കച്ചോലത്തിന്റെ പ്രകന്ദങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന കിഴങ്ങുകൾ വേരു പറിച്ച് വൃത്തിയാക്കി അടുത്ത വർഷത്തെ നടിൽ വസ്തുവിനായി സൂക്ഷിച്ചു വയ്ക്കാം. മഴയും വെയിലും ഏൽക്കാത്ത ഷെഡ്ഡിന്റെ തറയിൽ കുഴിയെടുത്ത് ചെളിയോ ചാണകമോ കൊണ്ട് മെഴുകിയോ മണൽ വിരിക്കുകയോ ചെയ്തശേഷം അതിനുള്ളിൽ വിത്തു കിഴങ്ങുകൾ നിരത്തിയിട്ട് പാണൽ ഇല കൊണ്ട് മൂടണം.
കിഴങ്ങുകൾ പാണൽ ഇലയിൽ നിരത്തി പുക കൊള്ളിക്കുന്നതും നല്ലതാണ്. ഏപ്രിൽ മാസത്തോടെ മുള പൊട്ടുന്ന പ്രകന്ദം ചെറുകഷണങ്ങളാക്കി നടുവാൻ ഉപയോഗിക്കാം. ഒരേക്കർ സ്ഥലത്തേക്ക് 200 മുതൽ 300 കി.ഗ്രാം പ്രകന്ദങ്ങൾ വേണ്ടിവരും.
നടീലും വിളപരിചരണവും
കാലവർഷാരംഭത്തോടുകൂടി മേയ്-ജൂൺ മാസങ്ങളിലാണ് കച്ചോലം കൃഷിയിറക്കുന്നത്. നിലമൊരുക്കി മഴവെള്ളം നന്നായി വാർന്നു പോകുവാനുതകുന്ന വിധം തടങ്ങൾ എടുക്കണം. തടം നിരപ്പാക്കിയ ശേഷം 20 സെ.മീ. അകലത്തിൽ ചെറിയ കൈക്കുഴികളെടുത്ത് മുള മുകളിലേയ്ക്ക് ആക്കി ഓരോ കുഴിയിലും പ്രകന്ദം നടാം. അതിനു മുകളിലായി കാലിവളവും എല്ലുപൊടിയും ഇട്ട് മുടിയ ശേഷം തവാരണകൾ ചപ്പുചവറുകൾ കൊണ്ട് പുതയിടണം.
അടിവളമായി ഏക്കറൊന്നിന് 8 ടൺ കാലിവളവും 20 കി.ഗ്രാം എല്ലുപൊടിയും വേണ്ടിവരും. ആവശ്യാനുസരണം കളകൾ നീക്കം ചെയ്യണം. ഒന്നര മാസത്തിലും മൂന്നു മാസത്തിലും കളയെടുത്ത ശേഷം ഏക്കറൊന്നിന് 12 കി.ഗ്രാം യൂറിയയും 8 കി.ഗ്രാം പൊട്ടാഷും ചേർത്തശേഷം മണ്ണണയ്ക്കണം. ഇലകൾ വളർന്ന് ഇടസ്ഥലങ്ങൾ നിറഞ്ഞു കഴിഞ്ഞാൽ കളശല്യം ഇല്ലാതാവും
Share your comments