സെപ്റ്റംബർ-ഡിസംബർ മാസങ്ങളാണ് നീല അമരിയുടെ പൂക്കാലം നവംബർ-ഫെബ്രുവരി കാലങ്ങളിൽ കായ്കൾ ലഭ്യമാകും. വിളഞ്ഞു പാകമായ കായ്കൾ പറിച്ചെടുത്ത് നേരിയ തുണിയിൽ പൊതിഞ്ഞ് ആറു ദിവസം സൂര്യതാപമേൽപ്പിക്കുക. തുടർന്ന് അവ പൊട്ടിച്ച് തണലിൽ 2 ദിവസം ഉണക്കുക. വിത്തിന് വിശ്രമം ആവശ്യമില്ല. പുതുവിത്ത് വിതയ്ക്കാൻ യോഗ്യമാണ്. യഥാസമയം കായ്കൾ ചെടിയിൽ നിന്നും പറിച്ചെടുത്ത് വിത്തു സംഭരിക്കുന്നതാണ് ബീജാങ്കുരണത്തിന് ശേഷി കൂട്ടുന്നത്.
വിത്തു പരിചരണം
നീലഅമരിയുടെ വിത്ത് വളരെ ചെറുതാണ്. പക്ഷേ, വിത്തിന്റെ പുറം തോട് കട്ടികൂടിയതാണ്. പുറംതോട് ഭ്രൂണത്തിന് കേടുകൂടാതെ പൊളിക്കുകയോ തെല്ല് മയപ്പെടുത്തുകയോ ചെയ്യുന്നത് കൃത്യമായ ബീജാങ്കുരണത്തിന് സഹായിക്കുമെന്ന് കേരള കാർഷിക സർവകലാശാലയുടെ ശുപാർശയിൽ പറയുന്നു. ഇതിന് രണ്ടുരീതികൾ അവലംബിക്കാം. ഒന്ന്, വിത്ത് പരുക്കൻ മണലുമായി കൂട്ടിയിളക്കി മെല്ലെ തിരുമ്മുക. ഇത് ഭ്രൂണത്തിന് കേടുകൂടാതെ വിത്തിന്റെ കാഠിന്യമുള്ള തോടിന് മുറിവുണ്ടാക്കും. ഇതു പോലെ തിളച്ച വെള്ളത്തിൽ ഒരു നിമിഷ നേരം മുക്കിയെടുത്താലും വിത്തിന്റെ കടുത്ത ആവരണം. അയഞ്ഞു കിട്ടുമത്രേ. ഇതിനുശേഷം ഉടൻ തണുത്ത വെള്ളത്തിലിട്ട് തണലിൽ കാറ്റടി കൊള്ളിച്ച് ഉടനെ വിതയ്ക്കാം.
വിതയും നുരിയിടിലും
ചെറിയ വിത്തായതിനാൽ പൂഴിമണൽ സമംചേർത്തിളക്കി വിതറി വിതയ്ക്കുന്നതാണ് രീതി. ചെടികൾ തമ്മിൽ ചുരുങ്ങിയത് 30 സെ.മീറ്ററെ ങ്കിലും അകലമുണ്ടായിരിക്കണം. വിത്ത് വിതച്ച് നേരിട്ട് വളർത്തുന്ന രീതിയാണ് അഭികാമ്യം. നിലത്തുനിന്നും 25 സെ.മീറ്റർ ഉയരം ക്രമീകരിച്ച ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ ഉയർന്ന താവരണകൾ തയാറാക്കുക. സൂര്യപ്രകാശം ലഭ്യമാക്കുകയെന്നതാണ് സർവപ്രധാനം. അടിവളമായി ഒരു ച.മീറ്റർ തടത്തിൽ രണ്ടുകിലോ ഉണങ്ങി പ്പൊടിഞ്ഞ കാലിവളം ചേർത്തിളക്കുക.
ഒരു മീറ്റർ x ഒരു മീറ്റർ, അതായത് ചെടികൾ തമ്മിൽ ഒരു മീറ്ററും വരികൾ തമ്മിൽ ഒരു മീറ്ററും അകലം ക്രമീകരിച്ച്, വിത്ത് നുള്ളി നടുന്നത്. പ്രായോഗികമാണ് (നുരിയിടൽ). വിത്ത് ഒരു സെ.മീറ്ററിൽ കൂടുതൽ താഴാൻ പാടില്ല. വിത അഥവാ നൂരി ഇടീൽ കഴിഞ്ഞ് ശ്രദ്ധാപൂർവം നേരിയ പടലം മണൽ നിരത്തി ലോലമായി അമർത്തുക.
ഏഴുദിവസത്തിനുള്ളിൽ തൊണ്ണൂറുശതമാനം വിത്തും മുളച്ചു കിട്ടും. പോളിത്തീൻ കവറിൽ ഇളക്കി നട്ട് വീണ്ടും പ്രധാന പറമ്പിൽ നടുന്ന രീതി ചില തോട്ടങ്ങളിൽ അനുവർത്തിക്കാറുണ്ട്. തൈകൾ വിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഈ രീതി ഫലപ്രദമാകുക. വീട്ടുവളപ്പിൽ നീല അമരി കൃഷി ചെയ്യാൻ നൂരിയിടീൽ രീതിയാണ് മെച്ചം. കൃഷി തുടങ്ങാൻ ഏറ്റവും പറ്റിയ കാലം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ്.
Share your comments