
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ മാവ് കൃഷിചെയ്യുന്നവർക്കു പ്രതീക്ഷയാവുകയാണ് സങ്കരമാവിനമായ ‘അർക്ക സുപ്രഭാത്’ ബെംഗളൂരുവിലെ ഇന്ത്യൻ ഹോർട്ടികൾച്ചർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഈ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകൾ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
അർക്ക അമ്രപാലി, അർക്ക അൻമോൾ എന്നീ ഇനങ്ങളുടെ സങ്കരണത്തിലൂടെയാണ് ഇതുവികസിപ്പിച്ചത്. അധികം ഉയരംവെക്കാത്ത അർക്ക സുപ്രഭാത് എല്ലാസീസണിലും മുടങ്ങാതെ കായ്ക്കുന്ന സ്വഭാവമുള്ളതാണ്.
ഗ്രാഫ്റ്റ് നട്ട് നാലാംവർഷംമുതൽ ഒരുമാവിൽനിന്ന് 40 കിലോയോളം മാങ്ങ വിളവെടുക്കാം. ഒരു മാങ്ങയ്ക്കു 250 ഗ്രാമോളം ഭാരം വരും. ചില മാവിനങ്ങളിൽ കാണുമ്പോലെ സ്പോഞ്ചുപോലെയാകാത്ത ഉൾക്കാമ്പിനു ഓറഞ്ചുനിറമാണ്.
10 ദിവസംവരെ സാധാരണ താപനിലയിൽ സൂക്ഷിക്കാം. പഴമായും സംസ്കരണത്തിനും അനുയോജ്യമാണ്. മാങ്ങയിൽ 70 ശതമാനംവരെ പൾപ്പുണ്ടാവും. 100 ഗ്രാം പൾപ്പിൽ 8.35 മില്ലിഗ്രാം കരോട്ടിനോയിഡുകളും 9.91 മില്ലിഗ്രാം ഫ്ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്.
മറ്റിനങ്ങളെ അപേക്ഷിച്ച് നടീൽകാലം കുറച്ചുമതിയാവും. 5x5 മീറ്റർ അകലത്തിൽ ഒരേക്കറിൽ 160 ഗ്രാഫ്റ്റുകൾ നടാം. അർക്ക സുപ്രഭാതിന്റെ ഗ്രാഫ്റ്റുകൾക്ക് 08023086100 ( Ext. 295 ) എന്ന ഫോൺനമ്പറിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടാം.
മെയിൽ: [email protected]. ഇൻസ്റ്റിറ്റ്യൂട്ട് നേരിട്ടുമാത്രമേ ഇതിന്റെ തൈകൾ ഇപ്പോൾ ലഭ്യമാക്കുന്നുള്ളൂ.
Share your comments