വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്. വാഴയില്‍ തടതുരപ്പന്‍ പുഴു നാലാം മാസം മുതല്‍ ആക്രമണം ആരംഭിക്കും. കറുത്ത് തിളക്കമുള്ള ചെല്ലികള്‍ വാഴയുടെ പുറം പോളകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ പിണ്ടിതുരന്നു വലുതാകുന്നു. വാഴനാര് കൊണ്ടുള്ള കൂടുണ്ടാക്കി സമാധിയിരുന്നു ചെല്ലിയായി പുറത്തു വരുന്നു.
ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.
തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണ ലക്ഷണങ്ങള്‍
വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
1, പുറം പോളകളില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാകുന്നു.
2, വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു, കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.
3, പലപ്പോഴും വാഴ ഒടിഞ്ഞു വീഴുമ്പോള്‍ മാത്രം കര്‍ഷകരുടെ ശ്രദ്ധയില്‍ പെടുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
1, ആരോഗ്യമുള്ള കന്നുകള്‍ തിരഞ്ഞെടുത്തു നടുക.
2, കുല വെട്ടിയ വാഴകകള്‍ യഥാസമയം വെട്ടിമാറ്റി കംമ്പോസ്റ്റാക്കുക.
3, പഴയ ഇലകള്‍ വെട്ടിമാറ്റുക.
4, മൂന്നാം മാസം ഇലകവിളുകളില്‍ വെപ്പിന്‍കുരു പൊടിച്ചത് ഇടുക. (ഒരു വാഴയ്ക്ക് ഏകദേശം 50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും. )
5, വാഴത്തടയില്‍ ചെളി-വേപ്പെണ്ണ മിശ്രിതം (30 മി.എല്‍ /ലിറ്റര്‍ ചെളിയില്‍ ) തേച്ചു പിടിപ്പിക്കുക.
6, നാലുമാസം മുതല്‍ മാസത്തില്‍ ഒരു തവണ വാഴയുടെ ഇലക്കവിളുകളില്‍ ” നന്മ ” (5 മി.എല്‍ / 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വാഴയൊന്നിനു) നിറയ്ക്കുകയും തളിക്കുകയും ചെയ്യുക.
7, തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം തുടങ്ങിയ വാഴകളില്‍ , ആക്രമിച്ച ഭാഗത്തിന് 5 സെ. മി താഴെയായി ഒരു വലിയ സിറിഞ്ച് ഉപയോഗിച്ചു ” മേന്മ ” (15 മി.എല്‍) കുത്തിവെക്കുക.
നന്മ – മേന്മ – ഇവ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം മരച്ചീനിയിൽ നിന്നും തടപ്പുഴുവിനെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികൾ ആണ്
പ്രത്യേകം ശ്രദ്ധിക്കണം
കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക .ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.
ഇലക്കവിളുകളിൽ വേപ്പിൻകുരു പൊടിച്ചത് ഇട്ടുകൊടുക്കുക വാഴത്തടയിൽ ചളി തേച്ചു പിടിപ്പിക്കുക. അടിയന്തര ഘട്ടത്തിൽ മാത്രം രാസകീടനാശിനി എക്കാലക്സ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വാഴകളുടെ ഓരാ ഇലക്കവിളുകളിൽ തളിക്കുക. ഇവയാണ് പ്രതിരോധ മാർഗം.
വേപ്പടങ്ങിയ ജൈവ കീടനാശിനി (നിമ്പി സിഡിൻ ) അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം
വാഴത്തടയിൽ ചെളിയോ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം. ഉപദ്രവം രൂക്ഷമാകുകയാണെങ്കിൽ രാസ കീടനാശികൾ ഉപയോഗിക്കാം.
കെ ഷബീർ അഹമ്മദ്
കൃഷി ഓഫീസർ, കോടഞ്ചേരി
Share your comments