ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ഔഷധഗുണമുള്ള പാലുല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ദേശീയ അംഗീകാരം. മഞ്ഞൾ ചേർത്ത പാലുല്പന്നങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടി ഗവേഷണ കേന്ദ്രം വികസിപ്പിച്ച സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പാൽപ്പൊടി മിശ്രിതമാണ് മികച്ച സാങ്കേതികവിദ്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 96 ആം സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ഗവേഷണ കേന്ദ്രം പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിന്റെ (ഐ.സി.എ.ആർ) ഹോർട്ടികൾച്ചർ സയൻസസ് വിഭാഗത്തിന് കീഴിലെ മികച്ച അഞ്ചു സാങ്കേതികവിദ്യകളിൽ ഒന്നായാണ് ഐ.ഐ.എസ്.ആർ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ തിരഞ്ഞെടുത്തത്. സമ്മാനപത്രം കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാനിൽ നിന്നും ഐ.ഐ.എസ്.ആർ പ്രിനിസിപ്പൽ സയന്റിസ്റ്റും ഈ സാങ്കേതികവിദ്യയുടെ മുഖ്യ ഗവേഷകയുമായ ഡോ. ഇ. ജയശ്രീ ഏറ്റുവാങ്ങി. കേന്ദ്രമത്രി ശ്രീ. രാജീവ് രഞ്ജൻ സിംഗ്, കേന്ദ്രസഹമത്രിമാരായ ശ്രീ ജോർജ് കുര്യൻ, പ്രൊഫ. എസ് പി സിംഗ് ബാഗേൽ, ശ്രീ. രാംനാഥ് ഠാക്കൂർ, ശ്രീ. ഭഗീരഥ് ചൗധരി എന്നിവരും സന്നിഹിതരായിരുന്നു.
ഇഞ്ചി, മഞ്ഞൾ, തിപ്പലി, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിലെ ഔഷധമൂല്യമുള്ള രാസഘടകങ്ങൾ ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് പാലുല്പന്നങ്ങൾ തയ്യാറാക്കാൻ ഉപകരിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. മഞ്ഞൾ ചേർത്ത പാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് നല്ലതാണെങ്കിലും മഞ്ഞൾ വെള്ളത്തിലും പാലിലും പൂർണമായി ലയിക്കില്ല എന്നതുകൊണ്ട് ഇതിന്റെ വാണിജ്യപരമായ ഉല്പാദനത്തിന് പരിമിതികളുണ്ടായിരുന്നു. ഇതുമറികടക്കാനായി എന്നതാണ് ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതികവിദ്യയെ മുൻപന്തിയിൽ നിർത്തുന്നത്.
ഡോ. കെ. അനീസ്, ഡോ. രാജീവ് പി., ഡോ. ഇ. രാധ, ഡോ. സി.കെ. തങ്കമണി എന്നിവരാണ് ഗവേഷണസംഘത്തിൽ ഉൾപ്പെട്ട മറ്റു ശാസ്ത്രജ്ഞർ.
Share your comments