകി, മുറുക്കി കെട്ടി സുഷിരങ്ങളുമിട്ട കെട്ടിനേയാണ് കൂണ്‍ ബെഡ്, അഥവാ കൂണ്‍ തടം എന്ന് പറയുന്നത്. തയാറാക്കിയ കൂണ്‍ ബെഡുകള്‍ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളില്‍ തമ്മില്‍ തൊടാത്ത അകലത്തില്‍ വയ്ക്കുക.

പത്തു ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരുന്നത് കാണാനാവും. ഏകദേശം പന്ത്രണ്ടു ദിവസമാകുമ്പോള്‍ തന്നെ സുഷിരങ്ങളിലൂടെ കൂണ്‍ പുറത്തേക്കു വളര്‍ന്നു തുടങ്ങും. ഹാന്‍ഡ് സ്പ്രെയര്‍ ഉപയോഗിച്ച്‌ വെള്ളം തളിച്ച് ബെഡില്‍ നനവ് നിലനിര്‍ത്തണം. ഒരു ബ്ലെയിഡ് കൊണ്ട് തടത്തില്‍ ചെറിയ കീറലുകള്‍ ഉണ്ടാക്കണം. ഇനി തടങ്ങള്‍ വെളിച്ചമുള്ള സ്ഥലത്തേക്ക് മാറ്റാവുന്നതാണ്. മൂന്ന് അല്ലെങ്കില്‍ നാല് ദിവസം കൊണ്ട് കൂണ്‍ പുറത്തേക്ക് വരും. അപ്പോള്‍ വിളവെടുക്കാം. ഇങ്ങനെ മൂന്നു പ്രാവശ്യം വരെ ഒരേ ബെഡില്‍ നിന്നും കൂണ്‍ വിളവെടുക്കാനാവും. കൂണ്‍ കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍ കൂടുതലും പച്ചിലകളില്‍ കാണപ്പെടുന്നതിനാല്‍ കൂണ്‍ ബെഡുകള്‍ക്കരികിലായി പച്ചിലക്കാടുകള്‍ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തിലെ കൂൺ കൃഷി പരിശീലനകേന്ദ്രങ്ങൾ 

പാചകത്തിനായി കൂൺ എങ്ങനെ തിരഞ്ഞെടുക്കാം? അവ എങ്ങനെ സംഭരിച്ചുവെക്കാം?

മഴക്കാലമായാൽ പറമ്പിൽ നിറയെ കൂൺ


English Summary: How to grow mushrooms ?

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine