ജൈവകൃഷിക്ക് ഇന്ന് പലതരം ഗുണകരമായ കുമിളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു കുമിളാണ് ട്രൈക്കോഡെര്‍മ്മ (Trichoderma).
ഈ കുമിള്‍ ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്കെതിരായാണ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെ വിവിധതരം വിളകള്‍ക്കുണ്ടാകുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയും ഫലപ്രദമായി ഒരു കുമിളിനെ ബയോ ടെക്നോളജി വഴി വേര്‍തിരിച്ചെടുത്തിട്ടുണ്ട്. അതാണ് വെര്‍ട്ടി ലീസിയം കുമിള്‍.
വെര്‍ട്ടിലീസിയം ലകാനി (verticillium lecanii) എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഈ കുമിള്‍ പ്രകൃതിയില്‍ സാധാരണ കാണുന്നതാണ്. സംയോജിത കീടരോഗനിയന്ത്രണ സംവിധാനത്തില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ കുമിള്‍ പ്രകൃതിക്ക് ഹാനികരമല്ല. മുന്തിരി, പേരയ്ക്ക, സപ്പോട്ട, നാരങ്ങ, മാങ്ങ, മാതളനാരങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങളിലും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറികളിലും നെല്ല്, കാപ്പി, തേയില, ഏലം, തെങ്ങ്, പൂച്ചെടികള്‍ തുടങ്ങിയവയില്‍ കാണുന്ന നീരൂറ്റിക്കുടിക്കുന്ന മൂഞ്ഞകള്‍, മീലിമുട്ടകള്‍, വെള്ളീച്ചകള്‍, സ്കെയിലുകള്‍ (ശല്‍ക്ക കീടം), എല്ലാതരം മണ്ഡരികള്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.
പൗഡര്‍ രൂപത്തില്‍ ലഭിക്കുന്ന വെര്‍ട്ടിസീലിയസ്പോറുകള്‍ തണുത്തതും നനവില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഈ കുമിള്‍, കീടങ്ങളുടെ പുറത്തുള്ള ആവരണമായ ക്യൂട്ടിക്കിള്‍ രാസവസ്തുക്കളുപയോഗിച്ച് തുളച്ച് അകത്തു കടക്കുന്നു. തുടര്‍ന്ന് കുമിള്‍ വളര്‍ച്ച പ്രാപിച്ച് കീടങ്ങളുടെ ശരീരഭാഗങ്ങള്‍ നശിപ്പിക്കുന്നു. ഇതിനായി കുമിള്‍ ഉണ്ടാക്കുന്ന ബാസിയനോകലെസ് എന്ന വിഷമാണ് കാരണം. ഇപ്രകാരം 4 മുതല്‍ 6 ദിവസംകൊണ്ട് കീടം നശിക്കുന്നു.
കീടത്തിന്‍റെ പുഴുദശയും സമാധിദശയും നശിപ്പിക്കുന്നതിന് ഈ കുമിളിന് കഴിവുണ്ട്. കുമിളിന്‍റെ പ്രവര്‍ത്തനശേഷം ചത്ത പുഴുക്കളുടേയും സമാധിദശയുടെയും ഉണങ്ങിയ ഭാഗങ്ങള്‍ ചെടികളില്‍ കാണാം. അതിനുമുകളിലായി ഈ വെളുത്ത കുമിളിന്‍റെ വളര്‍ച്ചയും (നാരുകള്‍) അനുകൂല സാഹചര്യങ്ങളില്‍ കാണാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഈ കുമിള്‍ നല്ലതുപോലെ വളരുന്നതാണ്. പ്രത്യേകിച്ചും 20-30 ഡിഗ്രി ഊഷ്മാവില്‍ 65% ആര്‍ദ്രതയും ഇതിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
വെര്‍ട്ടിസീലിയം പല പേരുകളില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. 1 ലിറ്റര്‍ വെള്ളത്തിന് 2-3 ഗ്രാം എന്ന തോതില്‍ ഇത് ഉപയോഗിക്കാം. കുമിളിന്‍റെ പൊടി വെള്ളം ചേര്‍ത്ത് കുഴമ്പാക്കിയ ശേഷം നന്നായി അടിച്ച് ഇളക്കി ചേര്‍ക്കുക. ഉണ്ടാക്കിയ ഉടന്‍ തന്നെ സ്പ്രേ ചെയ്യുക. വൈകുന്നേരങ്ങളിലോ, പ്രഭാത സമയത്തോ ഇത് സ്പ്രേ ചെയ്യണം. സ്പ്രേ ചെയ്യുമ്പോള്‍ ഇലകളുടെ ഇരുവശവും നനയണം. കൂടുതല്‍ കീടാക്രമണമുള്ള സാഹചര്യത്തില്‍ 4-5 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കാം. കൂടുതല്‍ ഗുണത്തിനായി പ്രകൃതിദത്തമായ വെറ്റിംഗ് ഏജന്‍റുകള്‍ ഉപയോഗിക്കാം.
കീടനാശിനികളുടെ കൂടെ പ്രയോഗിക്കുമ്പോള്‍ ഈ കുമിള്‍ കൂടുതല്‍ ഗുണപ്രദമായി കാണുന്നു. ജൈവകീടനാശിനികളുമായി ചേര്‍ത്ത് ഈ കുമിളിനെ ചെടികളില്‍ പ്രയോഗിക്കാം. രാസകുമിള്‍ നാശിനികളുമായി ചേര്‍ത്ത് ഇത് പ്രയോഗിക്കുന്നത് മാത്രമല്ല, വെര്‍ട്ടിസീലിയം പ്രയോഗിച്ച് 3-5 ദിവസം മുമ്പോ ശേഷമോ രാസകുമിള്‍ നാശിനി ഉപയോഗിക്കരുത്. മാര്‍ക്കറ്റില്‍ ലഭ്യമായ ഇത്തരം ഒരു ഉല്പന്നമാണ് വെര്‍ട്ടിസെല്‍.
ജൈവകൃഷി വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ കിടാക്രമണങ്ങളെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം പോലുള്ള കുമിളുകള്‍ ഒരനുഗ്രഹമാണ്.
Share your comments