നമ്മുടെ മണ്ണിന് പൊതുവെ അമ്ലത്വഗുണം കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെ മഞ്ഞകലര്‍ന്ന തവിട്ട് നിറമുള്ളതാണ് തീരദേശമണ്ണ്. ഇതില്‍ മണല്‍ച്ചേരുവ കൂടുതലായതിനാല്‍ ഫലഭൂയിഷ്ടി പൊതുവെ കുറവാണ്. നദീതടങ്ങളുടെയും പുഴകളുടെയും തീരത്ത് കാണുന്ന ജൈവാംശവും ഫലഭൂയിഷ്ടിയുള്ളതുമായ മണ്ണാണ് എക്കല്‍മണ്ണ്.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമുദ്രനിരപ്പില്‍ താഴെക്കാണുന്ന ചതുപ്പ് നിലങ്ങളിലെ മണ്ണാണ് കറുത്തമണ്ണ്. പ്രധാനമായും നെല്‍കൃഷിക്ക് ഇത് അനുയോജ്യമാണ്. ഇടനാടുകളില്‍ കാണുന്ന ചരല്‍ച്ചേരുവയുള്ള മണ്ണാണ് വെട്ടുകല്ല്മണ്ണ്. ചെമ്മണ്ണ് തെക്കന്‍ കേരളത്തിലെ തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലുമാണ് കാണുന്നത്. മലയോരപ്രദേശങ്ങളിലാണ് മലയോരമണ്ണ്. പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ വ്യാപകമായി കണ്ടുവരുന്നതാണ് കറുത്ത പരുത്തിമണ്ണ്. ക്ഷാരഗുണം കൂടുതലുള്ള ഈ മണ്ണ് കരിമ്പ്, നെല്ല്, പരുത്തി എന്നീ വിളകള്‍ക്ക് അനുയോജ്യമാണ്.
സസ്യജാലങ്ങളുടെ മാതാവാണ് മണ്ണ്. അമ്മയുടെ ആരോഗ്യപരിപാലനം നമ്മുടെ കടമയാണ്. പാത്രം അറിഞ്ഞ് ദാനം ചെയ്യണം എന്ന് പറയുന്നതുപോലെ മണ്ണ് അറിഞ്ഞ് നമ്മള്‍ വളം ചെയ്യുകയും കീടനാശിനി പ്രയോഗം ചെയ്യുകയും കൃഷി ഇറക്കുകയും ചെയ്താല്‍ മാത്രമേ മെച്ചമായ വിള ലഭിക്കൂ. വടക്കുകിഴക്കന്‍ മണ്‍സൂണില്‍ നിന്ന് കേരളത്തില്‍ ആകമാനം ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് വലിയതോതില്‍ ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. നമ്മുടെ മണ്ണിന്റെ ആരോഗ്യഘടന നിലനിര്‍ത്താന്‍ പതിനേഴോളം പോഷകമൂലകങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സിയം, മഗ്നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, സിങ്ക്, ബോറോണ്‍, ക്ലോറിന്‍, നിക്കല്‍, മോളീബഡ്‌നം. ഇതില്‍ 14 മൂലകങ്ങളും സസ്യങ്ങള്‍ക്ക് ലഭിക്കുന്നത് മണ്ണില്‍ നിന്ന് നേരിട്ടാണ്. ജലത്തില്‍ നിന്ന് ആവശ്യമായ ഹൈഡ്രജനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍, ഓക്‌സിജന്‍ എന്നിവയും ലഭിക്കുന്നു. ഇവയില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വിളകള്‍ക്ക് കൂടുതല്‍ ആവശ്യം ഉള്ളതായതിനാല്‍ ഇവയെ പ്രാഥമിക മൂലകങ്ങളായിട്ടാണ് പരിഗണിക്കുന്നത്. മറ്റുള്ളവ ദ്വിതീയ മൂലകവും സൂക്ഷ്മ മൂലകങ്ങളുമാണ്.
നമ്മുടെ മണ്ണില്‍ അമ്ലത്വഗുണം ഉള്ളതുകൊണ്ട് മണ്ണിന്റെ പി.എച്ച്. മൂല്യം നിര്‍ണ്ണയിച്ച് കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. കുമ്മായം ഇട്ടുകഴിഞ്ഞാല്‍ കുറഞ്ഞത് രണ്ട് ആഴ്ചത്തേക്ക് രാസവളപ്രയോഗം നടത്താതിരിക്കണം. പിന്നീട് ചാണകവും കമ്പോസ്റ്റ് വളങ്ങളും നല്‍കാം. ഫോസ്ഫറസ് കൂടുതലുള്ള സ്ഥലങ്ങളില്‍ എല്ലുപൊടിയുടെയും ഫാക്റ്റംഫോസിന്റെയും അളവ് കുറയ്ക്കണം. നമ്മുടെ മണ്ണില്‍ പൊട്ടാസ്യത്തിന്റെ അളവ് പലതരത്തില്‍ പെട്ടന്ന് കുറയുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് ഇത് നല്‍കുന്നത് നല്ലതാണ്. കേരള കാലാവസ്ഥയില്‍ മഗ്നീഷ്യം മണ്ണില്‍ വളരെ കുറവാണ് കാണുന്നത് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏക്കറിന് 30 കിലോ വീതം മഗ്നീഷ്യം കൃഷിവകുപ്പ് ശുപാര്‍ശചെയ്യുന്നു. മണ്ണ് ഏതായാലും വിള ഏതായാലും മണ്ണ് പരിശോധനാ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് ഉത്തമവിള ലഭിക്കാനുള്ള മാര്‍ഗ്ഗം. മണ്ണ് പരിശോധനയിലൂടെ വിളകള്‍ക്ക് ആവശ്യമായ പോഷകമൂലകങ്ങളെ തിരിച്ചറിയാനാകും. അതിന്‍പ്രകാരം നമുക്ക് വളങ്ങളും മറ്റ് പരിപാലനമാര്‍ഗ്ഗങ്ങളും സ്വീകരിക്കാനും കഴിയും.
പോഷകമൂലകങ്ങളുടെ കുറവ് മനസ്സിലാക്കി നമുക്ക് രാസവളപ്രയോഗം നല്‍കാനും കഴിയുന്നു. പരിശോധന ഇല്ലാതെ നടത്തുന്ന രാസവളപ്രയോഗങ്ങള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. മണ്ണിന് ആവശ്യമായ മൂലകങ്ങളുടെ ഏറ്റക്കുറച്ചില്‍ ഉല്‍പ്പാദനത്തെ ബാധിക്കും. തന്നെയുമല്ല രോഗ-കീടശല്യം വര്‍ദ്ധിക്കുകയും ഒരു പരിധിവരെ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. മണ്ണിന്റെ അമ്ലക്ഷാരഗുണങ്ങളെ ക്രമീകരിക്കാനും മണ്ണ് പരിശോധനയിലൂടെ നമുക്ക് സാധിക്കും.
Share your comments