നടീൽ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ കായികവളർച്ചയോടൊപ്പം തന്നെ പുഷ്പങ്ങളും ഉണ്ടാകുന്ന ഒരു വളർച്ചാശൈലിയാണ് കർപ്പൂരതുളസിക്കുള്ളത്. വിത്ത് ചെറുതാണ്. വിത്ത് ശേഖരിക്കുന്നത് വളരെ എളുപ്പമാണ്. പൂങ്കുല ഒന്നായി പറിച്ചെടുത്ത് ഉണക്കുക. ചെടിയിൽ നിന്നു തന്നെ കരിഞ്ഞു മൂത്താൽ പൊഴിയാൻ ഇടയുണ്ട്. വിത്തുകൾ പറിച്ച് തുണിയിൽ മൂടി സൂര്യ പ്രകാശത്തിൽ ആറു ദിവസം ഉണക്കുക. അതു കഴിഞ്ഞ് നിഴലിൽ തുറന്നു വച്ച് കാറ്റടി കൊള്ളിച്ച് പാകപ്പെടുത്തുക. വിത്തിന് വിശ്രമം ആവശ്യമില്ല. പുതുവിത്ത് കൂടുതൽ ഊർജത്തോടെ മുളയ്ക്കും. രണ്ടു മാസത്തിനു ശേഷം അങ്കുരണശേഷി നാൽപ്പതു ശതമാനത്തിലേറെ കുറയുന്നു.
കൃഷി
വീട്ടുവളപ്പിലെ സാഹചര്യങ്ങളിൽ രണ്ടു രീതിയിൽ തുളസി കൃഷി ചെയ്യാം. ഒന്ന് അടിസ്ഥാനവളം ചേർത്ത് താവരണ തയാറാക്കി നാലിരട്ടി മണൽ ചേർത്ത് വിത്ത് വിതറി വിതയ്ക്കാം. ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാൻ വിത്തിനോടൊപ്പം മണൽ ചേർത്ത് വിതറി വിതയ്ക്കുന്നതു കൊണ്ട് സാധ്യമാവുന്നു. അടിസ്ഥാനവളമായി ഒരു സെന്റിന് 100 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളമോ അതേ അളവിൽ കമ്പോസ്റ്റോ ചേർത്ത് ഒരു മീറ്റർ വീതിയിൽ താവരണകൾ ആവശ്യാനുസരണം നീളത്തിൽ തയ്യാറാക്കുക. തൈ മുളച്ച് ആറില പ്രായമെത്തിയാൽ രണ്ടു ചെടികൾ തമ്മിൽ 25-30 സെ.മീ. അകലം ക്രമീകരിച്ച് നിർത്തിയ ശേഷം അധികമുള്ള തൈകൾ പറിച്ച് കാലേകൂട്ടി മേൽവിവരിച്ച പ്രകാരം തയാറാക്കിയ താവരണകളിൽ നടാം. നേരിട്ടു വിതച്ച് തൻമൂട്ടിൽ നിറുത്തി വളർത്തുന്നതും സാധ്യമാണ്. ചെടികൾ വെള്ളത്തിനും വളത്തിനും വെളിച്ചത്തിനുമായി മൽസരിച്ചാൽ വളർച്ച മന്ദീഭവിക്കും. വിളയുടെ ആയുസ് കുറയും. ചെടികൾ അതിവേഗം പുഷ്പിച്ച് കരിയും.
കൂടുതൽ നാൾ നിർത്തി പരിചരിക്കാൻ പൂങ്കുലകൾ വരുന്ന മുറയ്ക്ക് നുള്ളിക്കളഞ്ഞാൽ കായിക വളർച്ച മെച്ചപ്പെടും. ഇടയ്ക്ക് വളർച്ച ക്രമപ്പെടുത്താനും അധികരിക്കാനും ശാഖകളും തലക്കങ്ങളും അരിഞ്ഞെടുത്ത ശേഷം ചാരവും കാലിവളവും ചേർത്ത മിശ്രിതം ഒരു ച.മീറ്ററിന് 2 കിലോ എന്ന തോതിൽ മേൽമണ്ണിൽ ചെടികൾക്കിടയിൽ വിതറി ഇളക്കിച്ചേർക്കുക. പത്തിരട്ടി നേർപ്പിച്ച ഗോമൂത്രം കൊണ്ട് നനയ്ക്കുന്നത് കർപ്പൂരതുളസിക്ക് പഥ്യമാണ്.
സസ്യസംരക്ഷണം
കൃമിനാശിനിയും ചില സാഹചര്യങ്ങളിൽ കീടനാശിനിയായിപ്പോലും പ്രവർത്തിക്കുന്ന കർപ്പൂരതുളസിക്കും കീടങ്ങളും രോഗങ്ങളും ചിലപ്പോൾ കാണാറുണ്ട്. ഇവയിൽ സർവപ്രധാനം മീലിമൂട്ടയാണ്. നീരൂറ്റിക്കുടിച്ച് ഇലയും ഇളംതണ്ടും വാടിക്കരിയുന്നു. സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ കട്ടിയുള്ള കഞ്ഞിവെള്ളം ഒരു ലിറ്ററിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു കപ്പ് ഗോമൂത്രവും ചേർത്ത് ഒരു ലിറ്റർ വെള്ളം നേർപ്പിച്ച് തളിയ്ക്കുക. ചാറൂറ്റിക്കുടിക്കുന്ന ഇലപ്പേനുകൾക്കും മീലിമൂട്ടകൾക്കും ഫലപ്രദമായ മറ്റൊരു പ്രതിവിധി പനിക്കൂർക്കയുടെ ഇല ചതച്ച് പിഴിഞ്ഞ നീര് ഒരുനുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് തളിക്കുക. മരുന്നിന് വേണ്ടി ഉള്ളിൽ കഴിക്കുന്ന തുളസിയിൽ മറ്റ് കീടനാശിനികളോ കളനാശിനികളോ പ്രയോഗിക്കാൻ പാടില്ല.
Share your comments