മാങ്ങാഇഞ്ചി, പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ വിളയാണ്. പക്ഷെ എന്നാൽ പേര് പോലെ മാവുമായോ ഇഞ്ചിയുമായോ ഈ വിളയ്ക്ക് യാതൊരു സാമ്യമോ ബന്ധമോ ഇല്ലെന്നതാണ് ഏറെ രസകരം. മാങ്ങയിഞ്ചിക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത് കേരളത്തിൻ്റെ കാലാവസ്ഥയില്‍ എവിടെ വേണമെങ്കിലും മാങ്ങയിഞ്ചി നടാം.
പ്രാരംഭ കാലവർഷം ലഭിക്കുന്ന ഏപ്രിൽ അവസാനമോ മേയ് ആദ്യമോ മാങ്ങായിഞ്ചി നടാവുന്നതാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തന്നെ കൃഷി ആരംഭിക്കാവുന്നതാണ്. തടങ്ങൾ തയ്യാറാക്കിയാണ് മാങ്ങായിഞ്ചി സാധാരണയായി കൃഷി ചെയ്യുന്നത്. വരികൾ തമ്മിൽ 30 സെ.മീറ്ററും വരികൾക്കുള്ളിൽ 25 സെ. മീറ്ററും അകലത്തിൽ 4-5 സെ. മീ. ആഴത്തിൽ വിത്ത് നടുക. ജലസേചനത്തെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോൾ ചെറിയ പണകൾ 20 മി. അകലത്തിലും സൗകര്യപ്രദമായ നീളത്തിലും തയ്യാറാക്കി പണകളിൽ മാങ്ങായിഞ്ചി നടാവുന്നതാണ്. ഇഞ്ചി, മഞ്ഞൾ, കച്ചോലം എന്നിവ നടുന്നതു പോലെയാണ് ഇവയുടേയും നടീൽ
ഏക്കറൊന്നിന് 600 കി.ഗ്രാം വിത്ത് ആവശ്യമാണ്. ഏക്കറൊന്നിന് 10-15 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ അടിവളമായി തടങ്ങൾ തയ്യാറാക്കുമ്പോൾ തന്നെ മണ്ണിനോട് ചേർക്കുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കുന്നു. ഏക്കറൊന്നിന് 12 കി.ഗ്രാം പാക്യജനകവും 12 കി.ഗ്രാം ഭാവഹവും 24 കി.ഗ്രാം ക്ഷാരവും അടിവളമായും, 8 കി.ഗ്രാം പാക്യജനകം ഒരു മാസത്തിനു ശേഷവും 4 കി.ഗ്രാം പാക്യജനകവും 12 കി.ഗ്രാം ക്ഷാരവും രണ്ടാം മാസത്തിലും ചേർക്കേണ്ടതാണ്.
വിത്തിട്ടശേഷം തടങ്ങളിൽ ഏക്കറൊന്നിന് 6 ടൺ എന്ന തോതിൽ പച്ചിലകൊണ്ട് പുതയിടണം. 50 ദിവസം കഴിയുമ്പോൾ വീണ്ടും ഇതേ അളവിൽ പുതയിടേണ്ടതാണ്. ചിതലിന്റെ ആക്രമണം ഉള്ളപ്പോൾ കീടനാശിനിപ്പൊടി തടങ്ങളിൽ വിതറി ചിതലിനെ നിയന്ത്രിക്കേണ്ടതാണ്. നട്ട് മൂന്നു നാല് ആഴ്ചയ്ക്കകം വിത്ത് മുളച്ച് മുളകൾ പുറത്തുവന്നു തുടങ്ങും. കളകളുടെ തോതനുസരിച്ച് ആവശ്യാനുസരണം കളനിയന്ത്രണം നടത്തേണ്ടതാണ്.
Share your comments