മുളയുൽപ്പന്നരംഗത്തെ പൊതുമേഖലാ വ്യവസായസ്ഥാപനമായ ബാംബൂ കോർപ്പറേഷൻ പുത്തൻ ടൈലുകൾ പുറത്തിറക്കി. നിലവിലെ ടൈലുകളിൽനിന്ന് വ്യത്യസ്തമായി ആര്യവേപ്പിന്റെ തടി, പനമ്പ് എന്നിവ സംയോജിപ്പിച്ചാണ് പുതിയ ടൈൽ നിർമിച്ചത്. 'ബാംബൂ നീം ടൈൽ' എന്ന പേരിലാണ് ഉത്പന്നം വിപണിയിലെത്തുക.
രോഗാണുക്കൾ നിലനിൽക്കാത്തതും വാതരോഗം പോലുള്ളവയ്ക്ക് ഏറെ ഗുണപ്രദവുമായ നീം ടൈലുകൾ കുറഞ്ഞ വിലയും കൂടിയ ഗുണമേന്മയുള്ളതുമാണ്.
ഒരു ചതുരശ്രയടിക്ക് 250 രൂപയാണ് വില. മരം കൊണ്ട് ടൈൽ ഇടാൻ ഒരു ലക്ഷം രൂപ വരുന്നിടത്ത് 25,000 രൂപ മാത്രമാണ് ബാംബുവിൽ ചെലവ് വരിക.
ആറ് ലെയർ പനമ്പിന്റെ കൂടെ ആറ് ലെയർ വേപ്പിന്റെ തടിയും ചേർത്ത് മെഷീൻ പ്രസ് ചെയ്താണ് ടൈലുകൾ നിർമിക്കുന്നത്. ഇത്തരത്തിൽ 16 മില്ലിമീറ്ററോളം കനത്തിൽ ടൈലുകൾ ലഭിക്കും. പ്രത്യേക രീതിയിൽ പോളിഷ് ചെയ്യുന്നതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നമില്ല.
പനമ്പ് ലഭ്യത കുറഞ്ഞതോടെയാണ് മറ്റ് തടികളും ചേർത്ത് ടൈലുകൾ നിർമിക്കാൻ കോർപ്പറേഷൻ ഒരുങ്ങിയത്.
വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇത്തരം ടൈലുകൾ ഏറെ അനുയോജ്യമാണ്. തേക്ക് ഉൾപ്പെടെ വിവിധ മരത്തടികൾ പനമ്പുമായി ചേർത്ത് വ്യത്യസ്ത മെറ്റീരിയലുകൾ നിർമിക്കാൻ പദ്ധതിയുണ്ട്. എട്ട് മണിക്കൂറിൽ 1,000 ചതുരശ്രയടി ടൈലുകൾ ഉണ്ടാക്കാനുള്ള ശേഷി കോർപ്പറേഷനുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 300 ചതുരശ്രയടി ടൈലുകളാണ് നിർമിച്ചത്. ലോക്‌ഡൗണിനു ശേഷം ടൈലുകൾ വിപണിയിൽ അവതരിപ്പിക്കും.
Share your comments