130 ദിവസത്തോളം മാത്രം വളർച്ചാകാലമുള്ള ഒരു ഹ്രസ്വകാല ഔഷധവിളയാണ് കിരിയാത്ത്. മഞ്ഞപ്പിത്തത്തിനും മലമ്പനിക്കും കരൾ സംബന്ധമായ രോഗങ്ങൾക്കും വിരശല്യത്തിനും ആമാശയ രോഗങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഔഷധങ്ങളുടെ തയാറെടുപ്പിന് ഔഷധനിർമാതാക്കൾക്കും ഗൃഹൗഷധങ്ങളുടെ തയാറെടുപ്പിനും കിരിയാത്ത് ആവശ്യമായി വരുന്ന ഒരു വിശിഷ്ടമായ ഔഷധിയാണ്.
ശ്രീലങ്കയിലും ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇന്ത്യയിൽ മദ്ധ്യപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, അസം, ആന്ധാ പ്രദേശ് കേരളം, തമിഴ്നാട് അതിർത്തികൾ എന്നിവിടങ്ങളിൽ നൈസർഗികമായി വളരുന്ന ഒരു ഔഷധിയാണ്. കൃഷി ചെയ്യാൻ വളരെ എളുപ്പം.
മണ്ണും കാലാവസ്ഥയും എല്ലാത്തരം മണ്ണിലും വളരും. ജൈവാംശം കൂടുതലുള്ള പുഴയോരങ്ങളിലും എക്കൽ അടിയുന്ന സമതലങ്ങളിലും കണ്ടൽ പ്രദേശങ്ങളുടെ തുടർച്ചയായുള്ള കരപ്പുറം ഭൂമിയിലും നന്നായി വളരും. ജലാംശം കുറവുള്ള സ്ഥലങ്ങളിൽ കാലേകൂട്ടി പുഷ്പങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ സാഹചര്യത്തിൽ വിളകാലം 120 ദിവസത്തിന് താഴെയാകാനാണ് സാധ്യത. നേരിയ തണലിലും വളരും.
കൃഷികാലം
വർഷകാലവിളയാണ് കിരിയാത്ത്. മഴയെ ആശ്രയിച്ച് കൃഷി നടത്തുമ്പോൾ ജൂൺ-ജൂലായ് മാസമാണ് കൃഷി ഇറക്കുക. ഔഷധ കൃഷി തൊഴിലായി സ്വീകരിച്ചിട്ടുള്ളവർക്കും ഔഷധനിർമാതാക്കൾക്കും കാലഭേദമെന്യേ കൃഷിയിറക്കാം. ജലസേചന സൗകര്യമുണ്ടായിരിക്കണമെന്നു മാത്രം. അങ്ങനെയുള്ള സ്ഥലങ്ങളിൽ വിളവെടുപ്പുകാലം 120-130 ദിവസം വരെയാണ്. കൂടുതൽ മണലടങ്ങിയ പ്രദേശങ്ങളിൽ മൂപ്പ് കുറയുന്നതായും കാണുന്നു.
പ്രജനനം
വിത്തിലൂടെയാണ് പ്രജനനം. കൂടുതൽ സ്ഥലസൗകര്യമുള്ള വീട്ടു വളപ്പുകളിൽ വിതറി വിതച്ചാൽ കാര്യമായ ഒരു പരിചരണവുമില്ലാതെ ഇട തൂർന്ന് വളർന്നുപൊന്തുന്ന വളർച്ചാശൈലിയുള്ള ഒരു വർഷകാല ഔഷധ വിളയാണ്.
കൃഷിരീതി
ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണ തയാറാക്കി, വിത്ത് വിതറി വിതയ്ക്കാം. മഴയെ ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ മേയ് പകുതി കഴിഞ്ഞാൽ വിതറി വിതച്ച് ആദ്യമഴയോടെ തന്നെ ഭൂമിയിൽ ആദ്യം മുളയ്ക്കുന്നത് "കിരിയാത്ത്' ആയിരിക്കും. വിത്ത് വലിപ്പം കുറവാകയാൽ വിതറി വിതയ്ക്കുമ്പോൾ അകലം ക്രമീകരിക്കാൻ നേർമയുള്ള മണൽ നാലിരട്ടിയോളം വിത്തിനൊപ്പം ചേർത്ത് വ്യാപ്തി വർധിപ്പിച്ച് വിതയ്ക്കുന്നതിന് ശുപാർശയുണ്ട്.
കൃത്യമായ അകലത്തിൽ ഞെരുക്കി വിതച്ചാൽ മറ്റ് യാതൊരു സസ്യത്തിനും കിരിയാത്ത് വളരുന്ന താവരണയിൽ പിന്നെ സ്ഥാനമില്ല. ഇത് ഒരു സ്വയം കള നിയന്ത്രണതന്ത്രമായി ഔഷധികർഷകർക്ക് ശീലിക്കാം. കളയെടുപ്പോ മറ്റു പരിചരണങ്ങളോ ഫലപുഷ്ടിയുള്ള മണ്ണിൽ ആവശ്യമില്ല. മുറിച്ചുവിട്ടാൽ ചെടികൾ വീണ്ടും മുളയ്ക്കും. പക്ഷേ ഈ രീതി അത്ര മെച്ചമുള്ളതല്ല. പുഷ്പിക്കുന്നമുറയ്ക്ക് പിഴുതെടുത്ത് ഉണക്കി ഔഷധാവശ്യത്തിനുപയോഗിക്കാം.
വിത്തുവിതച്ച് 20-25 ദിവസത്തിനുള്ളിൽ പറിച്ചു നടുന്ന രീതിയും അവലംബിക്കാം. മഴ കുറഞ്ഞ സ്ഥലങ്ങളിൽ കൃഷിയിറക്കുമ്പോൾ നന വേണ്ടി വരും. വീട്ടുവളപ്പിൽ ഓരം ചേർത്ത് മറ്റു വിളകൾക്ക് തടസ്സമില്ലാതെ വളർത്താവുന്ന ഒരു ഹ്രസ്വകാല ഔഷധവിളയാണ് കിരിയാത്ത്
Share your comments