കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി പെരുകിലം, പെരുവലം, പെരിയലം, പെരിയാലം, പെരിങ്ങലം, പെരുക്, പെരു, വട്ടപ്പലം, വാട്ടാപ്പലം, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം.
ഒരു വീടിന് സ്ഥാനം കാണുമ്പോൾ അവിടം വാസയോഗ്യമാണോ എന്നു തീരുമാനിക്കാനായി വാസ്തുശാസ്ത്രത്തിൽ നിരവധി മാനദദഡങ്ങളുണ്ട്. അതിലൊന്ന് ചെല്ലുന്ന പറമ്പിൽ പെരുകിലം ഉണ്ടെങ്കിൽ അവിടെ മനുഷ്യവാസത്തിന് യോഗ്യമാണ് എന്നു പറയുന്നു.
ഏതാണ്ട് ഒരു മൂന്ന് പതിറ്റാണ്ടു മുൻപ് വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ മുത്തശ്ശിമാർ പെരുകിലം തേടി തൊടിയിൽ ഇറങ്ങുമായിരുന്നു. അല്ലെങ്കിൽ വീട്ടിൽ മുതിർന്ന കുട്ടികളുണ്ടെങ്കിൽ ഇല ശേഖരിക്കാൻ അവരെ പറഞ്ഞയക്കും. കുഞ്ഞുങ്ങളുടെ ശോധന കഴിഞ്ഞ് വൃത്തിയാക്കാൻ പെരികിലത്തിന്റെ ഇലകളാണ് ഉപയോഗിച്ചിരുന്നത്. വെള്ളമില്ലാതെ തുടച്ചു വൃത്തിയാക്കാൻ ഉത്തമ മാർഗം. പ്രകൃതി കുഞ്ഞുകൾക്കായി ഒരുക്കിയിരിക്കുന്ന ടിഷ്യൂപേപ്പർ എന്ന് പെരുകിലത്തെ വിശേഷിപ്പിക്കാം. അണുനാശിനി സ്വഭാവമുള്ളതിനാൽ അഴുക്ക് മാത്രമല്ല , അണുക്കളേയും നീക്കം ചെയ്യാൻ ഇതിന്റെ ഇലയ്ക്കാവുന്നു.
പ്രസവശേഷം സ്ത്രീക്ക് ഒരു വേരന്റെ വേര് ഒരംഗുലം നീളത്തിൽ മുറിച്ചുകൊണ്ടുവന്ന് അരി ചേർത്തരച്ച് 15 ദിവസം അപ്പം ചുട്ടുകൊടുത്താൽ കോഷ്ഠശുദ്ധി ഉണ്ടാകും. ഇതൊരു പാരമ്പര്യരീതിയായിരുന്നെങ്കിലും അങ്ങനെ കഴിച്ച് സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ ഉണ്ടാകാറില്ലെന്നു പറയുന്നു. മറ്റു ക്യാൻസർ ചികിത്സയിൽ നിന്നു വ്യത്യസ്തമായി നല്ല കോശങ്ങൾക്ക് കേടുവരാതെ ചികിത്സിക്കാൻ ആവുന്നു എന്നതാണ് ഇതര ക്യാൻസർ മരുന്നുകളെ അപേക്ഷിച്ച് ഇതിനുള്ള ശ്രേഷ്ഠത.
കർഷകർ പുഴു നാശിനിയായി പെരുകിലം ഉപയോഗിക്കാറുണ്ട്. ചാണകത്തിനു മുകളിൽ ഇത് വേരോടെ പിഴുത് നിർത്തിയാൽ തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻ ചെല്ലി ചാണകത്തിൽ മുട്ടയിടില്ല. ഇത് പിന്നീട് അഴുകിച്ചേരുന്നതിനാൽ ചാണകത്തിനും അതിന്റെ ഗുണം ലഭിക്കുന്നു. പെരുകിലത്തിന്റെ ഇലയും പൂവും നന്നായി ഇടിച്ചു പിഴിഞ്ഞ് 20 മില്ലി നീര് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പച്ചക്കറികളിൽ തളിച്ചു കൊടുക്കുന്നത് ശൽക്കകിടങ്ങൾ, പുഴുക്കൾ, മിലിമൂട്ടകൾ എന്നിവയെ നിയന്ത്രിക്കാൻ ഉത്തമമാണ്.
Share your comments