കല്പരസയിൽ ഏകദേശം 15% പഞ്ചസാരയും നല്ല തോതിൽ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെ പല തരത്തിലുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാം. പുതുതായി ശേഖരിച്ച ശുദ്ധമായ നീര 115 ഡിഗ്രി സെൽഷ്യസ് ഊഷ്‌മാവിൽ ചൂടാക്കി ജലാംശം ബാഷ്‌പീകരിച്ച് കളഞ്ഞാണ് നാളികേര, ചക്കര, തേൻ എന്നീ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ചൂടാക്കുമ്പോൾ ലഭിക്കുന്ന താരതമ്യേന കട്ടിയുള്ള, ചൂടുള്ള കൊഴുത്ത ദ്രാവകം (Brix 60°- 70°) തണുപ്പിക്കുമ്പോഴാണ് നാളികേര തേൻ അല്ലെങ്കിൽ സിറപ്പ് ലഭ്യമാകുന്നത്.
വീണ്ടും ചൂടാക്കുമ്പോൾ ഇത് കൂടുതൽ കട്ടിയുള്ളതും കൊഴുത്തതുമായു മാറുന്നു. അത് വളയം പോലെയുള്ള സ്റ്റീൽ അച്ചുകളിൽ ഒഴിച്ച് ക്രമേണ തണുത്താറുമ്പോൾ ചക്കരയായി മാറുന്നു. കട്ടിയുള്ള സിറപ്പ് വീണ്ടും ചൂടാക്കു മ്പോൾ അത് പഞ്ചസാര തരികളായി മാറുന്നു. പാത്രത്തിന്റെ അടിയിൽ കരിഞ്ഞുപിടിക്കാതെ തുടരെ ഇളക്കി ക്കൊണ്ടായിരിക്കണം ഇത് വീണ്ടും ചൂടാക്കുന്നത്. തരി രൂപത്തിലായി കഴിഞ്ഞാൽ ഉടനെ തന്നെ തണുപ്പിക്കുന്നു. തണുപ്പിക്കുന്ന സമയത്ത് തുടരെ ഇളക്കി കൊടുക്കുന്നത് കട്ട ഉടഞ്ഞ് പൂർണ്ണമായും തരി രൂപത്തിലാകുന്നതിന് സഹായിക്കുന്നു. ഗുണമേന്മയുള്ള ഉത്പന്നം തരികളാക്കി വേർതിരിച്ചെടുക്കാം. മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാ റാക്കുന്നതിന് ഈ പഞ്ചസാര അരിച്ചെടുത്ത് ഉപയോഗിക്കാം.
മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന് തുറന്ന പാത്രത്തിൽ പരമ്പരാഗത രീതിയിലെ ചൂടാക്കലും ബാഷ്‌പീകരിക്കലും വളരെ ക്ലേശകരമാണ്. തന്നെയുമല്ല, കൃത്യമായി ചൂട് ക്രമീകരിച്ചു നിർത്താൻ കഴിയാത്തതു കൊണ്ട് ഉത്പന്നത്തിൻറെ ഗുണമേന്മയെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. ഇരട്ടഭിത്തിയുള്ള, ഭിത്തി കൾക്കിടയിലുള്ള സ്ഥലത്ത് എണ്ണ നിറച്ച സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ട് നിർമ്മിതമായ ഒരു കുക്കർ ഉപയോഗിച്ച് നീര ഒരുപോലെ കൃത്യമായി ചൂടാക്കാനും ഉയർന്ന ഗുണ മേന്മയുള്ള ഉത്പന്നങ്ങൾ തയ്യാറാക്കാനും കഴിയും. ഗുണ മേന്മയുള്ള ശുദ്ധമായ കല്‌പരസയാണ് നാളികേര പഞ്ച സാര തയ്യാറാക്കാൻ ആവശ്യം. ഗുണമേന്മ കുറഞ്ഞ കല്‌പരസ കുറഞ്ഞ അളവിൽ കലർന്നാൽ പോലും അത് ഉത്പന്നത്തിന്റെ ഗുണമേന്മയെ ബാധിക്കും.
ഗുണമേന്മ ഉള്ളതാണെങ്കിൽ മാത്രമേ പഞ്ചസാരയുടെ ഉത്പാദനക്ഷമതാ അനുപാതം ഏഴു ലിറ്റർ കല്‌പരസയ്ക്ക് ഒരു കിലോ പഞ്ചാസാര എന്ന നിലയിൽ സാധ്യമാകൂ. എന്നാൽ ഗുണമേന്മ അല്പംകുറഞ്ഞ കല്‌പരസയിൽനിന്നും നാളികേര ചക്കരയും തേനും തയ്യാറാക്കാൻ പറ്റും. 5 ലിറ്റർ കല്‌പരസയിൽ നിന്നും ഒരു കിലോ തേൻ ലഭ്യമാകും. നാളികേര പഞ്ചസാര കോക്കനട്ട് പാം ഷുഗർ, കോക്കോഷുഗർ, കോക്കോ സാപ്പ് ഷുഗർ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. കരിമ്പിൻ പഞ്ചസാര ഊർജ്ജം മാത്രം പ്രദാനം ചെയ്യുമ്പോൾ നാളികേര പഞ്ചസാര ഉയർന്ന അളവിൽ ധാതുലവണങ്ങൾ പ്രധാനം ചെയ്യുന്നു.
ഭാവഹം, മഗ്നീഷ്യം, നാകം, ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ സ്രോതസ് കൂടിയാണ് നാളികേര പഞ്ചസാര. കരിമ്പിൽനിന്ന് തയ്യാറാക്കുന്ന ബ്രൗൺഷുഗറുമായി താരതമ്യം ചെയ്യുമ്പോൾ നാളികേര പഞ്ചസാരയിൽ ഇരുമ്പ് ഇരട്ടി അളവിലും മഗ്നീഷ്യം നാലുമടങ്ങും നാകം പത്ത് മടങ്ങും കൂടുതൽ ഉണ്ട്. മാംസ്യ നിർമ്മിതിക്കാവശ്യമായ എല്ലാ അവശ്യ അമിനോ അമ്ലങ്ങളും ഉണ്ടെന്ന് മാത്രമല്ല, ബി കോംപ്ലക്സ് വിറ്റാമിനുകളായ ബി-1, ബി-2, ബി-3, ബി-4 എന്നിവയാൽ നാളികേര പഞ്ചസാര സമ്പന്നവുമാണ്.
Share your comments