കരിപ്പോട്ടി എഗ്ഗ് അമിനോ ആസിഡ്.
മുട്ട ഉപയോഗിച്ചു വളരെ എളുപ്പം നമുക്കിത് വീട്ടിലുണ്ടാക്കാം. ഫിഷ് അമിനോ ആസിഡ് തയാറാക്കുന്ന അത്ര സമയമോ ചെലവോ എഗ്ഗ് അമിനോ ആസിഡ് തയാറാക്കാന്‍ വേണ്ട.
ആവശ്യമുള്ളസാധനങ്ങള്‍
സാധാരണ ഒരുവീട്ടിലെ അടുക്കളത്തോട്ടത്തിനും ടെറസ് കൃഷിക്കും ഒരു മുട്ട ഉപയോഗിച്ച് തയാറാക്കിയാല്‍ മതി. നാടന്‍ കോഴിയുടെ മുട്ട വേണം ഉപയോഗിക്കാന്‍. നാലോ അഞ്ചോ നാരങ്ങയുടെ നീര്, 50 ഗ്രാം കരിപ്പോട്ടി എന്നിവയാണ് മറ്റു വസ്തുക്കള്‍.
തയാറാക്കുന്ന രീതി
പ്ലാസ്റ്റിക് ജാറാണ് എഗ്ഗ് അമിനോ ആസിഡ് തയാറാക്കാന്‍ ആവശ്യമുള്ള മറ്റൊരു വസ്തു. കുഴിയുള്ള വിസ്താരം അധികമില്ലാത്ത പാത്രമാണ് നല്ലത്. ജാറില്‍ ആദ്യം നാരാങ്ങ നീര് ഒഴിക്കുക. ഇതിനു ശേഷം മുട്ടനീരില്‍ വയ്ക്കുക. മുട്ട മുങ്ങിക്കിടക്കുന്ന അത്ര നീര് വേണം. ഇതിനാല്‍ വിസ്താരം കുറഞ്ഞ പാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 15 ദിവസം ഇത്തരത്തില്‍ പാത്രം അടച്ച് സൂക്ഷിക്കണം. 15 ദിവസത്തിന് ശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക. ശേഷം കരിപ്പോട്ടി ഇതിലേക്ക് ചേര്‍ക്കുക. വീണ്ടും ജാര്‍ അടച്ച് 15 ദിവസം സൂക്ഷിക്കുക. പിന്നീട് തുറന്ന് ഒരു മില്ലി മുതല്‍ മൂന്ന് മില്ലിവരെ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ സ്പ്രേ ചെയ്യാം. പത്ത് ദിവസത്തിലൊരിക്കല്‍ പ്രയോഗിച്ചാല്‍ മതി.
ഗുണങ്ങള്‍
പച്ചക്കറികളില്‍ ഇരട്ടി കായ്കള്‍ ഉണ്ടാകാന്‍ കരിപ്പോട്ടി എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് സഹായിക്കും. പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനും വലിപ്പമുള്ള കായ്കള്‍ ഉണ്ടാകാനും ഇതു സഹായിക്കുന്നു.
കൂടുതൽ അളവിൽ ഉണ്ടാക്കുന്ന വിധം :
തയ്യാറാക്കുന്ന വിധം
15 കോഴിമുട്ടകള്‍ അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീരില്‍ (ഏകദേശം 1 കിലോ നാരങ്ങ) ഇട്ട് ഒരു ഭരണിയില്‍ അടച്ച് 15 – 20 ദിവസം വയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ഇതിന്‍റെ കൂടെ 500 ഗ്രാം കരിപ്പോട്ടി ഉരുക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക.2 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ പച്ചക്കറികള്‍ക്കും 5 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ വാഴകള്‍ക്കും ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുക്കാവുന്നതാണ്.
Share your comments